ഒലവക്കോട് : ജൈനിമേടിനും ഒലവക്കോടിനും ഇടയ്ക്ക് കല്പ്പാത്തിപ്പുഴയ്ക്കു കുറുകെയുള്ള പാലത്തിന്റെ അരികുഭിത്തിയും തൂണുകളും തകര്‍ച്ചഭീഷണിയില്‍.
തൂണുകളിലും മറ്റും മരത്തൈകള്‍ പടര്‍ന്നുകയറുന്നത് ആശങ്കക്ക് ഇടയാക്കുന്നു.പ്രതിദിനം ലോറികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
റെയില്‍വേ ഗേറ്റിനോടു ചേര്‍ന്നുള്ള ഭാഗത്തെ അരികുഭിത്തി മരം വളരുന്നതിനനുസരിച്ച് ഇടിഞ്ഞു വീഴുന്നുണ്ട്. പാലത്തെ താങ്ങി നിര്‍ത്തുന്ന അഞ്ചു തൂണുകളിലും മരത്തൈകള്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
വേരുകള്‍ ആഴ്ന്നിറങ്ങുന്നതോടെ തൂണില്‍ നിന്നു കല്ലുകള്‍ ഇളകി വീഴുന്നുണ്ട്. പാലത്തിന്റെ അടിവശത്തു നിന്നു സിമന്റ് പാളികള്‍ അടര്‍ന്നു വീഴുന്നതും ഭീതി വര്‍ധിപ്പിക്കുന്നു. അടുത്തിടെ പെയ്ത വേനല്‍മഴയത്ത് വെള്ളം കുതിച്ചൊഴുകിയതോടെ അരികുഭിത്തി കൂടുതല്‍ തകര്‍ച്ചാ ഭീഷണിയിലാണെന്നു സമീപവാസികള്‍ പറയുന്നു.
പാലത്തിന് കിഴക്കുവശത്തു പുഴയ്ക്കു കുറുകെയുള്ള റെയില്‍വേ ട്രാക്കിന്റെ തൂണുകള്‍ വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണി നടത്തുന്നുണ്ട്. ഇവിടെയും അഞ്ചു തൂണുകളാണ് ഉള്ളത്. റെയില്‍വേ നേരിട്ടാണ് അറ്റകുറ്റപ്പണി നടത്തുന്നത്. പിഡബ്ല്യുഡി ദേശീയപാതവിഭാഗത്തിന്റെ കീഴിലുള്ള പാലത്തില്‍ അറ്റകുറ്റപ്പണി നടന്നിട്ടു വര്‍ഷങ്ങളായി. മുന്‍പു പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പാലത്തിന്റെ ഭിത്തിയിലും തൂണുകളിലും ഉള്ള മരത്തൈകള്‍ വെട്ടിമാറ്റാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നു. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണു പരാതി.
ബ്രിട്ടീഷുകാരുടെ കാലത്തു നിര്‍മ്മിച്ച പാലം ശരിയായി അറ്റകുറ്റപ്പണി നടത്തിയാല്‍ ഇനിയും ദീര്‍ഘകാലം ഉപയോഗിക്കാനാകുമെന്നു വിദഗ്ധര്‍ പറയുന്നു. പാലത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു സമരത്തിനൊരുങ്ങുകയാണു നാട്ടുകാര്‍. പാലത്തില്‍ ബലമുള്ള കൈവരികള്‍ സ്ഥാപിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: