കമ്മ്യൂണിസ്റ്റുകളുടെ ശൈലി അതാണ്; അവര്‍ ആശയത്തിനു പകരം ആളുകളെ നേരിടും; ആദര്‍ശമാണ് അടിത്തറയെന്ന്’ആദര്‍ശം’ പറയുമെങ്കിലും. വിരുദ്ധാശയക്കാരുടെ കാര്യത്തിലും സ്വന്തം ആളുകളുടെ കാര്യത്തിലും അതാണ് ശൈലി. അങ്ങനെയാണ്, ‘ആടിനെ പട്ടിയാക്കുക, പട്ടിയെ പേപ്പട്ടിയാക്കുക, തല്ലിക്കൊല്ലുക’ എന്ന കുപ്രസിദ്ധമായ പ്രയോഗം കമ്മ്യൂണിസ്റ്റുകളുടെ രീതി വര്ണ്ണനയായത്; ആളെ വകവരുത്തല്‍ അവരുടെ അനുഷ്ഠാനമായതും.
ആ ചിട്ടപ്രകാരമാണ്, കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്ക് നരേന്ദ്ര മോദിയാകുന്നത്. കേരള സര്‍ക്കാര്‍ പിണറായിസര്‍ക്കാര്‍ ആകുന്നത്. പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും പോലും ഇങ്ങനെ വ്യക്തിയിലേക്ക് ചുരുക്കുന്നത് ഏകാധിപത്യ മനസ്ഥിതിയാണ്, അത് ആ പാര്‍ട്ടിയുടെ വിശ്വാസപ്രമാണത്തിന്റെ അടിത്തറ ആയതുമൂലമാണ്. സ്റ്റാലിനെ മാത്രമേ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ ആള്‍രൂപമെന്ന് സാധാരണയായി അധികം പലരും വ്യവഹരിക്കുന്നുള്ളെങ്കിലും ഓരോ കമ്മ്യൂണിസ്റ്റിനും ഈ മനോനിലയാണ്; ഏതുകാര്യത്തിലും ഭിന്നപ്രകൃതിയുള്ളതുപോലെ ഇവര്‍ക്കിടയിലും ഉണ്ടാകാം; അവര്‍ വിരലിലെണ്ണാന്‍ മാത്രമാകും.
കേന്ദ്ര സര്‍ക്കാരിനെ, ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ, മോദി സര്‍ക്കാരെന്നും; നരേന്ദ്ര മോദിയെ ഗുജറാത്തിലെ മുന്‍ മുഖ്യമന്ത്രിയെന്നും; ഗുജറാത്ത് മുഖ്യമന്ത്രിയെന്നാല്‍ ഗുജറാത്ത് ലഹളയുടെ സൂത്രധാരനെന്നും വ്യക്തിയിലേക്ക് ചുരുക്കാനുള്ള കമ്മ്യൂണിസ്റ്റു ശ്രമങ്ങള്‍, ഈ ഏകാധിപത്യ മനോനിലയുടെ സൃഷ്ടിയാണ്. ലക്ഷ്യമിടുന്നത് ‘കാടുമുഴുവന്‍ കാണിക്കാതെ മരത്തെ മാത്രം കാണിക്കുക’യെന്ന തന്ത്രം നടപ്പാക്കലാണ്. പ്രധാനമന്ത്രിയെന്ന ഭരണനിര്‍വഹണ തലവന്റെ ചെയ്തികളെ വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുക, ആ വ്യക്തിയെ മോശക്കാരനാക്കി ചിത്രീകരിക്കുക, അതിലൂടെ ചെയ്തികളെ താറടിക്കുക. മറിച്ച് ഭരണ പ്രവൃത്തികള്‍ മുഴുവന്‍ വ്യക്തിയുടെ കഴിവാക്കാനും പുകഴ്ത്തി വാഴ്ത്താനും പറ്റും; പ്രചാരണം പോലിരിക്കും. അതവര് പിണറായിയുടെ കാര്യത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നു. ജ്യോതിബസുവിലും ഇഎംഎസിലും മറ്റും മറ്റും ചെയ്തത് അതാണ്, കാലം നെല്ലും പതിരും തിരിച്ചെന്നു മാത്രം.
ഇങ്ങനെ ചെയ്യാം, ചെയ്യാറുണ്ട്. വ്യക്തികളുടെ കഴിവ് പ്രചരിപ്പിക്കുകയും വ്യക്തി അതു പ്രകടിപ്പിക്കുകയും ആ വ്യക്തി നേതാവായാല്‍ അത് സമാജത്തിന് ഗുണകരമാകുകയും ചെയ്താല്‍ സമൂഹം അത് സ്വയം വിലയിരുത്തി അംഗീകരിക്കും. അങ്ങനെ വേണംതാനും. പക്ഷേ, നേട്ടങ്ങള്‍ നേട്ടങ്ങളല്ലെന്നും ദോഷങ്ങള്‍ നേട്ടങ്ങളാണെന്നും പ്രചരിപ്പിക്കുമ്പോള്‍ ഏകാധിപത്യതിനൊപ്പം സ്വേച്ഛാധിപത്യവും ചേരുന്ന രാജ്യദുരന്തമാകും സംഭവിക്കുക. അതാണിപ്പോള്‍ ഇവിടെ കമ്മ്യൂണിസ്റ്റ് പ്രചാരണത്തില്‍ സംഭവിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ മോശമെന്നു പ്രചരിപ്പിക്കാനേ കമ്മ്യൂണിസ്റ്റുകള്ക്കാകൂ. രാഷ്ട്രീയമായും സാമൂഹ്യമായും ആദര്‍ശപരമായും ഒറ്റപ്പെട്ടും ഒതുക്കപ്പെട്ടും കിടക്കുന്ന കമ്മ്യുണിസ്റ്റുകള്‍ കേരളമെന്ന രാജ്യത്തിന്റെ ഒരു മുക്കിലേക്ക് ഒതുക്കപ്പെട്ടു. കേരളത്തിലും നിലനില്ക്കാന് മുക്കും മൂലയും തിരയുന്ന ഗവേഷണത്തിലാണവര്‍; കുപ്രചാരണങ്ങള്ക്കേ ഇനി ബാല്യമുള്ളു.
പക്ഷേ, കേരളത്തില്‍ അധികാരം നേടി, എല്ലാം ശരിയാക്കുമെന്ന പ്രതിജ്ഞാവാചകം പ്രചരിപ്പിച്ച് ഭരണം തുടങ്ങിയതോടെ, അവരുടെ ഓരോ കുപ്രചാരണങ്ങളും അവരെ വിലയിരുത്താനുള്ള മാനദണ്ഡമായിമാറി. ‘മോദി ചെയ്തതു ശരിയായില്ല’ എന്ന ഓരോ വാക്യത്തിനും കേരളം സ്വയം ചോദിക്കാന്‍ തുടങ്ങി, ‘പിണറായി ചെയ്തതോ?’ ‘മോദി അതു ചെയ്തില്ല’ എന്നു കമ്മ്യൂണിസ്റ്റുകള്‍ പറഞ്ഞു കേള്‍ക്കുമ്പോള്‍ ‘പിണറായി ചെയ്തോ’ എന്ന മറുചോദ്യം കേരളം പരസ്യമായും ചോദിക്കാന്‍ തുടങ്ങി. മോദിക്കെതിരേ കുട്ടിസഖാക്കളുള്പ്പെടെ വിരല്‍ ചൂണ്ടുമ്പോള്‍, ശ്രീ നാരായണ ഗുരു മുന്നറിയിപ്പു നല്കിയതുപോലെ, ചൂണ്ടുന്നവര്‍ക്ക് നേരേ മൂന്നു വിരലുകള്‍ ചൂണ്ടപ്പെടുന്നു. ഒരു ഭേദം മാത്രം, മോദിയുടെ ചെയ്തികള്‍ക്ക് ജനപിന്തുണ കിട്ടുന്നു. കേരളത്തിലൊഴികെ കുപ്രചാരണങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റുകള്‍ക്ക് സാധ്യതയില്ല, കേരളത്തിലും ജനവികാരം മോദിയ്ക്കൊപ്പമാകുന്നു. അതുകൊണ്ടാണ് ഊണിലും ഉറക്കത്തിലും മുഖ്യമന്ത്രി സംഘപരിവാറിനെയും മോദിയേയും പഴിക്കുന്നത്.
2016 ജൂണ്‍ എട്ടിന്, സര്‍വീസ് സംഘടനകളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസംഗത്തില്‍നിന്ന്: ”കേരളത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിന് ഒരുമിച്ചു നീങ്ങാന്‍ കഴിയണം. കേരളത്തെ മുന്നോട്ടു കൊണ്ടുപോകുക എന്ന ബോധമാണ് നമ്മെ നയിക്കേണ്ടത്. കാര്യക്ഷമതയില്ലായ്മ, കെടുകാര്യസ്ഥത, അഴിമതി, ജനങ്ങളില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ടു പോകല്‍, അതിരുകവിഞ്ഞ കേന്ദ്രീകരണം, പ്രൊഫഷണലിസം ഇല്ലായ്മ, ചുവപ്പുനാടാ സമ്പ്രദായം എന്നിങ്ങനെ സര്‍ക്കാര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങള്‍ ജനങ്ങളുടെ മനസ്സില്‍ നിലനില്‍ക്കുന്നുണ്ട്.” 100 ദിവസം പിന്നിട്ടപ്പോള്‍ കണ്ട ആഹ്ലാദാഘോഷങ്ങള്‍, പിണറായി ഭരണത്തിന്റെ ആറു മാസം കഴിഞ്ഞപ്പോള്‍ കാണാഞ്ഞതെന്തുകൊണ്ടാണ് എന്നതിനുത്തരമാണ് ഈ പ്രസംഗഭാഗങ്ങള്‍. കേരളം എത്രത്തോളം മുന്നോട്ടു പോയി? മോദി ഭാരതത്തെ എത്ര മുന്നോട്ടു കൊണ്ടുപോയി? എന്ന് വിലയിരുത്തിക്കൊണ്ട് പിണറായി ഭരണക്കാര്യത്തില്‍ മറുപടി നല്കാന് കമ്മ്യൂണിസ്റ്റുകള്ക്കാവട്ടെ. എവിടെയെങ്കിലും ‘പിണറായി ടച്ച്’ ഉണ്ടെന്ന് സ്ഥാപിക്കട്ടെ.
രണ്ടു വര്‍ഷം സംസ്ഥാന വിദ്യുച്ഛക്തി മന്ത്രിയായിരിക്കെ കാഴ്ചവെച്ച ഭരണ നേട്ടം, വൈദ്യുതി വകുപ്പു സെക്രട്ടറിയായിരിക്കെ അകാലത്തില്‍ അന്തരിച്ച ഐഎഎസ് ഉദ്യോഗസ്ഥന് രാജഗോപാലിന്റേതായിരുന്നുവെന്ന് വ്യക്തമാകും. ഏഴുവര്‍ഷം പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്തെ നേതൃത്വ പാടവം സഖാക്കള്‍ പാടുമ്പോള്‍ അത് പാര്‍ട്ടിയിലെ ഏകാധിപത്യ വിജയം ആയിരുന്നുവെന്ന് ഈ ഭരണ പരാജയം തെളിയിക്കും. മോദിക്കു നേരേ വിരല്‍ ചൂണ്ടുമ്പോള്‍ കാണേണ്ടത് ഈ യാഥാര്‍ത്ഥ്യമാണ്. ഗുജറാത്തുമാത്രമല്ല ഭാരതം എന്ന് മോദി കാട്ടിത്തന്നു. മോദി കണ്ടെത്തി, പരിഹാരം കാണാന്‍ തുടങ്ങിയ പ്രശ്നങ്ങള്‍, ”കാര്യക്ഷമതയില്ലായ്മ, കെടുകാര്യസ്ഥത, അഴിമതി, ജനങ്ങളില്‍ നിന്ന് അകന്നുപോകല്‍, കേന്ദ്രീകരണം, പ്രൊഫഷണലിസക്കുറവ്, ചുവപ്പുനാട…” പ്രസംഗം പോലും കോപ്പിയടിച്ചതുകൊണ്ടു മാത്രമായില്ലല്ലോ പിണറായീ. 2016, പിണറായിയുടെ വന്‍ പതനത്തിന്റെ വര്‍ഷമായി ചരിത്രത്തില്‍ ഇടം നേടുകയാണ്.
കമ്മ്യൂണിസ്റ്റുകള്‍ ഇനിയും മോദിയെ പഴിക്കണം, മോദിയുടെ ചെയ്തികളെ എല്ലാ തലത്തിലും തരത്തിലും വിമര്‍ശിക്കണം, കുപ്രചാരണം തുടരണം. അത്, ജനങ്ങള്‍ക്ക് ഓരോ ഘട്ടത്തിലും പിണറായി വിജയനെയും കമ്മ്യൂണിസ്റ്റ് ഭരണത്തേയും വിലയിരുത്താനുള്ള അവസരമായി മാറുമല്ലോ.
ഒന്നു വ്യക്തമായി, പിണറായിക്ക് ശരിയാക്കുക എളുപ്പമല്ല, ഇനി ചെയ്യാവുന്നത് വെച്ചൊഴിയുകയാണ്. അതിന് അവസരമുണ്ടാക്കുകയാണ്. മികച്ച വൈദ്യുതി മന്ത്രി, മിടുക്കനായ പാര്‍ട്ടി സെക്രട്ടറി തുടങ്ങിയ സാക്ഷ്യ പത്രങ്ങള്‍ക്കൊപ്പം സൂക്ഷിക്കാന്‍ ധര്മ്മവാദിയും നീതി ന്യായവ്യവസ്ഥയോട് അമിതാദരം കാട്ടുന്നയാളെന്ന ബഹുമതികൂടി നേടാം; അതിന് ലാവ്ലിന് അഴിമതിക്കേസില്‍ കോടതിയുടെ അതിസൂക്ഷ്മമായ വിമര്‍ശന ശകലമെങ്കിലും ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുക, കാത്തിരിക്കുക, അങ്ങനെ ഒഴിയുക, വീരത്വത്തിലൂടെ അമരത്വം സാധിക്കാന്‍ നോക്കുക; ഈ പണി പറഞ്ഞിട്ടുള്ളതല്ല.
** ** **
പിന്കുറിപ്പ്: അതിവേഗം ബഹുദൂരം മുന്‍ യുഡിഎഫ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുദ്രാവാക്യമായിരുന്നു. അത് പിണറായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണോ? അതിവഗം, ബഹുദൂരം; ജനങ്ങളില്‍നിന്ന്!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: