മുംബൈ: ഏറെ കൊട്ടിഘോഷിച്ച സംഗീതപരിപാടി പരാജയപ്പെട്ടതിനു പിന്നാലെ വിഖ്യാത പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യ വിട്ടു. ബോളിവുഡ് താരങ്ങളടക്കമുള്ള ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന സംഗീതനിശയായിരുന്നു ബുധനാഴ്ചത്തേത്. ഇന്ത്യയില്‍ ബീബര്‍ പാടാനെത്തിയതും ഇതാദ്യം.
എന്നാല്‍ നാലു പാട്ടുകള്‍ മാത്രമാണ് ബീബര്‍ പാടിയതെന്നാണ് ആരാധകര്‍ നിരാശയോടെ പറയുന്നത്. മറ്റെല്ലാ പാട്ടുകളും സിഡിയിട്ടു കേള്‍പ്പിച്ച് ബീബര്‍ ചുണ്ടനക്കുകയായിരുന്നു.
രണ്ടു ദിവസം ബീബര്‍ ഇന്ത്യയില്‍ തങ്ങുമെന്നും താജ് മഹല്‍ സന്ദര്‍ശിക്കുമെന്നുമൊക്കെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രാത്രി വൈകി മുംബൈ വിമാനത്താവളത്തില്‍ നിന്ന് ബീബര്‍ ജോഹന്നാസ്‌ബെര്‍ഗിലേക്കു വിമാനം കയറി. വിമാനത്താവളത്തില്‍ ഷര്‍ട്ടിടാതൈ നില്‍ക്കുന്ന ബീബറിന്റെ ചിത്രങ്ങളും പുറത്തു വന്നു.
കടുത്ത ചൂടു താങ്ങാനാവാതെയാണ് ബീബര്‍ ഇന്ത്യ വിട്ടതെന്നാണ് സംഗീത നിശ സംഘടിപ്പിച്ചവര്‍ പറയുന്നത്. പാട്ടിനിടെ ഗിറ്റാറില്‍ ബീബറിനു താളം പിഴച്ചതിനും പഴി അത്യുഷ്ണത്തിനാണ്.
















