ന്യൂദല്‍ഹി: റാന്‍സംവേര്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ബാങ്കുകള്‍ എടിഎമ്മുകള്‍ അടച്ചിടുന്നു. സുരക്ഷയുടെ ഭാഗമായാണ് എടിഎമ്മുകള്‍ അടച്ചിടുന്നത്. വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളുടെ സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ നടത്തിയ ശേഷം മാത്രം തുറക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. രാജ്യത്തെ 2.25 ലക്ഷം എടിഎമ്മുകള്‍ പ്രവര്‍ത്തിക്കുന്നത് വിന്‍ഡോസ് എക്സ്പിയിലാണ്. ഇത് രാജ്യത്തെ എടിഎമ്മുകളിലെ 60 ശതമാനത്തിലധികം വരും.
വിന്‍ഡോസ് എക്സ്പി പിഴവുകള്‍ പരിഹരിച്ച് പുതിയ വെര്‍ഷന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് അപ്‌ഡേറ്റ് ചെയ്യണമെന്നാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബാങ്കുകള്‍ ഇത് സംബന്ധിച്ച് എടിഎം സേവനങ്ങള്‍ നിയന്ത്രിക്കുന്ന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഉപഭോക്താക്കളുടെ പണവും ബന്ധപ്പെട്ട വിവരങ്ങളും സുരക്ഷിതമാണെന്നാണ് എടിഎം ഓപറേറ്റര്‍മാര്‍ നല്‍കുന്ന വിവരം.
രാജ്യത്തെ എടിഎമ്മുകളില്‍ ഭൂരിഭാഗവും വിന്‍ഡോസ് എക്സ് പിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇവ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
















