അങ്ങനെ ഇര്‍ഷാദും മലയാള സിനിമയെ അടയാളപ്പെടുത്തി തുടങ്ങിയിരിക്കുന്നു. മലയാളികള്‍ക്ക് ഇര്‍ഷാദ്, മഹാമേരുക്കളായ സത്യന്, പി.ജെ. ആന്റണി തുടങ്ങിയ അഭിനയചക്രവര്‍ത്തിമാര്‍ തിരശ്ശീലയില്‍ അവശേഷിപ്പിച്ച അഭിനയ പാരമ്പര്യത്തിന്റെ അതേ പിന്മുറക്കാരന് തന്നെയാണ്. അതുകൊണ്ടാണ് അദ്ദേഹം പല അഭിമുഖ സംഭാഷണങ്ങളിലും ‘എന്നെ പ്രേക്ഷകര്‍ ഇപ്പോഴും അവാര്‍ഡ് സിനിമയിലെ നടനായി കാണുന്നു’ എന്ന് തെല്ല് അഭിമാനത്തോടെയെങ്കിലും ആവര്‍ത്തിക്കുന്നത്. അഭിനയരസങ്ങള് അനായാസത്തോടെ മിന്നിമറയുന്ന ഈ നടന്റെ മുഖം മലയാളത്തിന്റെ അഭിമാനമായി മാറുന്ന ദിനം വിദൂരത്തല്ല.
‘സിനിമയാണ് എന്റെ ജീവിതം’ എന്ന് ഇര്‍ഷാദ് സത്യസന്ധമായി പറയുമ്പോള്‍, അദ്ദേഹം ഇന്നേവരെയഭിനയിച്ച സിനിമകള്‍ അതിന്റെ സാക്ഷ്യപത്രങ്ങളായി മാറുന്നുണ്ട്. തിരശ്ശീലയില്‍ ഓരോരോ കഥാപാത്രങ്ങളായി അദ്ദേഹം ജീവിക്കുകയാണ് ചെയ്യുന്നത്. അഭിനയം അലിഞ്ഞുചേര്‍ന്ന ശരീരത്തില്‍ നിന്നേ ഉള്‍ക്കൊള്ളുന്ന കഥാപാത്രങ്ങളുടെ ഭാവങ്ങള്‍ നൈസര്‍ഗികമായി പുറപ്പെടൂ. ആ സിദ്ധിയുള്ള ഏതാനും നടന്മാരില് ഒരാളായതുകൊണ്ടാണ് ടി.വി.ചന്ദ്രനെപ്പോലെയുള്ള സംവിധായകര്‍ ഇര്‍ഷാദില്‍ തങ്ങളുടെ കഥാപാത്രങ്ങളുടെ ഭാവങ്ങള്‍ കണ്ടെത്തിയത്. ‘പാഠം ഒന്ന് ഒരു വിലാപത്തിലെ’ ഇര്‍ഷാദിന്റെ വേഷം മലയാളികള്‍ക്ക് മറക്കാനാവില്ലല്ലോ. ‘കോക്ടെയിലില്‍’ ചെറിയ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും നിരാശയും അസൂയയും കത്തിയമര്‍ന്ന ഒരു തകര്‍ന്ന മനസ്സിന്റെ ഉടമയെ വ്യക്തമാക്കാന്‍ ഇര്‍ഷാദിന് കഴിഞ്ഞു.
ഒരു നടനോടൊപ്പം ഒരു താരവുമാകാന്‍ ഇര്‍ഷാദ് ആഗ്രഹിക്കുന്നുണ്ട്. അഭിനയമല്ലാതെ മറ്റൊരു തൊഴിലുമറിയാത്ത ഇര്‍ഷാദിന് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ താരപരിവേഷംകൂടി അനിവാര്യമാണ്. സമകാലിക കേരളത്തില്‍ സാറ്റലൈറ്റ് റേറ്റ് ഒരു നടന്റെ ജനപ്രിയതയുടെ മുദ്രകൂടിയാണല്ലോ. സാറ്റലൈറ്റ് റേറ്റ് ലഭിക്കില്ല എന്നു പറഞ്ഞാണ് പല നിര്‍മാതാക്കളും ഇര്‍ഷാദ് നായകനായ ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്നും പിന്മാറിയത്. എന്നാല്‍ പ്രിയനന്ദന് ഇര്‍ഷാദിന്റെ പ്രതിഭയ്ക്ക് വിലകല്പിച്ചതുകൊണ്ട് മാത്രമാണ് ആ സിനിമ യാഥാര്‍ത്ഥ്യമായത്. ഒരു നടന് ജീവിക്കണമെങ്കില്‍ താരമൂല്യവും നല്ല പ്രതിഫലവും ആവശ്യമാണ്.
ഇര്‍ഷാദിന്റെ താരമൂല്യത്തെ തകര്‍ക്കാനുള്ള ശ്രമം സജീവമാണെന്നതിന്റെ ദൃഷ്ടാന്തമാണ് എ ക്ലാസ് തിയ്യേറ്ററുകളില്‍ നിന്ന് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയുടെ പെട്ടെന്നുള്ള അപ്രത്യക്ഷമാകല്‍. എന്നാല്‍ ഒട്ടും പരിഭവമില്ലാതെ ഇര്‍ഷാദ് പറയുന്നു, ‘എനിക്കുള്ളത് എനിക്കുതന്നെ കിട്ടും’ എന്ന്. തൃശൂര്‍ ജില്ലയിലെ കേച്ചേരിയില്‍ നാലകത്ത് അബ്ദു- നഫീസ ദമ്പതിമാരുടെ അഞ്ച് മക്കളില്‍ മൂന്നാമനായ ഇര്‍ഷാദ് അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചുകൊണ്ടുതന്നെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സ്കൂള്‍-കോളേജ് തലങ്ങളില്‍ നാടകങ്ങളില്‍ സജീവമായിരുന്നു. സജി സുരേന്ദ്രന് സംവിധാനം ചെയ്ത ‘മാധവ’ത്തില്‍ പ്രേക്ഷകരില്‍ വെറുപ്പുളവാക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നിരൂപകരുടെ കൈയ്യടി വാങ്ങിയിരുന്നു. ‘മാധവം’ പരമ്പരയിലെ അഭിനയത്തിന് ക്രിട്ടിക്സ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഇര്‍ഷാദ് നേടി.
തന്റെ നിലപാടുകള്‍ ഒട്ടും മറയില്ലാതെ വ്യക്തമാക്കുന്നതിന്റെ ബുദ്ധിമുട്ടുകളും ഈ നടന് വന്നുചേരുന്നുണ്ട്. കഴിഞ്ഞ നിയമസഭാ ഇലക്ഷന് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച സിനിമാക്കാരെ, തന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പുള്ളതു കൊണ്ടുമാത്രം പിന്തുണയ്ക്കാനും വോട്ടഭ്യര്‍ത്ഥിക്കാനും ഇര്‍ഷാദ് തയ്യാറായില്ല. ഇത് പലരുടേയും നെറ്റി ചുളിപ്പിച്ചിരുന്നു. അതേ നിലപാടുതന്നെയാണ് ഇത്തവണ സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ നേടിയ ‘ആദാമിന്റെ മകന് അബു’ എന്ന സിനിമയോടും. ആ സിനിമ തന്റെ ഹ്രസ്വ സിനിമയുടെ കഥയാണെന്നും മോഷണമാണെന്നും ആരോപിച്ചുകൊണ്ട് അക്ബര്‍ കാളത്തോട് എന്ന വ്യക്തി രംഗത്തുവന്നിരുന്നു. അദ്ദേഹത്തിന്റെ ഹ്രസ്വ ചിത്രത്തിലെ നായകന് ഇര്‍ഷാദായിരുന്നു എന്നതുകൊണ്ട് മാത്രം ഇത്തവണത്തെ അവാര്‍ഡ് ചര്‍ച്ചകളില്‍ ഇര്‍ഷാദുമുണ്ടായിരുന്നു.എന്നാല്‍ അദ്ദേഹം സധൈര്യം തുറന്നു പറയുന്നു ആദാമിന്റെ മകന് അബു മോഷണമല്ലെന്ന്. ഉള്‍ക്കാഴ്ചയുള്ള ഒരു സംവിധായകന്റെ ആത്മാര്‍ത്ഥതയുള്ള കലാസൃഷ്ടിയാണ് ആദാമിന്റെ മകന് അബു. സലിംകുമാറവതരിപ്പിച്ച കഥാപാത്രവും ഇര്ഷാദവതരിപ്പിച്ച വേഷവും തമ്മില്‍ വൈരുധ്യമുണ്ട്. അക്ബര്‍ കാളത്തോട് എന്തിന് ഈ വാദഗതിയുമായി മുന്നോട്ട് വന്നുവെന്നത് ദുരൂഹമാണെന്നും ഇര്‍ഷാദ് സത്യസന്ധമായി പറയുന്നു.
തൃശൂര്‍ പൂങ്കുന്നത്ത് താമസിക്കുന്ന ഇര്‍ഷാദിന്റെ സഹധര്‍മ്മിണി റംസീന ബാങ്കുദ്യോഗസ്ഥയും ഏക മകന് അര്‍ഷക് മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.’യാത്ര തുടരുന്നു’ ആണ് ഇര്‍ഷാദ് നായകനാകുന്ന പുതിയ ചിത്രം. ജയന് ശിവപുരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലോറി ഡ്രൈവറായാണ് ഇര്‍ഷാദ് വേഷമിടുന്നത്. ലക്ഷ്മി ഗോപാലസ്വാമിയാണ് നായിക. ഷിബു ടെലിവിസ്റ്റാസാണ് നിര്‍മ്മാതാവ്.
മലയാള സിനിമയില്‍ തന്റേതായ മുദ്ര പതിപ്പിച്ചു കഴിഞ്ഞ ഇര്‍ഷാദിനെ ബുദ്ധിജീവിയായ നടന് എന്നു വിശേഷിപ്പിക്കാം. കവിതയോട് അഭിനിവേശമുള്ള സ്നേഹസമ്പന്നനും ഹ്യുമനിസ്റ്റും കൂടിയാണ് ഈ നടന്.
-എം.എന്‍. ശ്രീരാമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: