ഒരു മലയാളിയായ പ്രതിഭകൂടി സംവിധായകന്റെ മേലങ്കിയണിഞ്ഞ് തമിഴ് സിനിമാ ലോകത്തേക്ക് രംഗപ്രവേശനം ചെയ്യുന്നു. എറണാകുളം സ്വദേശിയായ പി.ആര്.വിനോദ്കുമാറാണ് ‘വിനോദ് രാഘവ’ എന്ന പേരു സ്വീകരിച്ച് തമിഴില്‍ സംവിധായകനായി തുടക്കം കുറിച്ചിരിക്കുന്നത്. സ്വന്തം കഥയില്‍ തിരക്കഥ തയ്യാറാക്കിയ ‘കൈ’ എന്ന ചിത്രത്തിലൂടെയാണ് വിനോദിന്റെ തമിഴിലെ തുടക്കം. പോസ്റ്റു പ്രൊഡക്ഷന്‍ ജോലികള്‍ ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോ ലാബില്‍ പൂര്‍ത്തിയായിവരുന്ന ചിത്രം ഉടന്‍തന്നെ പ്രദര്‍ശനത്തിന് തയ്യാറായി വരികയാണ്.
മമ്മൂട്ടി ചിത്രമായ ‘എഴുപുന്ന തരകനി’ല്‍ സംവിധായകന് പി.ജി.വിശ്വംഭരനോടൊപ്പം അസി.ഡയറക്ടറായാണ് വിനോദ് കുമാറിന്റെ സിനിമാരംഗത്തേക്കുള്ള പ്രവേശനം. പിന്നീട് തമിഴ് സംവിധായകന് ഷാര്‍വിയുടെ അസിസ്റ്റന്റായി ഗാന്ധിയന്‍, കാമ്പസ് തുടങ്ങി മൂന്നു ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് തമിഴില്‍ തന്നെ അണ്ണന് തങ്കച്ചി, ‘പുതുസായിരുക്ക്’ എന്നീ ചിത്രങ്ങളില്‍ സംവിധായകന് ചരണ്രാജിനൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച പരിചയവും വിനോദിനുണ്ട്.
തമിഴ് സിനിമാ വ്യവസായ രംഗത്തെ പരസ്പ്പര സഹകരണമാണ് തന്നെ അങ്ങോട്ടേക്കാകര്ഷിച്ചതെന്ന് സംവിധായകന് വിനോദ് പറയുന്നു. “അഞ്ചുവര്‍ഷത്തെ പരിചയത്തില്‍ തമിഴ് സിനിമാ രംഗത്തെ താന്‍ വളരെയധികം ഇഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ സ്വന്തമായി ചിത്രം സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ അത് തമിഴില്‍ തന്നെയായിരിക്കും എന്ന് സ്വയം തീരുമാനിക്കുകയായിരുന്നു. ആദ്യ ചിത്രം പിറവിയെടുക്കുവാന്വേണ്ടി അഞ്ച് വര്‍ഷത്തെ പ്രയത്നമാണ് വേണ്ടിവന്നത്.
ഒരു മലയാളിയാണെന്ന് കൂടി നോക്കാതെ തമിഴില്‍നിന്നും എല്ലാവരുടേയും അകമഴിഞ്ഞ സഹായം ലഭിച്ചതാണ് സ്വന്തം സംവിധാനത്തില്‍ ഒരു ചിത്രം എന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ കഴിഞ്ഞത്” വിനോദ് കുമാറിന്റെ വാക്കുകള്‍. നിര്‍മാതാവ് കോവൂര്‍ രവിയാണ് ചിത്രം പൂര്‍ത്തിയാക്കുവാന്‍ തനിക്ക് ഏറ്റവും അധികം പ്രോത്സാഹനം നല്‍കിയതെന്നും സംവിധായകന് പറയുന്നു.
കാമ്പസ് പ്രണയവും കോമഡിയും ആക്ഷനും എല്ലാം നിറഞ്ഞതാണ് വിനോദിന്റെ കന്നി ചിത്രമായ ‘കൈ’ ഗൗരവകരമായ ചില സാമൂഹിക പ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസ് ചാമ്പ്യന്‍ കൂടിയായ വിജിത് എന്ന പുതുമുഖമാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. ലണ്ടനില്‍ താമസിക്കുന്ന ജോഷ്ണയാണ് നായിക. ഇവര്‍ക്കു പുറമെ ചരണ്‍ രാജ്, ബോസ് വെങ്കട്ട്, കാതല്‍ ദണ്ഡപാണി, ഹാസ്യതാരങ്ങളായ കഞ്ചാകറുപ്പ്, സൂരി, വടിമുക്കരശി തുടങ്ങിയവരും ചിത്രത്തില്‍ വിവിധ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
പാട്ടുകള്‍ക്ക് മുഖ്യ പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മലയാളിയായ ഷാന്‍ ആണ്. യേശുദാസ്, ജാസിഗിഫ്റ്റ്, ശ്വേതാ മേനോന് എന്നിവരും സംഗീതസംവിധായകന് ഷാനും ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
പ്രകൃതിരമണീയമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ കൂടാതെ പോണ്ടിച്ചേരി, വിശാഖപട്ടണം, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായാണ് ‘കൈ’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കുമുദാ മൂവീസിന്റെ ബാനറിലെത്തുന്ന ചിത്രം നാല് കോടി രൂപ ചെലവില്‍ കോവൂര്‍ രവിയാണ് നിര്‍മിച്ചിരിക്കുന്നത്. പല ഷെഡ്യൂളുകളിലായി 70 ദിവസംകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ കൈ, പോസ്റ്റുപ്രൊഡക്ഷന്‍ ജോലികള്‍ക്കുശേഷം പുതുവര്‍ഷമായ പൊങ്കലിനോടനുബന്ധിച്ച് ജനുവരിയില്‍ തമിഴ്നാടിനൊപ്പം കേരളത്തിലും തീയേറ്ററുകളിലെത്തും. ഒരു ശരാശരി തമിഴ് ചിത്രം എന്നതില്‍നിന്നും വ്യത്യസ്തമായി ഏറെ പുതുമയുള്ള ഇതിവൃത്തവും അവതരണശൈലിയുമാണ് ‘കൈ’യില്‍ താന്‍ പരീക്ഷിച്ചിരിക്കുന്നതെന്ന് സംവിധായകന് വിനോദ്രാഘവ പറയുന്നു. എല്ലാ വിഭാഗത്തില്‍പ്പെട്ട പ്രേക്ഷകരില്‍നിന്നും മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകന് പറഞ്ഞു.
എം.കെ. സുരേഷ്കുമാര്‍, നെട്ടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: