ഭാരതീയ ജനതാപാര്‍ട്ടിയുടെ ദേശീയ സമ്മേളനം കോഴിക്കോട്ട് ആരംഭിക്കുമ്പോള്‍ 1967ലെ ഉജ്വല മുഹൂര്‍ത്തങ്ങളാണ് മുന്നിലെത്തുന്നത്. ഉത്തരേന്ത്യന്‍ പാര്‍ട്ടിയെന്ന് ആക്ഷേപിച്ചിരുന്ന ഭാരതീയ ജനസംഘത്തിന്റെ ദേശീയ സമ്മേളനം 1967ല്‍ കോഴിക്കോട്ട് നടക്കുമ്പോള്‍ വാസ്തവത്തില്‍ കേരളീയര്‍ക്ക് ഒരു കൗതുകമായിരുന്നു. ആ പ്രസ്ഥാനത്തെ നഖശിഖാന്തം എതിര്‍ത്തിരുന്ന കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഭരണമായിരുന്നു അന്ന്. അതുകൊണ്ടുതന്നെ സമ്മേളനത്തെ തകര്‍ക്കാന്‍ വലിയ തോതിലുള്ള ഗൂഢാലോചനകളും നടന്നു.
സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ നാനാ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന പ്രതിനിധികള്‍ക്ക് ഭക്ഷണം നല്കാന് സംഘാടകര്‍ക്ക് കഴിയരുതെന്ന ക്രൂര മനസ്ഥിതിയും ഇഎംഎസിന്റെ ആ ഭരണകൂടത്തിനുണ്ടായിരുന്നു. അന്ന് അരിക്ക് കടുത്ത ദൗര്ലഭ്യമുണ്ടായിരുന്നതിനാല് റേഷന്‍ പരിമിതപ്പെടുത്തിയിരുന്നു. അഞ്ച് കിലോഗ്രാമില്‍ കൂടുതല്‍ അരി കൈവശം വയ്ക്കുന്നത് കുറ്റവുമായിരുന്നു. സമ്മേളനത്തിന്റെ ആവശ്യാര്‍ത്ഥം അരി വാങ്ങാനുള്ള അനുവാദം നല്‍കണമെന്ന് സംഘാടകര്‍ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും പാവങ്ങളുടെ സര്‍ക്കാരെന്ന് പുകഴ്പെറ്റ ഇഎംഎസിന്റെ സര്‍ക്കാര്‍ അത് പരിഹസിച്ച് തള്ളി.
എന്നാല്‍ പ്രവര്‍ത്തകരുടെ ഉജ്വലമായ ആവേശവും സംഘാടകരുടെ നിശ്ചയദാര്‍ഢ്യവും ഒന്നു ചേര്‍ന്നപ്പോള്‍ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ഭക്ഷണത്തിനുള്ള അരി സ്വയം കരുതണമെന്ന നിര്‍ദേശം പ്രതിനിധികള്‍ സര്‍വാത്മനാ സ്വീകരിച്ചതോടെ മല പോലെ വന്ന പ്രശ്നം മഞ്ഞുപോലെ ഉരുകി പോയി. ഇളിഭ്യരായ സര്‍ക്കാര്‍ ഒടുവില്‍ മതിയായ അരിക്കുള്ള ലൈസന്‍സ് അനുവദിച്ചു. എന്നാലിന്ന് സ്ഥിതിഗതികള്‍ ആകെ മാറിമറിഞ്ഞിരിക്കുന്നു. ഭാരതീയ ജനസംഘത്തില്‍ നിന്ന് കൊളുത്തിയ ദീപം ഭാരതീയ ജനതാപാര്‍ട്ടിയുടെ താമരശോഭയില് എത്തി നില്ക്കുമ്പോള് ലോകത്തിന്റെ നെറുകയിലാണ് ഭാരതീയര്‍ നെഞ്ച്വിരിച്ച് നില്‍ക്കുന്നത്.
ഭാരതത്തിന്റെ അസ്ഥിത്വവും അസ്മിതയും കണ്ടറിഞ്ഞ നേതൃപാടവത്തിന്റെ ഉജ്വല ശോഭയാണ് ഇന്ന് പാര്‍ട്ടി പ്രസരിപ്പിക്കുന്നത്. അതിന്റെ സാരഥ്യം അമിത്ഷായിലൂടെ നരേന്ദ്രമോദിയിലൂടെ കരുത്തരും ഉദാത്ത കാഴ്ചപ്പാടുള്ളവരുമായ നേതാക്കളിലൂടെ ഉയര്‍ന്ന് പൊങ്ങുകയാണ്. അതിന് കൂടുതല്‍ ശേഷിയും ശേമുഷിയും നല്‍കാനുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്കാണ് കോഴിക്കോട്ടെ സമ്മേളനം രൂപം നല്‍കുക. കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ അനിഷേധ്യ ശക്തിയയി ഭാരതീയ ജനതാപാര്‍ട്ടി മുന്നേറുമ്പോള്‍ അതിന് കരുത്തും കൈമുതലും നല്‍കാനുള്ള പദ്ധതികളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.
1967ലെ അതേ രാഷ്ട്രീയ പാര്‍ട്ടിയുടെ സര്‍ക്കാര്‍ തന്നെയാണ് ഇന്നും കേരളത്തിലുള്ളതെങ്കിലും സ്ഥിതിഗതികളില്‍ മാറ്റമുണ്ട്. ശക്തരായ നേതൃനിരയുടെ പ്രഭാവത്തിന് മുന്നില്‍ എതിര്‍പ്പിന്റെ ഒരു പുല്‍ക്കൊടി പോലും ഉയര്‍ത്തിക്കാട്ടാന്‍ മാര്‍ക്സിസ്റ്റ് സര്‍ക്കാരിനാവുന്നില്ല. ഇഎംഎസിന്റെ മന്ത്രിസഭ ഭാരതീയ ജനസംഘത്തെ പരിഹസിച്ചിരുന്നുവെങ്കില്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ നരേന്ദ്രമോദിക്കു മുന്നില്‍ അവര്‍ കൈകൂപ്പി നില്‍ക്കുകയാണ്. അടിയറവ് പറയുന്ന അപഹാസ്യമായ മാര്‍ക്സിയന്‍ തത്വശാസ്ത്രത്തിന്റെ നെഞ്ചില്‍ ഏകാത്മ മനവദര്ശനത്തിന്റെ കാവി പതാകകള്‍ കണ്ട് കൃതാര്ത്ഥാഭരിതമാവുകയാണ് ജനസഹസ്രങ്ങള്‍. അതിന്റെ ശക്തമായ സൂചനകള്‍ കേരളത്തിലെമ്പാടും അനുദിനം കാണുകയാണ്. അത് കൂടുതല്‍ വ്യാപകമാവാന്‍ കോഴിക്കോട്ടെ ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനം കൊണ്ട് കഴിയുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: