എല്ലാം തികഞ്ഞിട്ടും നഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തുന്നവര്‍ ശാലിനി സരസ്വതിയെന്ന ബെംഗളൂരു സ്വദശിനിയെ കുറിച്ച് അറിയണം. അംഗവൈകല്യം സംഭവിച്ചാല്‍ ജീവിതം അവസാനിച്ചെന്ന് കരുതുന്നവര്‍ക്ക് പ്രേരണയാവുകയാണ് ശാലിനി. മാസങ്ങള്‍ക്കു മുമ്പ് ബെംഗളൂരു ടിസിഎസില്‍ നടന്ന മാരത്തണില്‍ 10 കി. മി. വിഭാഗത്തില്‍ ഫൈബര്‍ ബ്ലേഡ് കാലുകളുമായി പങ്കെടുക്കാനെത്തെത്തിയതോടെയാണ് ശാലിനി എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമാവുന്നത്.
സൗത്ത് ആഫ്രിക്കന്‍ പാര ലിംബിക്സ് താരം ഓസ്കര് പ്രിറ്റോറിയസിന്റെ ഇന്ത്യന്‍ പതിപ്പെന്ന് തോന്നിക്കുന്ന മിന്നുന്ന പ്രകടനമാണ് അവര്‍ അവിടെ കാഴ്ച്ച വെച്ചത്. അതിലൂടെ ഒരു സുപ്രഭാതത്തില്‍ എല്ലാം നഷ്ടപ്പെടേണ്ടിവന്ന അവരുടെ കഥയും പുറത്തുവരികയായിരുന്നു.
കംബോഡിയയില്‍ ഭര്‍ത്താവുമൊത്ത് താമസിച്ചിരുന്ന മുപ്പത്തിരണ്ടുകാരിയായ ശാലിനി സരസ്വതി അവധിക്കാലം ആഘോഷിക്കുന്നതിനായാണ് സ്വന്തം നഗരമായ ബെംഗളൂരുവില്‍ എത്തുന്നത്. നാട്ടിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പനിയും അവശതയും അനുഭവപ്പെട്ട ശാലിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രംവരുന്ന അപൂര്‍വ്വമായ ബാക്ടീരിയ ഇന്ഫെക്ഷന് ബാധിച്ചിട്ടുണ്ടെന്ന് തിരിച്ചറിയുന്നത്.
ഇവരുടെ കൈകാലുകളുടെ പ്രവര്‍ത്തനം സാവധാനം നിലച്ചു. ഗര്‍ഭിണിയായിരുന്നു അന്ന് ശാലിനി. അസുഖത്തെ തുടര്‍ന്ന് ഗര്‍ഭവും അലസി. ജീവിതത്തിലേക്ക് ശാലിനി തിരിച്ചു വരാന്‍ വെറും അഞ്ചു ശതമാനം സാധ്യത മാത്രമേയുള്ളൂവെന്ന് ഡോക്ടര്‍മാരും വിധിയെഴുതി. മണിപ്പൂര്‍ ആശുപത്രിയിലെ ഐസിയുവില്‍ മരണത്തോടും ജീവിതത്തോടും മല്ലിട്ട് മാസങ്ങളോളം ചെലവഴിച്ചു. പിന്നീട് ഫിനിക്സ് പക്ഷിയെപ്പോലെയായിരുന്നു ശാലിനിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചു വരവ്.
ആശുപത്രി വാസത്തിനിടെ അവരുടെ രണ്ട് കൈയ്യും കാലുകളും അസുഖത്തെ തുടര്‍ന്ന് മുറിച്ചുമാറ്റി. നഷ്ടത്തിന്റെ കണക്കുകളെണ്ണി തളരാതെ ഇതില്‍ നിന്ന് തിരിച്ചു വരാനുള്ള തയ്യാറെടുപ്പുകളായിരുന്നു പിന്നീടങ്ങോട്ട്. അതിനിടയിലാണ് ദിവ്യാംഗര്‍ക്കായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളെ കുറിച്ച് ശാലിനിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. പിഞ്ചു പൈതലെപ്പോലെ അവര്‍ ഭാരം ബാലന്‍സ് ചെയ്ത് നടക്കാനും പിന്നീട് ഓടാനും പരിശീലച്ചു. ബി.അയ്യപ്പയുടെ കീഴിലാണ് ഇവര്‍ പരിശീലിക്കുന്നത്.
ഇതോടെ പ്രതിസന്ധികള്‍ക്കുമുന്നില്‍ തളരാതെയുള്ള ശാലിനിയുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുമ്പില്‍ വിധിയും ഒന്ന് വഴിമാറി. ഭര്‍ത്താവ് പ്രശാന്ത് ചൗദപ്പയും വീട്ടുകാരും ഇതിന് പിന്തുണയേകി. എന്നാല്‍ ഫൈബര്‍ കാലുകള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ വാടകയ്ക്കെടുത്ത് ശാലിനി പരിശീലനം നടത്തിയാണ് ടിസിഎസ് മാരത്തണില്‍ എത്തിയത്. അതില്‍ താരമായി മാറുകയും ചെയ്തു.
2020ല്‍ നടക്കുന്ന പാരലിംബിക്സില് ഇന്ത്യയെ പ്രതിനിധാനം ചെയ്യുകയെന്നതാണ് ശാലിനിയുടെ അടുത്ത സ്വപ്നം. അതിലും ശാലിനി മികവ് തെളിയിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കൂടാതെ നല്ലൊരു ഭരതനാട്യം നര്‍ത്തകികൂടിയാണ് ശാലിനി. കൂടാതെ സാല്സയും കണ്ടംപററി ഡാന്‍സും തനിക്ക് വഴങ്ങുമെന്നും ഇതിനോടകം ശാലിനി തെളിയിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: