സ്വപ്നങ്ങള്‍ കണ്ടുനടന്ന കുട്ടിക്കാലം. അപ്പാപ്പന്റെ കൈപിടിച്ച് നടന്ന് കണ്ടുവളര്‍ന്ന ദൃശ്യങ്ങളും അമ്മാമ്മയുടെ കഥകളിലൂടെ കേട്ടുവളര്‍ന്ന കഥാപാത്രങ്ങളും അവന്റെയുള്ളില്‍ സ്വപ്നക്കൂടൊരുക്കി. ആ സ്വപ്നക്കൂട്ടില്‍നിന്നും വര്ണച്ചിറകേറി പറക്കാന്‍ കൊതിച്ചപ്പോള്‍ നാടകം ജീവിതമാക്കിയ അപ്പന് വിലക്കി. ചിറക് മുളക്കുന്നതിന് മുമ്പ് പറന്നാല്‍ കാലിടറി വീഴുമെന്ന ഉപദേശം. ചിറക് മുളച്ച് പാറപ്പറന്നു തുടങ്ങിയപ്പോള്‍ അത് കാണാന്‍ കൊതിച്ച അപ്പന് തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞു. നിറങ്ങള്‍ ചാലിച്ച ലോകത്ത് ശബ്ദദൃശ്യവിരുന്നൊരുക്കാനിറങ്ങിയപ്പോള് സ്വപ്നലോകം ചില്ലുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞു. വര്‍ണച്ചിറകുകള്‍ വീശി പറക്കാനുള്ള ശ്രമത്തിനിടെ കാറുംകോളും മൂലം കാലിടറി. പ്രതീക്ഷകള്‍ നിരാശയ്ക്ക് കൂടൊരുക്കിയപ്പോള്‍ വിശ്വാസപ്രമാണങ്ങള്‍ അവനെ വിളിച്ചുണര്‍ത്തി.
അമ്മാമ്മ പകര്‍ന്നുതന്ന കഥകള്‍ അവനെ വീണ്ടും സ്വപ്നങ്ങളിലേക്ക് നയിച്ചു. അപ്പാപ്പന് കാട്ടിക്കാടുത്ത ദൃശ്യങ്ങള്‍ സ്വപ്നങ്ങള്‍ക്ക് വര്ണവിരുന്നൊരുക്കി. കടന്നുപോയ വഴിത്താരകളിലെ മാലാഖമാര്‍ അവന് വഴികാട്ടികളായി. സ്വപ്നലോകത്ത് നിന്നൊരു വര്‍ണമഴ പെയ്തിറങ്ങി. അതിലെ പ്രണയവും കാലവും വിശ്വാസവും അത്ഭുതങ്ങള്‍ സൃഷ്ടിച്ചു. ‘ആമേന്‍’ എന്ന ആ അത്ഭുതം പ്രേക്ഷകലക്ഷങ്ങള്‍ ഇന്ന് അനുഭവിച്ചറിയുകയാണ്. വേറിട്ട വഴിയിലൂടെ വേറിട്ട സിനിമയിലൂടെ പ്രേക്ഷകര്‍ക്കുമുന്നില്‍ സിനിമയുടെ മാജിക് എന്തെന്ന് ആമേനിലൂടെ കാട്ടിക്കാടുത്ത സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോയുടെ അനുഭവസാക്ഷ്യങ്ങള്‍…..
ആമേനിലേക്കുള്ള വഴിത്താരകള്‍
‘നായകന്’ കഴിഞ്ഞവേളയിലാണ് ഒരു ചെറിയ സിനിമയുടെ പശ്ചാത്തലം മനസിലേക്ക് വന്നത്. ഒരു പള്ളിയും ആ പള്ളിക്കു ചുറ്റുമുള്ള നാട്ടുകാരും അതുമായി ബന്ധപ്പെട്ട ഒരു കഥയും. അവിടെനിന്ന് ആ കഥയിലേയ്ക്ക് വിവിധതലങ്ങള്‍ കടന്നുവന്നു. സോളമന്റെയും ശോശാന്നയുടെയും പ്രണയം, ഗീവര്‍ഗീസ് ബാന്റ് എന്നിങ്ങനെ മൂന്നുകഥാതലങ്ങള് മനസിലേക്കെത്തി. ഗിവര്‍ഗീസ് ബാന്റ് സംഘത്തിന്റെ കഥ മറ്റൊരു സിനിമയ്ക്കായി പ്ലാന്‍ ചെയ്തതായിരുന്നു. മൂന്നുനാലു വര്‍ഷത്തെ മാറ്റിമറിയ്ക്കലിലൂടെയാണ് ആമേന്‍ ആമേനാകുന്നത്.
സിനിമയുടെ ഓരോഭാഗവും ഓര്‍മകളില്‍നിന്നോ കൂട്ടുകാര്‍ പറഞ്ഞിട്ടുള്ള കഥകളില്‍നിന്നോ വായിച്ചറിഞ്ഞ കഥാപാത്രങ്ങളില്നിന്നോ രൂപപ്പെട്ടവയാണ്. ഗബ്രിയേല്‍ മാര്‍ക്കേസ് എന്ന ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരന്റെ കൃതികള്‍ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. അദ്ദേഹത്തിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ എന്ന സൃഷ്ടിയില്‍ മക്കന്ഡ എന്ന സാങ്കല്‍പ്പിക സ്ഥലമുണ്ടായിരുന്നു, എന്റെ മനസില്‍ കുമരങ്കരിയൊരുങ്ങാന് കാരണമായത് ഇതാണ്. സെല്ലിനിയുടെ അമര്കോസ്പോലുള്ള ചിത്രങ്ങളും കെ.ജി.ജോര്‍ജിന്റെ പഞ്ചവടിപാലംപോലുള്ള സിനിമകളും പ്രേരണയായി.
തിരക്കഥാകൃത്ത് റഫീഖിന്റെയടുത്ത് ഓരോ സംഭവവും വ്യക്തമായി പറഞ്ഞുനല്കിയിരുന്നു. കുട്ടിക്കാലത്ത് അമ്മാമ്മ പറഞ്ഞുതന്ന കാഞ്ഞൂര്പള്ളിയിലെ സെബസ്ത്യാനോസ് പുണ്യാളന്റെ അശരീരിയുണ്ടായ കഥ ഗീവര്‍ഗീസ് പുണ്യാളന്റെ വിശ്വാസപ്രമാണമായി. ഓരോ ദിവസവും ഓരോ അത്ഭുതംപോലെ ആമേനിലേക്ക് പുതിയ ചേരുവകള്‍ മനസിലേക്കെത്തിക്കൊണ്ടിരുന്നു. അത് ഷൂട്ട് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് വരെയും സംഭവിച്ചുകൊണ്ടേയിരുന്നു.
വഴിത്താരകളില്‍ കാത്തിരുന്ന വെല്ലുവിളികള്‍
ചെറിയൊരു ചിത്രമായിരുന്നില്ല ആമേന്‍. വലിയ ക്യാന്‍വാസില്‍ 300-400 പേരെ വച്ച് തുടര്‍ച്ചയായി ഷൂട്ട് ചെയ്യേണ്ട ചിത്രം. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളല്ല ആമേനിലുള്ളത്. വലിയ രീതിയില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന എല്ലാ പ്രശ്നങ്ങളും ആമേനുണ്ടായി. പ്രധാന ഒരു വെല്ലുവിളി സിനിമ ഷൂട്ട് ചെയ്യുന്നതിനായി മനസില്‍ കടന്നുവന്ന പള്ളി കണ്ടെത്തുകയെന്നതായിരുന്നു.
മൂന്നുപാടും വെള്ളം നിറഞ്ഞ തുരുത്തില് നടപ്പാതയുള്ള കായലിലെ വെള്ളത്തില്‍ പ്രതിബിംബമൊരുക്കുന്ന വിശുദ്ധ ഗിവര്‍ഗീസ് പള്ളി. ഇത്തരമൊരു പള്ളിക്കായി 200 ഓളം പള്ളികള്‍ നോക്കി. ഒരു പള്ളിയും ഒത്തുവന്നിട്ടില്ല. അതുമാത്രവുമല്ല തുടര്‍ച്ചയായി ഇത്രയും ദിനങ്ങളിലെ ഷൂട്ടിംഗ് നിത്യേന കര്‍മങ്ങള്‍ നടക്കുന്ന ഒരു പള്ളിയില്‍ സാധ്യമാവില്ലെന്നും തിരിച്ചറിഞ്ഞു. ഒടുവില്‍ അരൂക്കുറ്റിയില്‍ താമസിക്കുന്ന ഒരാളാണ് പൂച്ചാക്കലിന് സമീപം ഉളവെയ്പ് എന്ന സ്ഥലത്തെക്കുറിച്ച് കലാസംവിധായകന്‍ എം.ബാവയോട് പറയുന്നു.
മനസില്‍ കണ്ട കുമരങ്കരി അതുതന്നെയായിരുന്നു. പക്ഷേ മനസില്‍ക്കണ്ട പള്ളിയില്ല. പള്ളിയുടെ സെറ്റിടണമെങ്കില് 60ലക്ഷം രൂപയെങ്കിലും വേണം. ഈ പ്രതിസന്ധിക്ക് താങ്ങും തണലുമായി മാറിയത് നിര്‍മാതാക്കളായ ഫരീദ്ഖാന്റെയും ഫലീല്‍ അസീസിന്റെയും പിന്തുണയായിരുന്നു. എല്ലാ പ്രതിസന്ധികളെയും തൂണുകള്‍പോലെ താങ്ങിനിര്‍ത്തിയത് അവരായിരുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും എല്ലാവരും ആമേനിന്റെ വിജയത്തിനുവേണ്ടി ഒരുമിച്ചുനിന്നു. സംവിധായകനെ വിശ്വസിച്ച് അവര്‍ ഒരുമിച്ച് യാത്രചെയ്തു.
ഫാദര്‍ വട്ടോളിക്ക് ദിവ്യത്വം കല്‍പ്പിക്കുന്ന സിനിമയിലെ ട്വിസ്റ്റ്
ആമേനിന്റെ ഷൂട്ട് നിശ്ചയിക്കുന്നതുവരെയും ഫാദര്‍ വട്ടോളി കുമരങ്കരിയിലെത്തിയ ഫാദര്‍ മാത്രമായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് തലേദിവസം എഡിറ്റര്‍ മനോജിന്റെ വാക്കുകള്‍ എന്റെ എല്ലാ പ്രതീക്ഷകളും കെടുത്തി. ഈ കഥയില്‍ ഒരു എക്സ്ട്രാ ഓര്‍ഡിനറി ടച്ചുണ്ടെന്ന് തോന്നുന്നില്ലെന്ന് മനോജ് തുറന്നുപറഞ്ഞു. അന്ന് രാത്രി വിഷമംകൊണ്ട് ഉറങ്ങിയില്ല. മനസിലൂടെ പലതും കടന്നുപോയി. ഇടയ്ക്ക് എപ്പോഴോ മയങ്ങി. പുലര്‍ച്ചെ രണ്ടരമണിക്ക് പെട്ടെന്ന് എഴുന്നേറ്റപ്പോള്‍ ഫാദര്‍ വട്ടോളിക്ക് ദൈവിക പരിവേഷം നല്കുന്ന ആ സീന്‍ ഒരത്ഭുതംപോലെ എന്റെ മനസില്‍ നിറഞ്ഞുനിന്നിരുന്നു. സിനിമയെ വ്യത്യസ്തമാക്കിയതും അതുതന്നെയായിരുന്നു.
‘സോളമന്റെ പള്ളി ശോശന്നയുടെയും’ ആമേനായി മാറിയത്
ചിത്രത്തിന് ആദ്യം നിശ്ചയിച്ച പേര് ‘സോളമന്റെ പള്ളി ശോശന്നയുടെയും’ എന്നായിരുന്നു. എന്നാല്‍ ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രം. രണ്ട് വ്യക്തികളുടെ പേരുകളില്‍ ഒതുങ്ങുന്നത് ശരിയല്ലെന്ന് തോന്നി. സുഹൃത്തായ സൂര്യ ടിവിയിലെ വിജയബാബുവാണ് ആമേന്‍ എന്നപേര് നിര്‍ദ്ദേശിച്ചത്. സിനിമയ്ക്ക് എന്തുകൊണ്ടും യോജിച്ച പേര് അതുതന്നെയാണ് അപ്പോള്‍ത്തന്നെ തോന്നി.
കുമരങ്കരി കുമരങ്കരിയായത്
സിനിമയുടെ പശ്ചാത്തലം ഒരു കുട്ടനാടന്‍ ഗ്രാമത്തിന്റെ പശ്ചാത്തലമാവണമെന്നുണ്ടായിരുന്നു. രാമങ്കരി, കൈനകരി അതുപോലെ ഏതെങ്കിലും പേര് വേണമെന്നും പറഞ്ഞു. റഫീഖാണ് കുമരങ്കരി എന്ന പേരുപറഞ്ഞത്. ചേര്‍ത്തലയില്‍നിന്നും 15കിലോമീറ്റര്‍ അകലെ പൂച്ചാക്കലിനുസമീപമുള്ള ഉളവെയ്പിനെ കുമരങ്കരിയാക്കിയപ്പോഴും യഥാര്‍ത്ഥത്തില്‍ കുമരങ്കരിയെന്നൊരു ഗ്രാമുണ്ടെന്നറിഞ്ഞിരുന്നില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് കോട്ടയത്തോട് ചേര്‍ന്ന് കുട്ടനാട്ടില്‍ കുമരങ്കരിയെന്നൊരു യഥാര്‍ത്ഥ ഗ്രാമമുണ്ടെന്ന് ചിത്രത്തില്‍ അഭിനയിച്ച കൈനകരി തങ്കരാജ് പറയുന്നത്.
ആമേന്‍ നല്കിയ വിശ്വാസം
അവിശ്വസനീയമായ മാജിക്ക്. സിനിമ പുറത്തിറക്കുമ്പോള്‍ നിര്‍മാതാക്കള്‍ക്ക് മുടക്കുമുതല്‍ തിരിച്ചുനല്‍കാനാകും എന്നൊരു വിശ്വാസം മാത്രമാണുണ്ടായിരുന്നത്. പക്ഷേ തിയേറ്ററില്‍ നിന്നിറങ്ങുന്ന ഓരോ പ്രേക്ഷകനും സിനിമയെക്കുറിച്ച് റിവ്യു എഴുതുന്ന അവസ്ഥയാണ്. ഇത് സിനിമയുടെ മാജിക് ആണ്. ഒരു വലിയ പരീക്ഷണമായിരുന്നു ചിത്രം. പ്രേക്ഷകര്‍ പക്ഷേ, ഈ രീതിയില്‍ സ്വീകരിക്കുമെന്ന് കരുതിയില്ല പ്രേക്ഷകരുടെ ടേസ്റ്റ് മുന്‍കൂട്ടിയറിഞ്ഞ് എടുത്ത സിനിമയല്ല ആമേന്‍. എനിക്ക് ചെയ്യാന്‍ കഴിയുന്ന പരീക്ഷണങ്ങള്‍ ഓരോ ഘട്ടത്തിലും ചെയ്തു. ഇനിയൊരിക്കലും അത് ആവര്‍ത്തിക്കാനാവില്ല. ആമേന്‍ ഒരിക്കല്‍ സംഭവിച്ച മാജിക്കാണ്. ആമേന്‍ റീമേക്ക് ചെയ്യാന്‍ പറഞ്ഞാല്‍ ഇനി കഴിയില്ല.
കഥാപാത്രങ്ങള്‍ക്കുവേണ്ടി നടന്മാര്, നടന്മാര്ക്കുവേണ്ടി കഥാപാത്രങ്ങള്‍
നടന്മാര്ക്കുവേണ്ടി കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്ന സിനിമയില്‍ വിശ്വാസമില്ല. സിനിമയില്‍ കഥയുണ്ടാക്കി കഴിയുമ്പോള്‍ കഥാപാത്രത്തിന് യോജിക്കുന്ന മുഖം തെളിഞ്ഞുവരും. തെളിഞ്ഞുവരണം. അതൊരു പക്ഷേ നമ്മള് വഴിയരികില്‍ പരിചയപ്പെട്ട മുഖമാവാം. മറ്റു ചിലപ്പോള്‍ ഒരു താരത്തിന്റെ മുഖമാവാം. അല്ലാതെ താരത്തെ കണ്ടിട്ട് കഥ എഴുതിനിറയ്ക്കുന്നതിനോട് യോജിപ്പില്ല.
ഇന്ദ്രജിത്ത്, ഫഹദ്, മകരന്ദ് ദേശ്പാണ്ഡേ
ഇന്ദ്രജിത്തുമായി നല്ല സൗഹൃദമുണ്ട്. എന്റെ ആദ്യസിനിമയായ നായകന്റെ കഥയുംകൊണ്ട് ഒരുപാടുപേരെ കണ്ടിരുന്നു. കഥപറയാന്‍ ഒട്ടും അറിയാത്ത സംവിധായകനാണ് ഞാന്‍. പക്ഷേ നായകന്റെ കഥയുമായി ഒടുവില്‍ ഇന്ദ്രജിത്തിനടുത്തെത്തിയപ്പോള് അദ്ദേഹം ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ടു. ആ സൗഹൃദം ഉള്ളിലുള്ളതുകൊണ്ടാവാം പിന്നീട് വന്ന സിനിമകളിലെ ഏതെങ്കിലും കഥാപാത്രങ്ങള്‍ക്ക് ഇന്ദ്രജിത്തിന്റെ മുഖം തെളിയും. ഫാദര്‍ വട്ടോളി സൃഷ്ടിക്കപ്പെട്ടപ്പോള്‍ ഇന്ദ്രജിത്ത് മനസിലേക്കെത്തി. നിസ്സഹായനായ, ചിലപ്പോള്‍ പൊട്ടിത്തെറിക്കുന്ന, ശോശാന്നയുടെ അടുത്ത് പ്രണയാതുരനാകുന്ന, നിഷ്കളങ്കനായ സോളമന് പല ഭാവങ്ങളുണ്ട്. ആ ഭാവമാറ്റങ്ങള്ക്കനുയോജ്യന് ഫഹദ് തന്നെയാണെന്ന് സോളമന് സൃഷ്ടിക്കപ്പെട്ടപ്പോള്‍ തന്നെ മനസിലുറച്ചതാണ്.
ഗീവര്‍ഗീസ് ബാന്‍ഡിനെ തറപറ്റിക്കാനെത്തുന്ന പോത്തച്ചനുവേണ്ടി വളരെയധികം ആര്‍ട്ടിസ്റ്റുകളെ തെരഞ്ഞതാണ്. പലര്‍ക്കും തിരക്കുകാരണം കഴിഞ്ഞില്ല. സംവിധായകന് എം.എ.നിഷാദാണ,് മകരന്ദ് ദേശ്പാണ്ഡേയെക്കുറിച്ച് പറയുന്നത്. ഷൂട്ട് തുടങ്ങിയപ്പോള്‍ മനസിലായി പോത്തച്ചനെ മറ്റാര്‍ക്കും പോത്തച്ചനാക്കാന് പറ്റുമായിരുന്നില്ലെന്ന്.
സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങിയത്
മമ്മിയുടെ അച്ഛന് തമിഴ്നാട് സ്വദേശിയായിരുന്നു. കാലടി കൊറ്റമം എന്ന സ്ഥലത്ത് ഒരു ബ്രിട്ടീഷ് കമ്പനിക്കുവേണ്ടി ബുള്‍ഡോസര്‍ ഓപ്പറേറ്ററായി എത്തിയ ജെയിംസ് ഈ നാടിനെയും നാട്ടാരെയും ഇഷ്ടപ്പെട്ടു. കൂട്ടത്തില്‍ അന്നയെയും. തമിഴ്നാട്ടുകാരനായതുകൊണ്ടാവും ജയിംസ് സിനിമയെ ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു. ജെയിംസ് അപ്പാപ്പന്റെ സുഹൃത്തുക്കള്‍ അധികവും തിയേറ്റര്‍ ഓപ്പറേറ്റന്മാരായിരുന്നു. അപ്പാപ്പന്റെ കൈപിടിച്ച് ചായകുടിച്ച് പരിപ്പവടയും നിന്ന് ചെറിയ വിന്‍ഡോയിലൂടെ സിനിമ കാണുന്ന ആ രംഗം വര്‍ഷങ്ങള്‍ക്കുശേഷം സിനിമാ പാരഡിത്തോ എന്ന ഇറ്റാലിയന്‍ സിനിമയിലെ രംഗത്തില്‍ മിന്നിമാഞ്ഞപ്പോള്‍ അത്ഭുതം തോന്നിയിരുന്നു. കുട്ടിക്കാലത്ത് അമ്മാമ്മ അന്നമ്മ പറഞ്ഞുതന്ന കഥകളും മനസിനെ വളരെയേറെ സ്വാധീനിച്ചിരുന്നു. പിന്നീടുള്ള യാത്ര അപ്പന് ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരുന്നു. അരികച്ചവടം നടത്തിയിരുന്ന കുടുംബത്തില്‍നിന്നും നാടകം അഭിനയിക്കാന്‍ ഇറങ്ങിനടന്നപ്പോള്‍ അപ്പന് കുടുംബക്കാര്‍ക്കിടയിലെ റിബല്‍ ആയി. തന്റെ നിലപാടില്‍ ഉറച്ചു മുന്നോട്ടുപോയ അപ്പനെയാണ് കാണാന്‍ കഴിഞ്ഞത്. അപ്പന് സാരഥി എന്ന ട്രൂപ്പുണ്ടായിരുന്നു. നടന് തിലകനായിരുന്നു അന്ന് സാരഥിയുടെ നാടകങ്ങള്‍ എല്ലാം സംവിധാനം ചെയ്തിരുന്നത്. അവധിക്കാലങ്ങളില്‍ സാരഥി ട്രൂപ്പിനൊപ്പമായിരുന്നു സഞ്ചാരം. അക്കാലത്ത് സാരഥിയുടെ ഫസഹ് എന്ന നാടകം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാദിവസവും കളികള്‍. വേദികളില്‍നിന്ന് വേദികള്‍. ഒപ്പമുള്ള യാത്രയില്‍ ഞാനുണ്ടാവും. നാടകവും സിനിമയും മനസില്‍ കടന്നുകൂടിയതവിടെനിന്നാണ്.
നടനെനിലയില് മുന്നോട്ടുപോയ അപ്പനോട് മകന് സിനിമാ മോഹം പറഞ്ഞു. പ്രതീക്ഷിച്ച മറുപടിയല്ല ലഭിച്ചത്. പഠനം കഴിഞ്ഞ് എന്തും ചെയ്യാമെന്ന ഉപദേശം സ്വീകരിച്ചു ബാംഗ്ലൂരില്‍ ഉപരിപഠനം. എംസിഎ കഴിഞ്ഞതോടെ വി.കെ.പ്രകാശിന്റെ പരസ്യകമ്പനിയില്‍ കുറച്ചുനാള്‍. അതുകഴിഞ്ഞ് മനോജ്പിള്ളയുടെ കൂടെ നാലുമാസം. കഴിവ് തെളിയിച്ച് അപ്പനു മുന്നിലെത്തണമെന്ന മോഹം വഴിയിലാക്കി അപ്പന് കടന്നുപോയി. അതോടെ നാട്ടിലേക്ക് വണ്ടികയറി. പിന്നീടുള്ള അലച്ചിലിനൊടുവിലാണ് ‘നായകന്’ പിറവിയെടുക്കുന്നത്.
നിരാശ നല്കിയ പ്രതീക്ഷകള്‍
മനസില്‍ക്കണ്ട ‘നായകന്’ അല്ല തിയേറ്റലിലെത്തിയത്. തിരക്കഥയില്‍ വളരെയേറെ ഇടപെടലുകളുണ്ടായി. നിര്‍മാതാവ് അനൂപ് വളരെയധികം പിന്തുണച്ചിരുന്നുവെങ്കിലും മറ്റു പല ഇടപെടലുകളുമുണ്ടായി. ഉദ്ദേശിച്ചതിന്റെ 10-15 ശതമാനം മാത്രമാണ് സാധ്യമായത്. വളരെ വ്യത്യസ്തമായ പരീക്ഷണങ്ങളായിരുന്നു നായകനും തുടര്‍ന്ന് എടുത്ത ‘സിറ്റി ഓഫ് ഗോഡും’. രണ്ടുചിത്രങ്ങളും പരാജയപ്പെട്ടു. സിറ്റി ഓഫ് ഗോഡ് വളരെ പ്ലാന്‍ ചെയ്തെടുത്ത സിനിമയായിരുന്നു. മുമ്പ് കെ.ജി.ജോര്‍ജിനെപോലുള്ളവര്‍ പരീക്ഷിച്ച രീതിയിലായിരുന്നു ചിത്രമൊരുക്കിയത്. നോണ്‍ ലീനിയര്‍ രീതിയില്‍ കഥപറഞ്ഞ, വളരെ ദീര്‍ഘമായ ഷോട്ടുകളുള്ള നാടകീയചിത്രങ്ങളായിരുന്നു നായകനും സിറ്റി ഓഫ് ഗോഡും. സിറ്റി ഓഫ് ഗോഡ് പരാജയപ്പെട്ടത് മാര്‍ക്കറ്റിംഗിലെ വീഴ്ചമൂലമാണ്. പൃഥിരാജ് ചിത്രമായിട്ടും 22 തിയേറ്ററുകളിലാണ് ചിത്രം റിലീസായത്. ഒരു പോസ്റ്റര്‍പോലും കാണാനുണ്ടായിരുന്നില്ല. പ്രേക്ഷകരും അന്ന് അത്തരം ചിത്രങ്ങളെ മാറ്റിനിര്‍ത്തി. പക്ഷേ പിന്നീടവരുടെ ആസ്വാദനരീതി മാറുകയായിരുന്നു.
ഡിസ്കോ
അടുത്ത ചിത്രമായ ഡിസ്കോ ഒരു ഗ്യാംഗ്സ്റ്റേഴ്സ് കോമഡി ചിത്രമാണ്. ഷൂട്ടിംഗ് മുഴുവന്‍ ഗോവയിലാണ്. ഇന്ദ്രജിത്തും ഫഹദും ഈ ചിത്രത്തിലുമുണ്ട്. നായികയില്ലാത്ത നായകന് മുന്‍തൂക്കം നല്‍കാത്ത ചിത്രമാണ് ഡിസ്കോ.
അഭിനയമോഹം
തീര്‍ത്തും താല്‍പ്പര്യമില്ല. ചില സിനിമകളില്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി മുഖം കാണിച്ചുവെന്നേയുള്ളൂ. ക്യാമറയ്ക്കു പിന്നില്‍ നില്‍ക്കാനാണ് എന്നും ഇഷ്ടം.
കുടുംബം
മുരിങ്ങൂര്‍ പെല്ലിശ്ശേരിയില്‍ ആണ് കുടുംബ വീട്. അമ്മ നിമ്മി, സഹോദരി ജിജി, ഭര്‍ത്താവ് പ്രിന്‍സ്.
സി.രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: