ഭാരതത്തിന്റെ അതിപ്രാചീനമായ പാരമ്പര്യങ്ങളിലൊന്നാണ് യോഗ. യോഗയുടെ ഉത്ഭവത്തെ കുറിച്ച് ചരിത്രപരമായി നോക്കിയാൽ യോഗയ്ക്ക് ഹാരപ്പൻ അഥവാ സരസ്വതി-സിന്ധു നദീതട സംസ്കാരത്തോളം പഴക്കം കാണും. യോഗാസനങ്ങളെ സൂചിപ്പിക്കുന്ന അയ്യായിരത്തോളം വർഷങ്ങൾ പഴക്കമുള്ള മുദ്രകളും പ്രതിമകളും മറ്റും സരസ്വതി-സിന്ധു പ്രദേശങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ചിലർ ഇതു യോഗാസങ്ങളല്ലെന്നു വാദിക്കുന്നുണ്ട്.
പക്ഷെ ഇതേപോലത്തെ യോഗാസനങ്ങൾ സരസ്വതി-സിന്ധു സംസ്കാരം അസ്തമിച്ച ശേഷം നിലവിൽ വന്ന സ്മാരകങ്ങളിലും മറ്റും അലങ്കാരങ്ങളായി കൊത്തിവച്ചിട്ടുണ്ട്. മിക്കവാറും യോഗാസനത്തിലിരിക്കുന്ന ഗജലക്ഷ്മി ദേവിയുടെ ചിത്രമാണ് കൊത്തിവച്ചിട്ടുള്ളത്. ഉജ്ജയിനിലെയും ഗുജറാത്തിലെയും പ്രാചീന നാണയങ്ങളിലും സരസ്വതി-സിന്ധു സംസ്കാരത്തിലേതു പോലെ യോഗാസനത്തിലിരിക്കുന്ന ഭഗവാൻ ശിവന്റെയും ലക്ഷ്മീദേവിയുടെയും മുദ്രകളുണ്ട്. ഇതിനു പുറമെ രാജസ്ഥാനിൽ നിന്നും യോഗസമാധിയിലുള്ള ഒരു അസ്ഥികൂടവും കണ്ടെടുത്തിട്ടുണ്ട്. ഈ അസ്ഥികൂടത്തിന്റെ കാലം സരസ്വതി-സിന്ധു സംസ്കാരത്തിന്റെ കാലഘട്ടത്തിനു തൊട്ടു ശേഷമാണ്. ഇതുകൊണ്ടു സരസ്വതി-സിന്ധു പ്രദേശങ്ങളിൽ നിന്നും കണ്ടെടുത്ത മുദ്രകളിലും മറ്റും യോഗാസനങ്ങൾ തന്നെയാണുള്ളതെന്ന് നമുക്ക് സ്ഥിരീകരിക്കാം.
വൈദിക ഗ്രന്ഥങ്ങളിലും യോഗയുടെ അംശങ്ങളുണ്ട്. യോഗയിൽ ഏറ്റവും പ്രധാനപെട്ട ഘടകമായ പ്രാണായാമം അല്ലെങ്കിൽ പ്രാണനെ കേന്ദ്രീകരിച്ചുള്ള ശ്വസനക്രിയ ഭാരത്തിന്റെ ഏറ്റവും പഴയ ഗ്രന്ഥങ്ങളായ വേദ സംഹിതകളിലുണ്ട്. ഉദാഹരണങ്ങളായി യജുർവേദത്തിന്റെ തൈത്തിരീയ സംഹിത 5.5.5 വാജസനെയി സംഹിത 23.18 തുടങ്ങിയ ഗ്രന്ഥങ്ങളിൽ പ്രാണനെ ഉൾപ്പെടുത്തിയിട്ടുള്ള ശ്വസനക്രിയയെ കുറിച്ച് പറയുന്നുണ്ട്. ഈ ക്രിയ വൈദിക യജ്ഞങ്ങളിലും ഉപയോഗിച്ചിരുന്നു.
വൈദിക യാഗങ്ങളെ കുറിച്ച് വിവരിക്കുന്ന ശതപത ബ്രാഹ്മണം പോലെയുള്ള ഗ്രന്ഥങ്ങളിൽ പ്രാണനെ നിയന്ത്രിക്കുന്നതിനെ പറ്റി പരാമർശിക്കുന്നുണ്ട്. യാഗാഗ്നിയെ തെളിയിക്കുന്നതിന്റെ കൂടെ ശ്വസനക്രിയയും ആചരിച്ചിരുന്നുവെന്നു ശതപത ബ്രാഹ്മണം 2.2.2.15 പറയുന്നുണ്ട്. ഇങ്ങനെ ചെയ്യുന്നത് എല്ലായിടത്തും നിറഞ്ഞുനിൽക്കുന്ന തേജസ്സായ അഗ്നിയെ ജീവന്റെ തുടിപ്പായ പ്രാണനുമായി ബന്ധപ്പെടുത്തി ആത്മാവിൽ പ്രതിഷ്ടിക്കാനാണ് .
ഇതിനു പുറമെ കഠിനമായ ധ്യാനം ഉൾപ്പെടുന്ന തപസ്സിനെക്കുറിച്ചും വേദ സംഹിതകളിൽ വിവരണങ്ങളുണ്ട്. ഋഗ്വേദത്തിലെ നാസദീയ സൂക്തത്തിൽ (ഋഗ്വേദം 10.129 ) സത് അഥവാ ലോകത്തിന്റെ നിലനിൽപ് തന്നെ തപസ്സിലൂടെയാണ് നിലവിൽ വന്നതെന്ന് പറയുന്നുണ്ട്. തപസ്സ് ജീവന്റെ ചൂടിനെയാണ് സൂചിപ്പിക്കുന്നത്. തപസ്സ് അഗ്നിയുമായും ബന്ധപ്പെട്ടതാണ് (ഉദാഹരണമായി ഋഗ്വേദം 6.5.4). ഉപനിഷത്തുകളുടെ കാലത്ത് യോഗ ദർശനത്തിനു പുതിയ പരിണാമങ്ങളുണ്ടായി. അതിപ്രാചീനമായ മുഖ്യോപനിഷത്തുകളിൽ ഒന്നായ ചാന്ദോഗ്യോപനിഷത്ത് 8.6.6 കുണ്ഡലിനി യോഗയുടെയും കുണ്ഡലിനി ശക്തിയുടെയും ഒരു പ്രാചീന രൂപത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. ബൃഹദാരണ്യകോപനിഷത്ത് 2.1.19, കഠോപനിഷത്ത് 6.16 , പ്രശ്നോപനിഷത്ത്3.6 തുടങ്ങിയ മറ്റു മുഖ്യോപനിഷത്തുകളിലും ഇതേപോലത്തെ വിവരണം കാണാം.
ഈ പ്രാചീന ഉപനിഷത്തുക്കളിൽ കുണ്ഡലിനി ശക്തി ഹൃദയത്തിലാണ് വസിക്കുന്നതെന്നു പറയുന്നുണ്ട്. ഈ ശക്തിയെ നാഡികളിലൂടെ ശിരസ്സിലോട്ടു എത്തിച്ചാൽ അമൃതത്വം കൈവരിക്കാൻ സാധിക്കുമെന്നും പരാമർശിക്കുന്നുണ്ട്. ഉപനിഷത്തുക്കളിലെ വേറെ ചില ശ്ലോകങ്ങളിൽ പരമാത്മാവായ പരബ്രഹ്മ ചൈതന്യവും ഹൃദയത്തിലാണ് വസിക്കുന്നതെന്നു പറയുന്നുണ്ട്( ഉദാഹരണമായി ചാന്ദോഗ്യോപനിഷത്ത് 3.14.4 ). ഇതുകൊണ്ടു ധ്യാനത്തിലൂടെ ഹൃദയത്തിലുള്ള പരബ്രഹ്മ ചൈതന്യത്തെ നാഡികളിൽകൂടി ശിരസ്സിലോട്ടെത്തിച്ച് അമൃതത്വം പ്രാപിക്കുന്ന യോഗവിദ്യയെയാണ് പ്രാചീന ഉപനിഷത്തുകളിൽ കാണാൻ സാധിക്കുന്നത്. പിന്നീട് പരിണാമിച്ച ദർശനങ്ങളിൽ കുണ്ഡലിനി ശക്തി ഹൃദയത്തിനു പകരം നട്ടെലിന്റെ അറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ഉപനിഷത്തുകൾക്കു ശേഷം ബുദ്ധ-ജൈന സമ്പ്രദായങ്ങളിലും യോഗാഭ്യാസങ്ങൾക്കു പ്രാധാന്യമുണ്ടായിരുന്നു. ബുദ്ധനും മഹാവീരനും കഠിന ധ്യാനത്തിലൂടെയാണ് ആത്മബോധം കൈവരിച്ചത്. ബുദ്ധമത ഗ്രന്ഥങ്ങളിൽ വച്ച് ഏറ്റവും പ്രാചീന ഗ്രന്ഥശേഖരമായ പാലി തിപിടകത്തിലെ മഹാസതിപട്ഠാനസുത്തത്തിൽ ധ്യാനത്തെക്കുറിച്ചും കാലുകൾ കൂട്ടിച്ചേർത്തിട്ടുള്ള ഒരു യോഗാസനത്തെ കുറിച്ചും വിവരിക്കുന്നുണ്ട്. ജൈനമത ഗ്രന്ഥമായ കല്പസൂത്രത്തിലും മഹാവീരൻ കാലുകളുടെ മുട്ടുകൾ മടക്കി പശുവിനെ കറക്കുന്ന രീതിയിൽ ഇരുന്നിട്ടുള്ള ഒരു യോഗാസനത്തിലൂടെയാണ് ആത്മബോധം പ്രാപിച്ചതെന്നു പറയുന്നുണ്ട്.
പലതരം യോഗാഭ്യാസങ്ങൾ മഹാവീരന്റെയും ബുദ്ധന്റെയും കാലത്ത് ഭാരത്തിൽ നിലവിലുണ്ടായിരുന്നുവെന്നു ഇതിൽ നിന്നുമൊക്കെ നമ്മുക്ക് മനസിലാക്കാം. പിന്നീട് പതഞ്ജലി മഹർഷി ഭാരതത്തിൽ നിലവിലുണ്ടായിരുന്ന യോഗാഭ്യാസങ്ങളെ ക്രോഡീകരിച്ച് യോഗസൂത്രം രചിച്ചു. പുതിയ യോഗാഭ്യാസങ്ങൾ ഇതിനു ശേഷവും ഭാരതത്തിൽ പരിണമിച്ചുകൊണ്ടിരുന്നു.
ഇന്ന് യോഗ ലോകമെമ്പാടും അഭ്യസിക്കപെടുന്നു. ആരോഗ്യത്തിനും മനസ്സിനുമൊക്കെ യോഗ ഉത്തമമാണെന്നു തെളിയിക്കുന്ന ആധുനിക ശാസ്ത്ര പഠനങ്ങൾ നിരവധിയാണ്. ഭാരതത്തിന്റെ ശ്രേഷ്ഠമായ പാരമ്പര്യങ്ങളിലൊന്നാണെന്നുള്ളതിനു പുറമെ, ഭാരതം ലോകത്തിനു നൽക്കിയ മഹത്തായ സംഭാവനകളിലൊന്നായി യോഗയും പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: