‘സുയോഗ്യരാജ്യഭരണം’ എന്ന് എന്തിനെ വിശേഷിപ്പിക്കുമെന്നത് ഒരു പ്രശ്നംതന്നെയാണ്. ഉത്തമരാജ്യഭരണംമൂലം ജനങ്ങളുടെ സുഖം വര്‍ധിക്കുന്നുവെന്ന് തീര്‍ച്ച. എന്നാല്‍ അത് ഏതാണ് എന്നതാണ് ചിന്തിക്കേണ്ട വിഷയം. ഇന്ന് ഭൂമുഖത്തു പലതരം ഭരണവ്യവസ്ഥകളുണ്ട്. റഷ്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണം, അമേരിക്കയില്‍ ജനകീയപ്രതിനിധികളുടെ ഭരണം. ഇതുപോലെ മറ്റു പല പ്രദേശങ്ങളില്‍ പലവിധം.
പണ്ടും പലതരം രാജ്യഭരണങ്ങളുണ്ടായിരുന്നു. രാജ്യം, മഹാരാജ്യം, സാമ്രാജ്യം, സ്വരാജ്യം, സാമന്തരാജ്യം, ഭൗജ്യം, വൈരാജ്യം, ആധിപത്യമയരാജ്യം, ജാനരാജ്യം മുതലായ ഭരണക്രമങ്ങളുടെ വിവരണങ്ങള്‍ വേദങ്ങളിലും ബ്രാഹ്മണഗ്രന്ഥങ്ങളിലും കാണാം. അതായത് ഇന്നിപ്പോള്‍ പല ദേശങ്ങളിലും കാണപ്പെടുന്നതുപോലെ വൈദികകാലത്തും പലവിധം ഭരണങ്ങള്‍ നിലവിലുണ്ടായിരുന്നു.
അതെക്കുറിച്ച് സ്പഷ്ടമായി പറഞ്ഞ ശേഷം ഐതരേയ ബ്രാഹ്മണം പറയുന്നു: ‘സമുദ്രപര്യാന്തായഃ പൃഥിവ്യാഃ ഏകരാട്.’ (സമുദ്രംവരെ വ്യാപിച്ചുകിടക്കുന്ന മുഴുവന്‍ ഭൂമിയില്‍ ഒരു രാജാവു ഒരു രാജ്യഭരണവും ഉണ്ടായിരിക്കട്ടെ.) ഇന്ന് സംയുക്ത രാഷ്ട്രസംഘ (യുഎന്‍ഒ)ത്തിന്റെ സങ്കല്‍പ്പം ഉള്ളതുപോലെ അന്നും പൃഥിവ്യാഃ ഏകരാട്-ഭൂമിയില്‍ ഒരു രാജ്യം എന്ന സങ്കല്‍പ്പമുണ്ടായിരുന്നു.
വെവ്വേറെ രാജ്യങ്ങളും അവയില്‍ സ്വതന്ത്രമായ ഭരണക്രമങ്ങളും ഉണ്ടായാല്‍ അന്യോന്യകലഹത്തിനും യുദ്ധത്തിനും സാധ്യതയുണ്ട്. അതുമൂലം വമ്പിച്ച മനുഷ്യനാശമായിരിക്കും ഫലമെന്ന് കണക്കാക്കിക്കൊണ്ടാണ് ഈ ‘പൃഥിവ്യാഃ ഏകരാട്’ സങ്കല്‍പ്പം ഉദിച്ചുയര്‍ന്നത്. അതുതന്നെയാണ് യുഎന്ഒവിന്റെ പിന്നിലെ ചേതോവികാരം എന്നു മനസ്സിലാക്കാം.
ഭൂമി മുഴുവന്‍ ഒരു ഭരണത്തിന്‍കീഴില്‍ വരട്ടെ എന്ന സങ്കല്‍പ്പം ബ്രാഹ്മണഗ്രന്ഥങ്ങളില്‍ കാണാമെങ്കിലും ചരിത്രത്തില്‍ അതിന് പ്രത്യക്ഷദൃഷ്ടാന്തം ലഭിക്കുന്നില്ല. അതുകൊണ്ട് ഇന്ന് നമുക്ക് ഒന്നേ പറയാന്‍ കഴിയൂ. അക്കാലത്ത് ഋഷീശ്വരന്മാര്ക്കുള്ളില് ആ ഒരു വിഭാവന വിരിഞ്ഞുവെങ്കിലും പ്രായോഗികതലത്തില്‍ അതിന് ആകാരം കൊള്ളാന്‍ കഴിഞ്ഞില്ല.
ഇവിടെ പ്രാചീനകാലത്ത് പല രാജ്യങ്ങളുണ്ടായിരുന്നു, അവ തമ്മില്‍ പടപൊരുതാറുമുണ്ടായിരുന്നു, പടയില്‍ ആള്‍നാശം സംഭവിച്ചുകൊണ്ടിരിക്കുന്നു, ആ സ്ഥിതിവിശേഷത്തില്നിന്നാണ് ഭൂമിയില്‍ ഒരൊറ്റ രാജ്യമുണ്ടാകട്ടെ എന്ന ആശയം രൂപപ്പെട്ടത്. രാജ്യം, സാമ്രാജ്യം, സ്വരാജ്യം വരെ മനുഷ്യന്റെ ബുദ്ധി വികസിപ്പിച്ചെടുക്കാനുള്ള ഔന്നത്യം ആ ബുദ്ധിക്കുണ്ടായില്ല.
വേദങ്ങളില്‍ പലതരം രാജ്യങ്ങളെക്കുറിച്ച് വര്‍ണിച്ചിട്ടുണ്ട്. അതില്‍ രാജാവിന്റെ എന്നുവച്ചാല്‍ ചോദ്യം ചെയ്യാത്ത മേല്‍ക്കോയ്മ ഉള്ള ഒരാളുടെ-കീഴില്‍ ഉള്ളതിനെ രാജ്യമെന്ന് വിളിച്ചു. അതേസമയം ജനങ്ങളുടെ അധികാരത്തിന് കീഴിലുള്ള സ്വരാജ്യത്തെ ‘ബഹുപായ്യ സ്വരാജ്യം’ എന്നും വിളിച്ചു. വേദങ്ങളില്‍ ഈ ബഹുപായ്യസ്വരാജ്യത്തിന്റെ ഔല്‍കൃഷ്ട്യം വിളിച്ചോതുന്ന മന്ത്രങ്ങള്‍ വേണ്ടത്രയുണ്ട്.
ഭരണക്രമങ്ങള്‍ എങ്ങനത്തേതാണെങ്കിലും ജനങ്ങള്‍ക്ക് പെറ്റനാടിനോട് മമത്വം ഇല്ലാതിരിക്കില്ല. ഈ കാഴ്ചപ്പാടോടെ വേദത്തിലെ മാതൃഭൂമിസൂക്തം വിശേഷിച്ചും ശ്രദ്ധേയമാണ്. മറ്റൊരു ധര്മ്മഗ്രന്ഥത്തിലും മാതൃഭൂമിയെക്കുറിച്ചോ അതിനോടുള്ള ഭക്തിയെക്കുറിച്ചോ ഇതുപോലെ പറഞ്ഞതായി കാണുന്നില്ല. വേദത്തില്‍ മാത്രമേ ഈ സൂക്തം കാണുന്നുള്ളൂ. അതും ഒഴുക്കന്മട്ടില് പറഞ്ഞുപോകുന്ന രൂപത്തിലല്ല.
അതിന്റെ വലുപ്പവും ഉള്ളടക്കവും ഏതൊരു ചിന്തകനേയും ഏറെ അദ്ഭുതപ്പെടുത്തും. മനുഷ്യന്റെ കര്‍ത്തവ്യങ്ങളുടെയും ആകാംക്ഷകളുടെയും പൂര്‍ണരൂപം അതില്‍ ചിത്രീകരിച്ചിരിക്കുന്നു.
ഈ ഗ്രന്ഥത്തില്‍ മാതൃഭൂമിയെയും ഭരണസംവിധാനത്തെയും സംബന്ധിച്ച എല്ലാ സൂക്തങ്ങളും കൊടുത്തിട്ടുണ്ട്. അതിങ്ങനെ വകുപ്പുതിരിച്ചിട്ടാണ്.
1. മാതൃഭൂമി-മാതൃഭൂമി, വിരാട്, രാഷ്ട്രീദേവി, രാജാവിനായിക്കൊണ്ടുള്ള രാഷ്ട്രസഭയുടെ സമ്മതം.
2. രാജാവ്-രാജാവിന്റെ കര്‍ത്തവ്യം, രാജ്യപ്ത്തില് രാജാവിന്റെ സ്ഥിരത, ദേശത്തിന്റെ ഐശ്വര്യാഭിവൃദ്ധി, രാജ്യാഭിഷേകം, രാജഭരണം, രാജാവിനെ തിരഞ്ഞെടുക്കല്‍, രാജാവ്, രാജാവിന് ഭരണഭാരം ഏല്‍പ്പിച്ചുകൊടുക്കല്‍.
3. രാജാവിന്റെ ധര്‍മം- ക്ഷത്രിയധര്മം, പ്രജാപാലനം, ദിക്കുകളുടെ പാലകനും രക്ഷകനും, രാഷ്ട്രസംവര്ദ്ധനം, രാഷ്ട്രസംരക്ഷണം.
4. ദുഷ്കൃതവിനാശം-ദുഷ്ടനാശം, ശത്രുദമനം, ദുഷ്ടസംഹാരം, സൈന്യസമ്മോഹനം, പാപകര്മങ്ങളില്നിന്ന് രക്ഷണം, ദുഃഖമുക്തി.
5. വിജയപ്രാപ്തി-അഭ്യുദയാര്ത്ഥം പ്രാര്‍ത്ഥന-വിക്രാന്തഭാവത്തോടെ വിജയം, വിജയാര്ഥം പ്രാര്‍ത്ഥന, കൃതിയും ജയവും, ശക്തിസമ്പാദനം, ജ്ഞാനത്തിന്റെയും ശൗര്യത്തിന്റെയും ഓജസ്സ്, തേജസ്സാര്ജിച്ചുകൊണ്ട് അഭ്യുദയം, അഭ്യുദയത്തിന്റെ ദിശ.
6. സംരക്ഷണം-സുരക്ഷ, ബലപ്രാപ്തി, ആത്മശുദ്ധി, ഉത്തമരും ശ്രേഷ്ഠരും യശസ്വികളുമായിത്തീരല്, സംശുദ്ധം-ശുഭം, പവിത്രം-നിര്‍ഭയം എന്നിവയുള്ള മാര്‍ഗമവലംബിച്ചു പ്രയാണം.
7. ആനന്ദം-പോഷണം, സുഖം, ജ്ഞാനം, ബന്ധനവിമോചനം, ക്രോധശമനം, സിദ്ധി.
8. യുദ്ധസാധനങ്ങള്- യുദ്ധസാമഗ്രികള്‍, രഥം, ദുന്ദുഭി, രാജാവിന്റെ സ്ഥൈര്യം, ശൗര്യം.
ഈ തലക്കെട്ടുകളിലായി നൂറ്റിപന്ത്രണ്ട് (112) സൂക്തങ്ങളും ആയിരത്തില്‍പ്പരം മന്ത്രങ്ങളും ഈ ഗ്രന്ഥത്തില്‍ കൊടുത്തിട്ടുണ്ട്. ഇവയെക്കുറിച്ച് പരിചിന്തനം ചെയ്താല്‍ വേദകാലത്തെ രാജ്യഭരണമെങ്ങനെയായിരുന്നു എന്ന് അറിയാം. ഉദാഹരണാര്‍ത്ഥം ഏതാനും മന്ത്രങ്ങളും അഥര്വവേദത്തില്നിന്നാണ്യ കോഷ്ടകത്തില്നിന്നാണ്. കോഷ്ടകത്തില് അവയുടെ സന്ദര്‍ഭം കാണ്ഡം, സൂക്തം, മന്ത്രം എന്ന ക്രമത്തില്‍ കൊടുക്കുന്നു.
1. സ്വാതന്ത്ര്യം കാക്കുന്ന ഗുണങ്ങള്‍:-
മാതൃഭൂമിയെ സമുദ്ധരിക്കാന്‍ വേണ്ട ഗുണങ്ങളെക്കുറിച്ച് മാതൃഭൂമി സൂക്തത്തില്‍ പറയുന്നു- ‘സത്യം ബൃഹത് ഋതം ഉഗ്രം ദീക്ഷാ തപോ ബ്രഹ്മ യജ്ഞഃ പൃഥിവീം ധാരയന്തി.’ (12-11)
സത്യം, നിയതജീവിതം, സരളത, ഉഗ്രത്വം, ദക്ഷത, ധാര്‍മികജീവിതത്തില്‍ വേണ്ടിവരുന്ന സഹനശീലം, ജ്ഞാനം, യജ്ഞഭാവം ഇവ ജനസാമാന്യത്തിനുള്ളില് സ്വാതന്ത്ര്യം സംരക്ഷിക്കാനും നിലനിര്‍ത്താനും പ്രബലപ്പെടുത്താനും ആവശ്യമാണ്. ഇവ വളര്‍ത്തിക്കൊണ്ട് ജീവിക്കുന്ന ജനങ്ങള്‍ വസിക്കുന്ന ദേശം സ്വാതന്ത്ര്യത്തോടെ തേജസ്സുറ്റതും പുകള്‍ പെറ്റതുമായിരിക്കും.
2. പൂര്വികമഹിമ
ഈ മഹത്തായ ദേശത്തിലെ പൂര്വികന്മാരെക്കുറിച്ച് പറയുന്നു. ‘യസ്യാം പൂര്‍വേ പൂര്വജനാ വിചക്രിരേ യസ്യാം ദേവാ അസുരാ നഭ്യവര്തയന്’ (12-1-5)
(വേദമൂര്‍ത്തി പണ്ഡിത സാത്വലേക്കറുടെ ‘മാതൃഭൂമി ആണി സ്വരാജ്യശാസ്യന്‍’ എന്ന മറാഠി ഗ്രന്ഥത്തിന് എഴുതിയ മുഖവുരയുടെ സംഗ്രഹം ആദ്യഭാഗം. കുരുക്ഷേത്ര പ്രകാശന് പ്രസിദ്ധീകരിച്ച രാഷ്ട്രചിന്തനം വേദങ്ങളില്‍ എന്ന പുസ്തകത്തില്‍നിന്ന്. പരിഭാഷ: ആര്. ഹരി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: