മലയാള സിനിമയില്‍ 24 വര്‍ഷങ്ങള്‍, 53 ചിത്രങ്ങള്‍ എല്ലാ സൂപ്പര്താരങ്ങള്ക്കുമൊത്ത് അഭിനയിക്കാന്‍ അവസരം. ഹരിഹരന്, എംടി, സത്യന് അന്തിക്കാട്, സിബിമലയില്‍, ഷാജി കൈലാസ്, ഫാസില്‍, കമല്‍, സിദ്ദിഖ്, റാഫി മെക്കാര്‍ട്ടിന്‍, രഞ്ജിത്ത് തുടങ്ങി എല്ലാ പ്രമുഖ സംവിധായകരുടെയും സിനിമകളില്‍ അവസരം. സിനിമാലോകത്ത് ഒരു നടന് ലഭിക്കുന്ന അപൂര്‍വ്വഭാഗ്യം. കഴിഞ്ഞ 24 വര്‍ഷവും ഈ നടന് പ്രേക്ഷകര്‍ക്കിടയിലുണ്ടായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, ദിലീപ്, മുകേഷ് തുടങ്ങി പ്രമുഖ നടന്മാരുടെ ശക്തമായ പല നായക കഥാപാത്രങ്ങളുടെയും ബാല്യം അവതരിപ്പിച്ചത് ബിയോണ് എന്ന ഈ നടനായിരുന്നു. ആ ബിയോണ് നായകനായ കുന്താപുര തിയേറ്ററുകളിലെത്തിക്കഴിഞ്ഞു. ബാലതാരത്തില്‍ നിന്നും നായകവേഷത്തിലേക്കുള്ള യാത്രയില്‍ ബിയോണ് സമ്മാനിച്ച മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളുണ്ട്.
1989-ല്‍ ഹരിഹരന്റെ ഒരു വടക്കന്‍ വീരഗാഥയിലൂടെയായിരുന്നു ബിയോണിന്റെ തുടക്കം. എല്‍കെജി- യുകെജി ക്ലാസുകളില്‍ തന്നെ നാടകത്തിലും മോണോആക്ടിലും ഫാന്‍സി ഡ്രസിലും സജീവമായിരുന്ന അഞ്ചുവയസ്സുകാരന് ക്യാമറയ്ക്ക് മുന്നില്‍ എത്തിപ്പെട്ടത് യാദൃശ്ചികമാണ്. ഒരു വടക്കന്വീരഗാഥയിലേക്ക് ബാലതാരങ്ങളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് അച്ഛന് ശിവശങ്കരനും അമ്മ ബീനയും ചേര്‍ന്ന് മകനെയും കൂട്ടി കോഴിക്കോട് ഇന്റര്വ്യൂവിനെത്തുകയായിരുന്നു.
ഒരു വടക്കന്‍വീരഗാഥ നല്ലൊരു തുടക്കമായിരുന്നു ബിയോണിന്. പി.എന്‍.മേനോന് ചിത്രമായ മണിഓര്‍ഡര്‍ ആയിരുന്നു തൊട്ടടുത്ത ചിത്രം. ഭരതം, കാക്കത്തൊള്ളായിരം, സന്ദേശം, കടവ്, തലസ്ഥാനം, മഹാത്മ, കുടമാറ്റം, തെങ്കാശിപട്ടണം, വല്യേട്ടന്, ക്രോണിക് ബാച്ചിലര്‍ തുടങ്ങി നിരവധി ഹിറ്റ്ചിത്രങ്ങളില്‍ ബിയോണ് കുട്ടിനായകനായി. സംവിധായകന് സൂര്യയുടെ 50-50 എന്ന കന്നഡചിത്രത്തിലും തെങ്കാശിപട്ടണത്തിലെ തമിഴ് റീമേക്കിലും ബിയോണ് മിന്നിതിളങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, ദിലീപ്, ലാല്‍, മുകേഷ്, ശരത്കുമാര്, നരേന്ദ്രപ്രസാദ്, വിജയരാഘവന്, വിജയകുമാര്‍ എന്നീ പ്രമുഖനടന്മാരുടെയെല്ലാം ബാല്യം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ബിയോണിന് മറക്കാന്‍ കഴിയാത്ത രണ്ട്ചിത്രങ്ങള്‍ തെങ്കാശിപട്ടണവും ക്രോണിക് ബാച്ചിലറുമാണ്. അഭിനയത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട രണ്ട് ചിത്രങ്ങളായിരുന്നു തെങ്കാശിപട്ടണവും ‘ക്രോണിക് ബാച്ചിലറു’ മെന്ന് ബിയോണ് ഓര്‍മ്മിക്കുന്നു. റാഫി മെക്കാര്‍ട്ടിന്റെയും സിദ്ദിഖിന്റെയും സിനിമകളിലൂടെ ഒരു നടന് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ ധാരണയുണ്ടാക്കാനായതായി ബിയോണ് പറയുന്നു.
കോഴിക്കോട് എന്‍എസ്എസ് കോളേജില്‍ ഡിഗ്രിയും പിജിയും കഴിഞ്ഞ് ഒരു ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ജോലിക്ക് കയറിയ ബിയോണിന്റെ അഭിനയജീവിതത്തിന്റെ രണ്ടാംഘട്ടം 2010-11 മുതലായിരുന്നു. അറ്റ്ലസ് രാമചന്ദ്രന് സംവിധാനം ചെയ്ത ഹോളിഡേയ്സില്‍ അഭിനയിച്ച ബിയോണിനെ തേടി മെട്രോ എന്ന ചിത്രവും മറ്റു ചില ചിത്രങ്ങളും കൂടിയെത്തിയതോടെ ജോലി രാജിവച്ച് മുഴുവന്‍ സമയവും സിനിമയിലേക്കിറങ്ങുകയായിരുന്നു. എന്നാല്‍ മെട്രോ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല. 2010-12 വര്‍ഷങ്ങളില്‍ 15 ലേറെ ചിത്രങ്ങള്‍ ചെയ്തുവെങ്കിലും കരിയര്‍ ഗ്രാഫ് ഉയര്‍ത്തുന്ന ചിത്രങ്ങളൊന്നും ബിയോണിനെ തേടിയെത്തിയില്ല.
എന്നാല്‍, മെട്രോയുടെ റിലീസ് സമയത്തെ ഒരു ചാനല്‍ ഇന്റര്‍വ്യു കണ്ടാണ് കുന്താപുരയുടെ സംവിധായകന് ജോ ഈശ്വര്‍ ബിയോണിനെ തേടിയെത്തുന്നത്. ‘തെങ്കാശിപ്പട്ടണം’ ഇറങ്ങിയ സമയത്ത് ജോ ഈശ്വര്‍ പരിചയപ്പെട്ടിരുന്നു. അതിനുശേഷം യുകെയില്‍ പോയ ജോ ഇന്റര്‍വ്യു കണ്ടാണ് വീണ്ടും ബിയോണിനെ കാണാനെത്തിയത്. 2011-ല്‍ തുടങ്ങിയ കുന്താപുരയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷമെടുത്തു. 1928 മുതല്‍ 2012 വരെയുള്ള കാലഘട്ടം മൂന്നുപേരിലൂടെ പറയുന്ന കുന്താപ്പുരയില് സ്വാതന്ത്രസമരവും പ്രണയവുമെല്ലാം പ്രമേയമാവുന്നുണ്ട്. ചാരുഹാസന്, അനുഹാസന്‍, പ്രിയാലാല്‍, ജൂബിന്‍രാജ് തുടങ്ങിയവരും ഇരുപതോളം ബ്രിട്ടീഷ്ഠാരങ്ങളും അടങ്ങിയ ചിത്രം ചിത്രീകരിച്ചത് പൊള്ളാച്ചി, ശ്രീരംഗപട്ടണം, മൈസൂര്‍, ശ്രാവണബളഗോള, യുകെ, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലാണ്. വിദേശരാജ്യങ്ങളിലടക്കം റിലീസ് കഴിഞ്ഞശേഷമാണ് കുന്താപുര കേരളത്തിലെത്തിയത്.
ആദ്യനായക വേഷത്തിന്റെ ഹാംഗ് ഓവര്‍ മാറും മുമ്പ്തന്നെ ബിയോണിനെ തേടി വീണ്ടും നായകവേഷങ്ങളെത്തിയിരുന്നു. ‘പറങ്കിമല’യെ സെന്നന് പൊള്ളാശ്ശേരിയാണ് റീമേക്ക് ചെയ്യുന്നത്. ‘പറങ്കിമല’യിലെ അപ്പു തന്റെ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാവും എന്ന പ്രതീക്ഷയിലാണ് ബിയോണ്.
ഇംഗ്ലീഷ് ചിത്രത്തില്‍ മുഖ്യ കഥാപാത്രമവതരിപ്പിക്കാനുള്ള അവസരം മലയാളനടന്മാര്ക്ക് ലഭിച്ചിട്ടുണ്ടെന്നുതന്നെ തോന്നുന്നില്ല. ആ ഭാഗ്യവും ബിയോണിനെ തേടിയെത്തി. നിക്ക് ഫ്ലെച്ചറും സ്റ്റീഫന്‍ ക്രോസോയും സംവിധാനം ചെയ്യുന്ന ചാകര എന്ന സിനിമ ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. യുകെയിലും സ്പെയിനിലും കേരളത്തിലുമായാണ് ചാകര ചിത്രീകരിച്ചത്.
ദാമര്‍ പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ബിജു ഭാസ്കര്‍ സംവിധാനം ചെയ്യുന്ന അന്ധേരിയാണ് ബിയോണിനു പ്രതീക്ഷ നല്കുന്ന അടുത്ത ചിത്രം. മുംബൈയിലെ അധോലോക പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു ഫാമിലി ത്രില്ലറാണ് ‘അന്ധേരി’.
നായകനായി തന്നെ തുടരണമെന്ന ആഗ്രഹമൊന്നും തനിക്കില്ലെന്നു ബിയോണ് പറയുന്നു. ഡോക്ടര്‍ ലൗവ് എന്ന ചിത്രത്തില്‍ തനിക്ക് രണ്ട് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ക്ലൈമാക്സില്‍ പ്രേക്ഷകമനസ്സില്‍ സ്ഥാനം പിടിച്ച കഥാപാത്രമായിരുന്നു അത്. പ്രേക്ഷകമനസ്സില്‍ തങ്ങിനില്ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹം , ബിയോണ് പറയുന്നു.
ബിയോണിന്റെ കഥാപാത്രങ്ങളെ ശക്തമായി വിമര്‍ശിക്കുന്ന ഒരു ആരാധികയുണ്ട്. മിന്റു. കോളേജില്‍ തുടങ്ങിയ പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു.
കുന്താപുരയില്‍ നിന്നും ലഭിച്ച വിശ്വാസത്തോടെ ബിയോണ് കാത്തിരിക്കുകയാണ്. അഭിനയമികവുള്ള പുതിയ കഥാപാത്രങ്ങള്‍ക്കായി.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: