കണ്ണൂര്‍: വടക്കേമലബാറിന്റെ തനത് കലയായ തെയ്യത്തിന്റെയും നാടന്‍ കലകളുടെയും പശ്ചാത്തലത്തില്‍ സ്ത്രീ സമൂഹം അനുഭവിക്കുന്ന വ്യഥകളുടെയും ദുരിതങ്ങളുടെയും കഥ പറയുന്ന ചായില്യത്തിന് ഏറ്റവും നല്ല കഥക്ക് ഇന്നലെ ലഭിച്ച ചലച്ചിത്ര പുരസ്കാരം യുവകഥാകാരന്‍ മനോജ് കാനക്കുള്ള അംഗീകാരമായി. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും സ്വയം നിര്‍വഹിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സിനിമയുടെ കഥയെത്തേടി അംഗീകാരം എത്തിയതിന്റെ ആഹ്ലാദത്തിലാണ് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കോത്തായിമുക്ക് സ്വദേശിയായ മനോജ്.
പതിനഞ്ചോളം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള മനോജ് ആദ്യമായാണ് സിനിമാ രംഗത്തെത്തുന്നതും പ്രഥമകഥയിലൂടെ പുരസ്കാരം നേടുന്നതും. പ്രഥമ കഥയ്ക്കു തന്നെ പുരസ്കാരം ലഭിച്ചുവെന്നത് നേട്ടത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു. സ്ത്രീകള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വരച്ചുകാട്ടുന്ന ചായില്യമെന്ന കഥ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആവശ്യകത വിളിച്ചോതുന്നു. ചുവപ്പിന്റെ വ്യത്യസ്ത ഭാവങ്ങള്‍ കഥയില്‍ ഉടനീളം അവതരിപ്പിക്കപ്പെടുന്നു. സമൂഹത്തിലെ ആചാരങ്ങള്‍ക്കിടയില്‍, തെയ്യക്കോലങ്ങളില്‍ ചുവപ്പിന്റെ സാന്നിധ്യം തുടങ്ങി ദേഷ്യം, ഭൂമി, സ്ത്രീകളുടെ കണ്ണീര്, ആര്‍ത്തവം, നിണം തുടങ്ങി ചുവപ്പിന്റെ വ്യത്യസ്തതകള്‍ കഥയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ മനോജ് വശ്യമനോഹരമായി കഥയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഗൗരി എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചായില്യം എന്ന കഥ പുരോഗമിക്കുന്നത്. നന്നെ ചെറുപ്പത്തിലേ വിധവയായി മാറുന്ന ഗൗരി എന്ന കഥാപാത്രം ശാരീരികവും മാനസികവുമായി സമൂഹത്തില്‍ നിന്നും അനുഭവിക്കുന്ന വിഷമതകള്‍, വിധവയായ സ്ത്രീയെ വിവിധ ദിശയിലേക്ക് വലിക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍, ഇവക്കിടയില്‍ അമ്മയുടെ സാധാരണ മകളായി, മക്കളുടെ അമ്മയായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന രംഗം നാടന്‍ കലകളുടെ പശ്ചാത്തലത്തില്‍ നൂതനമായ രീതിയില്‍ മനോജ് അവതരിപ്പിക്കുന്നു. നിരവധി പുത്തന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള യുവനടി അനുമോള്‍ ആണ് കേന്ദ്രകഥാപാത്രമായ ഗൗരിയെ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീ തെയ്യക്കോലം കെട്ടുന്ന കേരളത്തിലെ ഏക തെയ്യമായ ദേവക്കൂത്ത് എന്ന തെയ്യം ഗൗരി എന്ന കഥാപാത്രം സിനിമയില്‍ കെട്ടിയാടുന്നു. നടന് എം.ആര്.ഗോപകുമാര്‍ ആണ് അമ്പുപ്പെരുവണ്ണാന്‍ എന്ന നായകകഥാപാത്രത്തെ സിനിമയില്‍ അവതരിപ്പിക്കുന്നത്. ജാതീയത നിലനിന്നിരുന്ന കാലഘട്ടത്തില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ ചേര്‍ന്നുളള പ്രണയ, കുടുംബ ജീവിതങ്ങള്‍ക്ക് നിലനിന്നിരുന്ന വിലക്കിനെതിരെ ഈ കഥയിലൂടെ കഥാകൃത്ത് പ്രതികരിക്കുന്നു.
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റ് കണ്ണൂര്‍ മേഖലാ ഓഫീസില്‍ അസി.പ്രൊഡ്യൂസറായ മനോജ് കാന ഏറ്റവും ഒടുവില്‍ തിരുവനന്തപുരത്ത് നടന്ന അന്തര്‍ദ്ദേശീയ ഫിലിം ഫെസ്റ്റിവെലില്‍ നവാഗത യുവ ഇന്‍ഡ്യന്‍ സംവിധായകനുള്ള 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം നേടിയിരുന്നു. ഈയിടെ ജോണ്‍ അബ്രഹാം അവാര്‍ഡ് കമ്മറ്റിയുടെ സ്പെഷ്യല്‍ ജൂറി പുരസ്കാരവും മനോജിന്റെ ചായില്യത്തിന് ലഭിച്ചിരുന്നു. മനോജ് എഴുതി നിര്‍മ്മിച്ച ‘ഉറാട്ടി’ എന്ന നാടകത്തിന് 2003 ല്‍ സംസ്ഥാന അവാര്‍ഡ് ലഭിക്കുകയുണ്ടായി.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ നിര്‍മാണത്തിന് ‘നേര്’ എന്ന പേരില്‍ കള്‍ച്ചറല്‍ സൊസൈറ്റി രൂപീകരിച്ച് വിവിധ വേദികളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചും മറ്റുമാണ് പണം കണ്ടെത്തിയത്. 60 ലക്ഷത്തോളം രൂപ സിനിമാ നിര്‍മാണത്തിനായി ചെലവായതായി മനോജ് പറഞ്ഞു. പയ്യന്നൂര്‍ കോത്തായിമുക്കിലെ കാന വീട്ടില്‍ കെ.കെ.കൃഷ്ണന്-കാന നാരായണി ദമ്പതികളുടെ മകനാണ് മനോജ്. ശ്രീജ ഏക സഹോദരിയാണ്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചുകൊണ്ട് നിര്‍മിച്ച തന്റെ സിനിമക്ക് ലഭിച്ച അംഗീകാരത്തില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും ചായില്യം ഏപ്രില്‍ അവസാനവാരം തിയ്യറ്ററുകളിലെത്തുമെന്നും മനോജ് കാന ജന്മഭൂമിയോട് പറഞ്ഞു.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: