സോള്‍: റോക്കറ്റ് എന്ജിന് വിജയകരമായി പരീക്ഷിച്ചതിനു പിന്നാലെ ഉത്തരകൊറിയ മിസൈല്‍ വിക്ഷേപണത്തിനു ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. മിസൈല്‍ പരീക്ഷണം വിജയിച്ചില്ലെന്ന് അമേരിക്കയും ദക്ഷിണ കൊറിയയുമാണ് അറിയിച്ചത്. ഏത് തരം മിസൈലാണ് പരീക്ഷിച്ചത് എന്നു വ്യക്തമല്ല. വിക്ഷേപിച്ചതിനു തൊട്ടു പിന്നാലെ മിസൈല്‍ പൊട്ടിത്തെറിച്ച് കത്തിയമര്‍ന്ന് വീഴുകയായിരുന്നു എന്നാണ് അമേരിക്കയുടെ നാവികസേനാ വൃത്തങ്ങള്‍ പറയുന്നത്.
ഉത്തര കൊറിയയുടെ കിഴക്കന്‍ കടല്‍ത്തീരത്തുള്ള കല്‍മ എന്ന സ്ഥലത്തു നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. ഇതു പരാജയപ്പെട്ടെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പിലും പറയുന്നു.
പസഫിക് സമുദ്രത്തിലെ അമേരിക്കന്‍ നാവിക സേനാ കമാന്‍ഡാണ് മിസൈല്‍ പരീക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യം അറിയിച്ചത്. എന്ത് മിസൈലാണെന്നോ, പരാജയപ്പെട്ടത് എങ്ങിനെയാണെന്നോ ഇരു രാജ്യങ്ങളും വ്യക്തമാക്കിയിട്ടില്ല.
അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം തുടരുന്നതിനിടെയാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തിന്റെ വാര്‍ത്തകള്‍ വരുന്നത്. പരീക്ഷണം പരാജയപ്പെട്ടു എന്ന അമേരിക്കയുടേയും ദക്ഷിണ കൊറിയയയുടേയും അറിയിപ്പുകളോട് ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ പതിനാറു ദിവസത്തിനിടെ ഉത്തരകൊറിയ നടത്തുന്ന രണ്ടാമത്തെ മിസൈല്‍ പരീക്ഷമമാണിത്. മാര്‍ച്ച് ആറിന് മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. 2500 -4000 കിലോമീറ്റര്‍ ആക്രണമണ പരിധിയുള്ള ഈ മിസൈല്‍ പരീക്ഷണവും പരാജയമായിരുന്നു. അടുത്തിടെ ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: