ഇരിട്ടി: ഭൂരഹിത കര്‍ഷകര്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ ലൈസന്‍സില്ലാതെ കള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്നതായി പരാതി. ഷാപ്പിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. പടിയൂര്‍ പുലിക്കാട് റോഡില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ശ്രീകണ്ഠാപുരം റേഞ്ചിലെ നാല്‍പ്പത്തി അഞ്ചാം നമ്പര്‍ കള്ളുഷാപ്പാണ് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത്.
സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയില്‍ നിന്നും നൂറുമീറ്റര്‍ അകലെ പടിയൂര്‍ പുലിക്കാട് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പ് പൂവം കല്ല്യാട് റോഡിലെ ഭൂരഹിത കര്‍ഷകര്‍ക്കായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പതിച്ചുനല്‍കിയ ഭൂമിയിലെ കെട്ടിടത്തിലേക്ക് മാറ്റിയത്.
ഭൂരഹിതനായ പ്രഭാകരന്‍ എന്ന ആള്‍ക്ക് പതിച്ചുകിട്ടിയ ഭൂമിയില്‍ ഗാര്‍ഹികാവശ്യത്തിനായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് കള്ളുഷാപ്പ് കഴിഞ്ഞ ഏപ്രില്‍ 26 മുതല്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചുവരുന്നത്. ഇതേ മിച്ചഭൂമിയില്‍ തന്നെ താമസമാക്കിയവരില്‍ നിന്നും പ്രദേശ വാസികളില്‍ നിന്നും നിരവധി പരാതികള്‍ ഉയരുകയും ചിലര്‍ കളക്ടര്‍ക്ക് പരാതി സമര്‍പ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ പടിയൂര്‍ പഞ്ചായത്തിന്റെ റിപ്പോര്‍ട്ട് തേടിയത്. എന്നാല്‍ 10ന് കള്ളുഷാപ്പിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനായി പഞ്ചായത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇപ്പോഴും ഇവിടെ ഷോപ്പിന്റെ പ്രവര്‍ത്തനം തുടരുകയാണ്.
















