മൂലമറ്റം: മൂലമറ്റത്ത് നിന്നും ആശ്രമത്തിലേക്കുള്ള റോഡ് പൊട്ടിപൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലായെന്ന് പരാതി. നൂറ് കണക്കിന് ജനങ്ങള്‍ താമസിക്കുന്ന ആശ്രമം ഭാഗത്തേക്കുള്ള ഏക റോഡാണ് ഗതാഗതയോഗ്യമല്ലാതായത്. ആശ്രമം ഭാഗത്തുനിന്നും ഉളുപ്പൂണി വഴി ഉപ്പുതറയ്‌ക്ക് നിര്‍മ്മാണം തുടങ്ങിയ റോഡിന്റെ പണിയും മുടങ്ങി കിടക്കുകയാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത റോഡില്‍ ആശ്രമം ഭാഗം വരെ മാത്രമേ നിലവില്‍ ടാറിങ് ഉള്ളൂ.
ഈ ഭാഗമാണ് ടാറിങ് ഇളകി ഇപ്പോള്‍ തകര്‍ന്നു കിടക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതോടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായിഎത്തേണ്ടത് ഈ പാതയിലൂടെയാണ്. ട്രിപ്പ് ജീപ്പുകളെ ആശ്രയിച്ചാണ് ഇവിടുത്തുകാര്‍ യാത്ര ചെയ്യുന്നത്. റോഡ് മോശമായതോടെ ട്രിപ്പ് ജീപ്പ് ഡ്രൈവര്‍മാര്‍ ഇതുവഴി വാഹനം ഓടിക്കുവാന്‍ മടി കാണിക്കുകയാണ്.ഉളുപ്പൂണി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഈ പ്രദേശക്കാര്‍ക്ക് അത് വലിയ ആശ്വാസമാകും. നിലവില്‍ ടാറിങ് ഉള്ള ആശ്രമം വരെയുള്ള ഭാഗം റീ ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് ഇവിടുത്തുകാരുടെ ആവശ്യം
















