കാഞ്ഞങ്ങാട്: ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമായ ഗുരുവനം കുന്നിനെ നെടുകെ പിളര്‍ന്ന് റോഡ് നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ ജനരോഷം ശക്തമാകുന്നു. സ്വാമി നിത്യാനന്ദ തപസുചെയ്ത ഗുരുവനം കുന്നിലെ നിത്യാനന്ദ ആശ്രമത്തിന് ഭീഷണിയുയര്‍ത്തിക്കൊണ്ടാണ് ഭൂമാഫിയകളുടെ നേതൃത്വത്തില്‍ റോഡ് നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നത്.
കാഞ്ഞങ്ങാട് നഗരസഭയെയും മടിക്കൈ ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിധത്തില്‍ എട്ടുകോടി രൂപ ചിലവിലാണ് റോഡ് നിര്‍മ്മിക്കാന്‍ നീക്കം തുടങ്ങിയത്. ജനവാസം പോലും ഇല്ലാത്ത ഇവിടെ കുന്ന് പിളര്‍ന്ന് റോഡുണ്ടാക്കുന്നത് ചില രാഷ്ട്രീയ നേതാക്കളുടെ സ്വാര്‍ത്ഥതയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയുടെ പേരില്‍ 10 ഏക്കറയും മറ്റു ചില വ്യക്തികള്‍ക്കും ബിനാമികള്‍ക്കും ഭൂമിയുള്ളതായി രേഖകളില്‍ കാണുന്നു. ബാക്കിയുള്ള സ്ഥലങ്ങള്‍ റവന്യൂ ഭൂമിയാണ്. ഭരണ കക്ഷി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ കണ്ണൂര്‍ ലോബിയാണ് ഇപ്പോള്‍ ആവശ്യമില്ലാത്ത റോഡ് നിര്‍മ്മാണത്തിന് വേണ്ടി പരിശ്രമിക്കുന്നത്.
150 മീറ്ററിലധികം കുന്നിടിച്ച് സ്വാകാര്യ വ്യക്തി നേരത്തെ റോഡ് ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ കൂടിയാണ് മടിക്കൈ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ഠ റോഡ് നിര്‍മ്മിക്കാനിരിക്കുന്നത്. 1.900 കീ.മീറ്റര്‍ റോഡിനാണ് 8 കോടി രൂപയുടെ ബജറ്റ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മടിക്കൈ പഞ്ചായത്തിന്റെ ഭരണ സമിതിയില്‍ ചര്‍ച്ചയ്ക്കെടുത്തെങ്കിലും അംഗങ്ങളില്‍ 15 പേരില്‍ 12 പേരുടേയും എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്ന് വെക്കുകയായിരുന്നു. അതിനുശേഷം ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച് തലസ്ഥാനത്ത് നിന്നാണ് നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കി അനുമതി നേടിയെടുത്തത്.
കാഞ്ഞങ്ങാട് നിന്ന് മടിക്കൈ പഞ്ചായത്തിനെ ബന്ധിപ്പിക്കുന്ന അരയി, കാര്‍ത്തിക, അടുക്കത്തുപറമ്പ് റോഡ് ചുരുങ്ങിയ ചിലവില്‍ നവീകരിക്കാമെന്നിരിക്കെ ഗുരുവനം കുന്നിനെ പിളര്‍ന്നുകൊണ്ട് പുതിയ റോഡുണ്ടാക്കുന്നത് രാഷ്ട്രീയ നേതാക്കള്‍ക്കും ഭൂമാഫിയകള്‍ക്കും വേണ്ടിയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.
സര്‍ക്കാരിന്റെയും വിവിധ പദ്ധതികള്‍ ഈ കുന്നില്‍ മുകളില്‍ വരാനുണ്ടെന്നും അതിനുവേണ്ടയാണ് റോഡ് നിര്‍മ്മിക്കുന്നതെന്നാണ് മറുപക്ഷം പറയുന്നത്. വികസനത്തിന്റെ മറവില്‍ വനപ്രദേശമായ കുന്നിടിക്കുന്നത് എന്ത് വിലകൊടുത്ത് തടയുമെന്ന് പരിസ്ഥിതിക്ക് സ്നേഹികള്‍ പറയുന്നു.
നിത്യാനന്ദ ആശ്രമവും സ്വാമി നിത്യാനന്ദ തപസുചെയ്ത ഗുഹയും പരിശുദ്ധമായ പാപനാശിനി ഗംഗയും സ്ഥിതി ചെയ്യുന്ന നിത്യാനന്ദ ആശ്രമം ഈ റോഡ് നിര്‍മ്മിക്കുന്നതിലൂടെ തകര്‍ച്ചാ ഭീഷണിയിലാകുമെന്നും തദ്ദേശവാസികള്‍ ഭയപ്പെടുന്നു. വിദേശികളും ചരിത്ര വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ നിരവധി ആളുകളാണ് ഗുരുവനത്തേക്ക് ദിവസേന സന്ദര്‍ശകരായി എത്താറുള്ളത്.
റോഡ് നിര്‍മ്മാണവുമായി അധികൃതര്‍ മുന്നോട്ടുപോകുമ്പോള്‍ പ്രതിഷേധവുമായി നാട്ടുകാരും പ്രകൃതി സ്നേഹികളും രംഗത്തിറങ്ങി. റോഡ് നിര്‍മ്മാണത്തിനെതിരെ ഗുരുവനത്തും പരിസരങ്ങളിലും വ്യാപകമായ പോസ്റ്ററുകളും ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: