പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ മെൽ ഗിബ്സന്റെ 1995 ൽ പുറത്തിറങ്ങിയ ‘ബ്രേവ് ഹാർട്ട് ‘ എന്ന സിനിമ കണ്ടവരാരും വില്യം വാലസ് എന്ന സ്കോട്ടിഷ് പോരാളിയെ മറക്കില്ല. എന്നാൽ സിനിമയിലെ പല രംഗങ്ങളും പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്കോട്ടിഷ് കവി ബ്ലൈൻഡ് ഹാരിയുടെ കവിതയായ ‘The Actes and Deidis of the Illustre and Vallyeant Campioun Schir William Wallace’ ൽ നിന്നും കടമെടുത്തതാണ്. ഈ കവിതയിലെ പല ഭാഗങ്ങളും ചരിത്രത്തിലുള്ളതായി തെളിവൊന്നുമില്ല.
1270 ൽ സ്കോട്ട്ലൻഡിലെ Elderslie എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹത്തിന്റെ പിതാവ് അലൻ വാലസ് ആണ്. എന്നാൽ അമ്മയെ പറ്റിയോ മറ്റു കുടുംബവിവരങ്ങളോ ഒന്നും തന്നെ ചരിത്രത്തിൽ പറയുന്നുമില്ല. പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലും പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ബ്രിട്ടീഷ് സൈന്യത്തിനെതിരെ സ്കോട്ട് ലാൻഡിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ വാലസ് 1305 ൽ കൊല്ലപ്പെടുകയായിരുന്നു. 1297 ൽ ആൻഡ്രൂ മുറെ (Andrew Moray) എന്ന സ്കോട്ട് ലാൻഡിന്റെ രാഷ്ട്ര സംരക്ഷകനുമൊത്ത് (Guardian of Scotland – അന്ന് രാഷ്ട്ര നിർമ്മാണത്തിനായി സ്കോട്ട് ലാൻഡിൽ നിയമിക്കുന്ന വ്യക്തി) വാലസ്, ബ്രിട്ടീഷ് രാജാവായ എഡ്വേർഡ് കിംഗിന്റെ സൈന്യത്തെ തോൽപ്പിച്ചു ബ്രിട്ടീഷുകാർക്ക് ആദ്യ തിരിച്ചടി നൽകി. Battle of Stirling Bridge എന്നറിയപ്പെട്ട ഈ യുദ്ധത്തിൽ പരിക്ക് പറ്റിയ മുറെ അധികം താമസിയാതെ വീരചരമം പ്രാപിച്ചു.
തുടർന്ന് Guardian of Scotland ആയി നിയമിക്കപ്പെട്ട വാലസിന് തൊട്ടടുത്ത വർഷം (1298 ) നടന്ന Battle of Falkirk എന്ന യുദ്ധത്തിൽ കനത്ത സൈനികനാശവും ഒപ്പം പരാജയവും നേരിട്ടു. ഇതിനെ തുടർന്ന് ഒളിവിൽ പോയ അദ്ദേഹം പിന്നീട് ബ്രിട്ടീഷ് സൈന്യത്തിനെതിരെ നിരന്തരം ഒളിപ്പോരാട്ടം നടത്തി എഡ്വേർഡ് കിംഗിന് തലവേദന സൃഷ്ടിച്ചു. 1305 ൽ ഗ്ലാസ് ഗോ (Glasgow)യ്ക്ക് സമീപം പിടിയിലായ വാലസിനെ നിയമനിഷേധിയായി ആരോപിച്ച് തലയും കരചരണങ്ങളും ലൈംഗികാവയവവും മുറിച്ചു മാറ്റി ശരീരഭാഗങ്ങൾ Newcastle, Berwick, Stirling, Perth എന്നീ നാല് നഗരങ്ങളിൽ കൊണ്ടിട്ടു. പ്രാകൃതമായ ഈ വധശിക്ഷ മറ്റുള്ളവർക്കുള്ള ഒരു താക്കീതും കൂടിയായിരുന്നു.
വാലസിന്റെ മരണശേഷം സ്കോട്ട്ലാൻഡിന്റെ രാജാവായ റോബർട്ട് I (Robert the Bruce) സ്കോട്ട്ലാൻഡിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും ഒടുവിൽ സ്വാതന്ത്ര്യം കൈവരിക്കുകയും ചെയ്തു. റോബർട്ട് എന്ന കൊടുങ്കാറ്റിനു മുന്നിൽ നിറം മങ്ങിയെങ്കിലും, സ്വാതന്ത്ര്യം കൈവന്നതിനു ശേഷം സ്കോട്ട്ലൻഡുകാർക്ക് ഏറെ പ്രിയപ്പെട്ടവനായി വാലസ്. ഒരുപക്ഷേ തങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ തുടക്കം അദ്ദേഹത്തിൽ നിന്നാണെന്ന സത്യം മനസിലാക്കിയ അവർ സ്റ്റെർലിങ്ങിന് സമീപം അബി ക്രെയ്ഗ് ( Abbey Craig) എന്ന കുന്നിൻ മുകളിലായി വാലസിന് സ്മാരകം ( National Wallace Monument ) പണി കഴിപ്പിച്ചു.
ഈ കുന്നിൻ മുകളിൽ നിന്നാണ് വാലസ് സ്റ്റെർലിങ്ങ് യുദ് ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നിരീക്ഷിച്ചതെന്നാണ് ചരിത്രം. വാലസിന്റേതെന്ന് കരുതുന്ന പടവാൾ ഇപ്പോൾ ഇതിനകത്ത് സൂക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: