പെരിന്തല്‍മണ്ണ: മലപ്പുറം മങ്കടയില്‍ സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ അടിച്ചുകൊന്ന കേസിലെ പ്രധാന പ്രതികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പിടിയില്‍. മങ്കട കൂട്ടില്‍ സ്വദേശികളായ പട്ടിക്കുത്ത് സക്കീര്‍ ഹുസൈന് (39), പട്ടിക്കുത്ത് സുഹൈല്‍ (30) എന്നിവരാണ് പിടിയിലായത്. തമിഴ്നാട് നീലഗിരി ജില്ലയിലെ ഗൂഡല്ലൂരില്‍ നിന്നുമാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സംഭവം ദിവസം തന്നെ നാട്ടില്‍ നിന്ന് മുങ്ങിയ ഇവര്‍ക്കായി വയനാട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ഗൂഡല്ലൂരിലുണ്ടെന്ന് പോലീസിന് മനസിലായത്. അവിടെ ഒരു ലോഡ്ജില്‍ ഒളിച്ചു കഴിയുകയായിരുന്നു. മുമ്പ് നാലുപേര്‍ അറസ്റ്റിലായിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. ഇവരെല്ലാവരും മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്.
കഴിഞ്ഞ 28ന് പുലര്‍ച്ചെയാണ് മങ്കട കൂട്ടില്‍ കുട്ടിഹസന് എന്നയാളുടെ വീട്ടില്‍ നസീര്‍ എന്ന യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെന്ന് ആരോപിച്ച് പ്രതികള്‍ ഇയാളെ മര്‍ദ്ദിച്ച് കൊന്നത്. മര്‍ദ്ദനമേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുപോകാനോ വെള്ളം കൊടുക്കാനോ സമ്മതിച്ചില്ല. നസീറിന്റെ മരണം ഉറപ്പുവരുത്തിയതിനു ശേഷമാണ് പ്രതികള്‍ സംഭവ സ്ഥലത്തു നിന്ന് പോയത്. വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് നസീറിനെ മര്‍ദ്ദിച്ചവരില്‍ പ്രധാന പങ്കുവഹിച്ചവരാണ് ഇപ്പോള്‍ പിടിയിലായവരെന്ന് പെരിന്തല്‍മണ്ണ സിഐ എ.എം. സിദ്ദിഖ് പറഞ്ഞു. കേസില്‍ ഇനിയും അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ചിലര്‍ നിരീക്ഷണത്തിലെന്നും പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: