ഒറ്റപ്പാലം: ആനമുടിയില്‍ നിന്നും ഉത്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്ന മലബാറിന്റെ ജീവനാഡിയായ ഭാരതപ്പുഴ നാശത്തിന്റെ വക്കില്‍.
പാലക്കാട്, തൃശൂര്‍, മലപ്പുറം എന്നീജില്ലകളുടെ സാംസ്കാരിക തനിമയുടെ വിളനിലം കൂടിയാണു നിള.നിരവധി സാഹിത്യകാരന്മാര്ക്കും
കലാകാരന്മാര്ക്കും പ്രചോദനം നല്കിയ നിളയുടെ തീരം ഇന്ന് ഭൂമാഫിയകളുടെ പിടിയിലാണ്. ഒരുഭാഗത്ത് മണല്‍ ഊറ്റിനെ തുടര്‍ന്നു ശോചനീയാവസ്ഥയിലായ പുഴ നഗരങ്ങളിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ചവറ്റു കൊട്ടയായി മാറിക്കൊണ്ടിരിക്കുന്നു. ഒരുകാലത്ത് വേനലില്‍ പോലും നീരൊഴുക്ക് ഉണ്ടായിരുന്ന പുഴ മൂന്നു ജില്ലകളിലെ കുടിവെള്ളവാഹിനി കൂടിയാണ്. എന്നാല്‍ ഇന്നു മഴക്കാലത്തുപോലും നീരൊഴുക്കില്ലാതെ നിര്‍ജ്ജീവമായി കിടക്കുന്ന അവസ്ഥയിലാണ്.
അതു കൊണ്ടു തന്നെ പുഴയോര സംരക്ഷണം പഞ്ചായത്തുകളും നഗരസഭകളും നേരിടുന്ന പ്രധാനവെല്ലുവിളിയാണു. ഭാരതപ്പുഴയുടെ സംരക്ഷണ ചുമതല പാലക്കാട്, തൃശൂര്‍ ജില്ലകളിലെ വിവിധ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. എന്നാല്‍ പുഴയോര
കയ്യേറ്റം വ്യാപകമായിട്ടും പുഴസംരക്ഷിക്കുന്നതിനു കാര്യമായഒരു നടപടിയും തദ്ദേശസ്ഥാപനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. പല സ്ഥലത്തും പുഴകയ്യേറി വാഴ കൃഷി വ്യാപകമാണ്. മാത്രമല്ല ചിലപ്രദേശങ്ങളില്‍ ചെറു മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ഭൂമാഫിയകള്‍ കയ്യേറ്റം ശക്തിപ്പെടുത്തുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
ഭാരതപ്പുഴയുടെ തീരപ്രദേശങ്ങളില്‍ വ്യാപകമായി കൈയ്യേറ്റമുണ്ടെന്നും ബന്ധപ്പെട്ടവ കുപ്പ്ഉദ്യോഗസ്ഥര്‍ അത്തരംകയ്യേറ്റങ്ങള്‍ കണ്ടെത്തി നിയമപരമായി തിരിച്ചുപിടിക്കണമെന്ന് ഒറ്റപ്പാലം വികസന സമിതിയില്‍ ബിജെപി നേതാവ് പി.വേണുഗോപാല്‍ ആവശ്യപ്പെട്ടു. കയ്യേറിയ ഭാഗങ്ങള്‍ കണ്ടെത്തി അവിടെ വൃക്ഷതൈകള്‍ നട്ട് സംരക്ഷിക്കുന്നതിനൊപ്പം അനുയോജ്യമായ ഭാഗങ്ങളില്‍ ചെറിയ പൂന്തോട്ടങ്ങള്‍ നിര്‍മ്മിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ പുഴയോര കയ്യേറ്റങ്ങളുടെ കൃത്യമായ രേഖകള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ ഇല്ലെന്നുള്ളത് മറ്റൊരു വെല്ലുവിളിയാണ്. 2013ല്‍ പുഴയെസംരക്ഷിക്കുന്നതിനു വേണ്ടി മൂന്ന് ജില്ലാ ഭരണ കേന്ദ്രങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ട് പുനര്‍ജനി എന്നൊരു പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ പരിസ്ഥിതിക്കു കോട്ടം തട്ടാതെ പുഴയുടെ മനോഹാരിത വീണ്ടെടുക്കുകയാണു പുനര്‍ജനിയുടെ പ്രധാന ലക്ഷ്യമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി.
ഈ സംരംഭത്തിനു പിന്തുണ അറിയിച്ച് കേളപ്പജി കാര്‍ഷിക കോളേജ്, തിരൂര്‍ മലയാളം സര്‍വ്വകലാശാല എന്നിവര്‍ രംഗത്തു വന്നിരുന്നു. ഭാരതപ്പുഴയുടെ കയ്യേറ്റ മടക്കമുള്ളത് ഒഴുപ്പിച്ച് പടിപടിയായി പഴയ പ്രതാപത്തിലേക്കു എത്തികയെന്നതാണു പുനര്‍ജ്ജനിക്കു പിന്നിലെ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.
എന്നാല്‍ പുനര്‍ജനി ഇന്നൊരു ഉട്ടോപ്യന്‍ ആശയമായി മാറിയിരിക്കുന്നു. പുഴയിലെ കൈയ്യേറ്റങ്ങള്‍ ഒഴുപ്പിക്കുന്നതിനോ,അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിനോ നാളിതുവരെ റവന്യൂതദ്ദേശ വകുപ്പുകള്‍ക്കു കഴിഞ്ഞിട്ടില്ല.
സര്‍ക്കാരും സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ കാട്ടുന്ന നിസംഗതാഭാവം തുടരുകയാണെങ്കില്‍ മലബാറിന്റെ സംസ്കാരത്തിന്റെയും ഭാഷയുടെയും, കലകളുടെയും സ്പന്ദനമായ ഭാരതപ്പുഴ നിശ്ചലമാകുമെന്ന കാര്യത്തില്‍ സംശയമില്ല. കുടിവെള്ള പദ്ധതികള്‍ക്കായി സര്‍ക്കാരിന്റെ ആസൂത്രണവും പുഴയുടെ ദുര്‍ബലാവസ്ഥക്കു കാരണമായതായും നാട്ടുകാര്‍ പറയുന്നു.
നിരവധി സ്ഥലത്ത് തടയണകള്‍ കെട്ടിയതു കാരണം പുഴയുടെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുകയും കൂടുതല്‍ മലിനമാകുകയും ചെയ്യുന്നു. പല ഭാഗത്തും ക്രമാധീതമായി കുറ്റിക്കാടുകള്‍ വളര്‍ന്നതോടെ ഫോറസ്റ്റ് വകുപ്പ് ഏറ്റെടുക്കേണ്ട അവസ്ഥയിലേക്കുമാറുമോയെന്ന ചിന്തയിലാണു നാട്ടുകാര്‍.
പുഴയിലെ കയ്യേറ്റംകണ്ടു പിടിച്ച് പുഴയെ സംരക്ഷിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപം ഉണ്ട്. ഭൂമാഫിയകളുടെ കയ്യിലെ കളി പാവകളായി വകുപ്പ് ഉദ്യോഗസ്ഥര്‍ മാറിയിരിക്കുന്നതു കൊണ്ട് ഇനിയൊരു പുനര്‍ജ്ജനി പ്രതീക്ഷ അസ്ഥമിച്ച മട്ടാണെന്നു നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: