ഭോപ്പാല്‍: മധ്യപ്രദേശില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാ ഫലം പുറത്ത് വന്നതിന് പിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ 12 കുട്ടികള്‍ ആത്മഹത്യ ചെയ്തു.
മരിച്ചവരില്‍ സഹോദരങ്ങളടക്കം ആറ് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നതായി പോലീസ് അറിയിച്ചു. ഭോപ്പാല്‍ ജില്ല, ജബല്‍പൂര്‍, ഭിന്ദ്, തികാംഗ, ഗ്വാളിയോര്‍, ബലാഗട്ട്, ഇന്‍ഡോര്‍, ഗുന, ഛതര്‍പൂര്‍, സത്ന തുടങ്ങിയ വിവിധ സ്ഥലങ്ങളിലാണ് ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത്.
ഛതര്‍പൂര്‍ ജില്ലയിലെയും ഇന്‍ഡോറിലെയും രണ്ടു കുട്ടികള്‍ തൂങ്ങി മരിച്ചപ്പോള്‍ ഗുന ജില്ലയില്‍ രണ്ട് കുട്ടികള്‍ വിഷം കുടിച്ചാണ് മരിച്ചത്. ബലാഗത് ജില്ലയില്‍ കീടനാശിനി ശരീരത്തിനുള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കുട്ടികളെ കണ്ടെത്തി. ജബല്‍പൂരില്‍ 17 വയസുകാരന്‍ ട്രെയിന് മുമ്പിൽ ചാടി മരിക്കുകയായിരുന്നു. എന്നാല്‍ ഗ്വാളിയോറില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
90 ശതമാനം മാര്‍ക്ക് ലഭിക്കാത്തതിനാലാണ് ഭോപ്പാലിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന നമാന്‍ കേദവ് ശരീരത്തില്‍ വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്തത്. 74.4 ശതമാനം മാര്‍ക്ക് ലഭിച്ച ഇൗ കുട്ടി നിരാശയിലായിരുന്നു.
















