കോഴിക്കോട്: സര്‍ക്കാര്‍ കെടുകാര്യസ്ഥതയുടെ ഫലമായി സംസ്ഥാനത്തെ പദ്ധതി വിനിയോഗം റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക്. 2016-17 വാര്‍ഷിക പദ്ധതി പൂര്‍ത്തിയാക്കാന്‍ 12 ദിവസം മാത്രമിരിക്കെ ചെലവഴിച്ച തുക 38 ശതമാനത്തിനടുത്ത്. മുന്‍ വര്‍ഷങ്ങളിലെല്ലാം വിനിയോഗം 70-80 ശതമാനമായിരുന്നു.
മാര്‍ച്ച് 31 നാണ് വാര്‍ഷിക പദ്ധതി കാലാവധി തീരുന്നത്. അതിനകം വികസന പ്രവൃത്തികളെല്ലാം പൂര്‍ത്തിയാകണം. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ മിക്ക പദ്ധതികളും ഇപ്പോഴും തുടങ്ങി, ഭാഗികമായ നിലയിലാണ്. പലയിടത്തും പ്രധാനപ്പെട്ട നിരത്ത് പണി തുടങ്ങിയിട്ടേയില്ല. അതേപോലെ കെട്ടിടങ്ങളുടെ പണിയും. ഇനിയുള്ള ദിവസങ്ങളില്‍ തിരക്കിട്ട് പണി പൂര്‍ത്തിയാക്കിയാല്‍ തന്നെ വിനിയോഗം 50 ശതമാനത്തിനപ്പുറം പോകില്ലെന്നാണ് സൂചന.
പരിതാപകരമായ സാഹചര്യം മുന്നില്‍ കണ്ട്, ചെലവ് കൂട്ടുന്നതിനായി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രോജക്ടുകളുടെ ഭേദഗതി വരുത്തുന്നതിനുള്ള സമയം ഈ മാസം 27 വരെ ദീര്ഘിപ്പിക്കലാണതിലൊന്ന്. മറ്റൊന്ന്, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിച്ച പ്രോജക്ടുകള്‍ മാര്‍ച്ച് 31 ന് ശേഷം സ്പില്‍ ഓവര്‍ ആയി തുടരാന്‍ അനുവദിക്കും എന്നതാണ്.
പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നേരത്തെ സ്വീകരിക്കാത്തതാണ് ദുരവസ്ഥക്ക് കാരണം. നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ നൂറ് കണക്കിന് ഒഴിവാണ് നികത്താതിരിക്കുന്നത്. എഞ്ചിനീയറിംഗ് വിഭാഗത്തിന് പലയിടത്തും ക്ലാര്ക്കുമാരുമില്ല. പ്രൈസ് സോഫ്റ്റ്വെയര്, ടാര്‍ ലഭ്യമാക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടും പദ്ധതി പ്രവര്‍ത്തനം തളര്‍ന്നു. പദ്ധതി നിര്‍ദ്ദേശങ്ങള്‍ വകുപ്പ് തുടരെ തുടരെ മാറ്റിയതും ഉദ്യോഗസ്ഥരെ സാങ്കേതിക കുരുക്കില്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: