ബെർലിൻ: ജർമനിയിൽ സിറിയൻ അഭയാർത്ഥിയുടെ കത്തിക്കുത്തേറ്റ് ഗർഭിണിയായ യുവതി കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ജർമനിയിലെ സ്റ്റഡ്ഗാര്ട്ടിനു സമീപം റ്യൂട്ട്ലിന്ഗനിലായിരുന്നു ആക്രമണം നടന്നത്.
പതിനെട്ട് മാസങ്ങൾക്ക് മുൻപ് സിറിയയിൽ നിന്നും ജർമനിയിൽ എത്തിയതായിരുന്നു 21കാരനായ യുവാവ്. നഗരത്തിലെ ഹോട്ടലിനു മുന്നിൽ നിന്നിരുന്ന യുവാവ് സമീപം നടന്നു പോകുകയായിരുന്ന സ്ത്രീയുമായി വാക്കു തർക്കത്തിലേർപ്പെടുകയും കൈയ്യിലുണ്ടായിരുന്ന കത്തിക്ക് യുവതിയെ കുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ യുവതി കൊല്ലപ്പെട്ടു.
ഇതിനു പുറമെ തികച്ചും ഭ്രാന്തനെപ്പോലെ പെരുമാറിയ യുവാവ് ഹോട്ടലിനു മുൻവശത്ത് നിന്നിരുന്ന മറ്റ് രണ്ട് പേരെയും കത്തിക്ക് കുത്തുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ആക്രമണത്തിനു ശേഷം പോലീസ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാളുടെ പേര് പുറത്ത് വിട്ടിട്ടില്ല. അതേ സമയം ആക്രമണത്തിന്റെ പിന്നിലെ കാരണത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ഭീകരവാദവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നാണ് കരുതുന്നതെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: