കൊല്‍ക്കത്ത: കാറില്‍ നിന്നു ചുവപ്പു ബീക്കണ്‍ മാറ്റാന്‍ വിസമ്മതിച്ച കൊല്‍ക്കത്ത ഇമാം നൂര്‍ ഉര്‍ റഹ്മാന്‍ ബര്‍ക്കാത്തി രാജ്യത്തെ വെല്ലുവിളിക്കുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി അടുത്ത ബന്ധമുള്ള നൂര്‍ ഉര്‍ ഇക്കാര്യത്തില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പോലീസിനേയും വെല്ലുവിളിച്ചു.
കൊല്‍ക്കത്തിയിലെ ടിപ്പു സുല്‍ത്താന്‍ പള്ളിയിലെ ഇമാമാണ് നൂര്‍ ഉര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫത്വ പുറപ്പെടുവിച്ച് വിവാദമുണ്ടാക്കിയ ചരിത്രമുണ്ട് ഇയാള്‍ക്ക്.
ചുവപ്പു ബീക്കണ്‍ നീക്കം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവു വന്ന് ഇത്രദിവസം കഴിഞ്ഞിട്ടും നൂറിന്റെ യാത്ര പഴയ പടി തന്നെയായിരുന്നു.
ഇതിനെതിരെ മൂന്നു പരാതികള്‍ കിട്ടിയിട്ടും ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനപ്പുറം ഒന്നും ചെയ്തിട്ടില്ല മമത സര്‍ക്കാര്‍. നിങ്ങള്‍ എന്റെ കാറിലെ ബീക്കണ്‍ ലൈറ്റിനെക്കുറിച്ച് ഇത്ര ആശങ്കപ്പെടുന്നതെന്തിന് എന്നാണ് മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യത്തോടെ നൂര്‍ ചോദിച്ചത്. ബീക്കണ്‍ ലൈറ്റ് വയ്‌ക്കാന്‍ മമത തനിക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ പറയുന്നു.
ഈ ബീക്കണ്‍ ലൈറ്റ് മാറ്റാന്‍ ആര്‍ക്കാണ് ധൈര്യം? നൂറ്റാണ്ടുകളായി ഇത് ഞങ്ങള്‍ക്കൊപ്പമുണ്ട്.
ബ്രിട്ടീഷുകാരാണ് ആദ്യം അനുമതി നല്‍കിയത്. ആര്‍എസ്എസ്സാണ് നിയമവിരുദ്ധം, മോദിയാണ് നിയമവിരുദ്ധം. അല്ലാതെ എന്റെ ബീക്കണ്‍ ലൈറ്റല്ല. ബംഗാളിലെ മുസ്ലീങ്ങളെ അസ്വസ്ഥരാക്കാന്‍ ശ്രമിക്കരുത്. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് അനുസരിക്കില്ല. ബംഗാളില്‍ ബംഗാള്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തിനേ വിലയുള്ളൂ, നൂര്‍ പറയുന്നു.
കൊല്‍ക്കത്തയിലെ ടോപ്‌സിയ, ഗാരിയഹട്ട്, ഹൗറയിലെ ഗോല്‍ബാരി സ്‌റ്റേഷനുകളിലാണ് നൂറിനെതിരെ പരാതികള്‍ വന്നിരിക്കുന്നത്. ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യണന്നാവശ്യപ്പെട്ട് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ പ്രതിഷേധ പ്രകടനം നടത്തി.
ടോപ്‌സിയ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇമാമിനെതിരെ എഫ്‌ഐആറിട്ടത്. ബീക്കണ്‍ ലൈറ്റ് മാറ്റാന്‍ വിസമ്മതിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചതിനും സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താന്‍ പാകത്തിനു പ്രസ്താവനകള്‍ നടത്തിയതിനുമാണ് കേസെടുക്കുന്നതെന്ന് എഫ്‌ഐആറില്‍ പറയുന്നു.















