കൊച്ചി: മലയാളി സൂപ്പര്‍ സംവിധായകന് സിദ്ദിഖിന്റെ ബോളിവുഡ് മെഗാചിത്രമായ ബോഡിഗാഡ് റിലീസിംഗ് കേന്ദ്രങ്ങളുടെ എണ്ണത്തില്‍ റെക്കോഡിട്ടു. അതേ പേരുള്ള മലയാളം ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ഈ സല്മാന് ഖാന് ചിത്രം ലോകത്തെ ഏറ്റവും വലിയ ഉപഗ്രഹാധിഷ്ഠിത ഡിജിറ്റല്‍ റിലീസ് പ്ലാറ്റ്ഫോമായ യുഎഫ്ഒ മൂവിസിലൂടെ 1300 എണ്ണം ഡിജിറ്റല്‍ സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്. കഴിഞ്ഞ ജൂണില്‍ യുഎഫ്ഒയുടെ 943 സ്ക്രീനുകളില്‍ റിലീസ് ചെയ്ത സല്മാന് ഖാന്റെ തന്നെ റെഡ്ഡിയുടെ റെക്കോഡാണ് അല്‍വിര, അതുല്‍ അഗ്നിഹോത്രി, റിലയന്‍സ് എന്റര്ടെയ്ന്മെന്റ് എന്നിവര്‍ നിര്‍മിച്ച് കരീന കപൂര്‍ നായികയായ ബോഡിഗാഡ് തിരുത്തിയത്. റെഡ്ഡി ഇതുവരെ യുഎഫ്ഒയുടെ 1108 ഡിജിറ്റല്‍ സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിച്ചത്.
റംസാന് മാസം കഴിഞ്ഞുള്ള ഈദുല്‍ ഫിത്തര്‍ സല്മാന് ഖാന് ഭാഗ്യമാണെന്നാണ് വിശ്വാസം. 2009-ലെ ഈദിന് റിലീസ് ചെയ്ത വാണ്ടഡും 2010-ലെ ദബാംഗും വന്‍ഹിറ്റുകളായി. 881 യുഎഫ്ഒ സ്ക്രീനുകളില്‍ റിലീസ് ചെയ്ത ദബാംഗ് മൊത്തം 1065 യുഎഫ്ഒ സ്ക്രീനുകളിലും 576 യുഎഫ്ഒ സ്ക്രീനുകളില്‍ റിലീസ് ചെയ്ത വാണ്ടഡ് മൊത്തം 821 യുഎഫ്ഒ സ്ക്രീനുകളിലും ഇതുവരെ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.
ഇന്ത്യ ഏതാണ്ട് മുഴുവന്‍ തന്നെ ഒറ്റയടിയ്ക്ക് ഒരേ സമയം പ്രദര്ശനത്തിനെത്തുമെന്നതാണ് 1300 സ്ക്രീനുകളിലെ റിലീസ് മൂലം സാധ്യമാകുന്നതെന്ന് യുഎഫ്ഒ മൂവീസ് ഇന്ത്യയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ കപില്‍ അഗര്‍വാള്‍ പറഞ്ഞു.
നിലവില്‍ യുഎഫ്ഒയ്ക്ക് ഇന്ത്യയില്‍ മാത്രം 26 സംസ്ഥാനങ്ങളിലെ 1300 പട്ടണങ്ങളിലായി 2500 ഡിജിറ്റല്‍ സ്ക്രീനുകളുണ്ട്. ഇതില്‍ 350 എണ്ണം മള്‍ട്ടിപ്ലെക്സുകളിലാണ്. രാജ്യത്തെ മള്‍ട്ടിപ്ലെക്സുകളുടെ 35% വരും ഇത്. 29 ഭാഷകളിലായി യുഎഫ്ഒ ഇതുവരെ 3600 ചലച്ചിത്രങ്ങളുടെ 77 ലക്ഷം പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: