രംഗപ്പൊലിമയുടെ കാര്യത്തില്‍ ലോപമില്ലാതെ പണംമുടക്കുവാന് തയ്യാറുള്ളവരാണ് തെലുങ്ക് നിര്‍മ്മാതാക്കള്‍. അത്തരം ചിത്രങ്ങള്‍ കാണുവാന്‍ തെലുങ്കില്‍ ഒരു പ്രേക്ഷകനിര തന്നെയുണ്ട്. അതിന് പുറമേയാണ് ദക്ഷിണേന്ത്യയിലെ കന്നട ഒഴിച്ചുള്ള ഭാഷകളില്‍ ചിത്രം ഡബ്ബുചെയ്ത് മൂലഭാഷാ ചിത്രത്തോടൊപ്പം തന്നെ റിലീസ് ചെയ്യുക എന്നത്. മുഖ്യതാരങ്ങളെ പങ്കെടുപ്പിച്ച് ഒരുക്കുന്ന ഇത്തരം വന്‍ മുതല്‍മുടക്കുള്ള ചിത്രങ്ങള്‍ എല്ലാ ഭാഷകളിലും വന്‍ വിജയങ്ങളാകുന്നതും സാധാരണമാണ്. ഏതായാലും പുതിയൊരു വ്യാപാര ഫോര്‍മുലയാണത്. കന്നടത്തില്‍ ഡബ്ബുചെയ്ത അന്യഭാഷാചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചിട്ടുള്ളതുകൊണ്ടുമാത്രമാണ് ഈ ജ്വരം കര്‍ണ്ണാടകത്തില്‍ പടരാത്തത്.
അല്ലുഅരവിന്ദ് എന്ന നിര്‍മ്മാതാവ് തെലുങ്കിലും ഒപ്പം തമിഴ്, മലയാളം ഭാഷകളിലും നിര്‍മ്മിച്ച് പുറത്തിറക്കിയിട്ടുള്ള ചിത്രമാണ് ബദ്രിനാഥ്. ബണ്ണി, യോഗി, കൃഷ്ണ, ആദി, ലക്ഷ്മി തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത വി.വി.വിനായക് ആണ് സംവിധായകന്.
ഒരു കാലത്ത് മഹാക്ഷേത്രങ്ങള്‍ നിറഞ്ഞ നാടായിരുന്നു ഭാരതം. വര്‍ത്തമാനകാലത്തും അതിന് കുറവൊന്നുമില്ല. എങ്കിലും ഒന്നാം നിരയില്‍ അണിനിരന്നിരുന്ന പല മഹാക്ഷേത്രങ്ങളും വിദേശ ആക്രമണകാരികളുടെ കടന്നാക്രമണം മൂലം നശിച്ചുപോയ വിവരം നാം ചരിത്രത്തിലൂടെ മനസ്സിലാക്കുന്നുണ്ട്.
ക്ഷേത്രങ്ങളെന്നാല്‍ ഒരു നാട്ടിലെ ജനങ്ങളുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഉജ്ജ്വലദൃശ്യങ്ങളാണ്. അവയ്ക്കുണ്ടാകുന്ന നാശം നാടിന്റെ സാംസ്കാരിക പൈതൃകത്തെ തന്നെ തകര്‍ക്കും. യഥാര്‍ത്ഥത്തില്‍ ക്ഷേത്രങ്ങള്‍ ആക്രമിച്ചു നശിപ്പിക്കുന്ന വിദേശികളുടെ ലക്ഷ്യവും അതുതന്നെയാണ്. നമ്മുടെ നാടിന്റെ സാംസ്കാരിക വിശുദ്ധിയില്‍ കളങ്കം ചാര്‍ത്തുകയെന്നത്.
ഇപ്രകാരമുള്ള ക്ഷേത്രധ്വംസനങ്ങള്‍ തുടര്‍ന്നു വരവേ അതിന് അറുതി വരുത്തുവാന്‍ എന്തു ചെയ്യേണ്ടു എന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിനിടയിലാണ് സന്യാസി സമൂഹത്തിന്റെ മനസ്സുകളെയാകെ കുളിര്‍പ്പിക്കുന്ന ഒരു വാര്‍ത്ത അവര്‍ കേള്‍ക്കുന്നത്. അങ്ങു ഹിമാലയത്തില്‍ ഒരു ഗുഹയില്‍ ഒരു സിദ്ധന് താമസിച്ചുവരുന്നുണ്ടത്രെ. പ്രാര്‍ത്ഥനയില്‍ മുഴുകി മാത്രം കാലംകഴിച്ചുകൂട്ടുകയല്ല അദ്ദേഹം ചെയ്യുന്നത്. വേദേതിഹാസങ്ങളില്‍ അളവറ്റ ജ്ഞാനം നേടിയിരിക്കേ തന്നെ കേവലം വൃദ്ധനായ സ്വാമിജി സകല അഭ്യാസങ്ങളും അരച്ചുകലക്കി കുടിച്ച ഒരു ദിവ്യനാണ്. ചെറുപ്പക്കാരെപ്പോലെ ചുറുചുറുക്ക്, നിരായുധനായി നൂറുപേരെ വരെ നേരിടുവാന്‍ അദ്ദേഹത്തിന് സാധിക്കും. ആ ഗുരുവര്യന് താന്‍ ഇതുവരെ കരസ്ഥമാക്കിയ സകല അഭ്യാസങ്ങളും സേവന സന്നദ്ധരായ ഒരു പറ്റം യുവാക്കളെ നിരന്തരമായി പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ക്ഷേത്രസംരക്ഷണം എന്ന ഒരൊറ്റലക്ഷ്യമാണ് അവരൊക്കെ തന്നെ സ്വീകരിച്ചിരിക്കുന്നത്.
അതീവ ക്ലിഷ്ടമായ സംസ്കൃതശ്ലോകങ്ങള്‍ പാടി ഹൃദിസ്ഥമാക്കുവാന്‍ പല ശിഷ്യന്മാരും പ്രയാസപ്പെടുമ്പോള്‍ ഒറ്റ തവണത്തെ ശ്രവണം കൊണ്ടു മാത്രം അവ ഹൃദിസ്ഥമാക്കുന്ന അടിസ്ഥാന വിദ്യാഭ്യാസം പോലും ശരിക്ക് ലഭിച്ചിട്ടില്ലാത്ത, ആ ഒരു കുട്ടിയെ സ്വാമി കണ്ടെത്തി. അവന്റെ കഴിവുകളെക്കുറിച്ച് സ്വാമി ഊഹിച്ചറിഞ്ഞു. അവന്റെ മാതാപിതാക്കളോട് അദ്ദേഹം ഒന്നു മാത്രമേ ആവശ്യപ്പെട്ടുള്ളു. ഇവനെ എനിക്ക് വിട്ടുതരിക. ഞാനിവനെ ഒരു മഹാനാക്കും.
സ്വാമികളുടെ ശിക്ഷണത്തില്‍ ബദ്രിനാഥ് എന്ന പ്രസ്തുത ശിഷ്യന് വളര്‍ന്നു വരികയാണ്. പഠനപൂര്‍ത്തീകരണത്തിന് ശേഷം അയാള്‍ നിയോഗിക്കപ്പെടുന്നത് ബദരീനാഥ ക്ഷേത്രത്തിലേക്കാണ്. ബദരീനാഥനിലുള്ള ഭക്തി ജനങ്ങളില്‍ രൂഢമൂലമാക്കുക. ക്ഷേത്രവിധ്വംസക ശക്തികളെ നിലയ്ക്ക് നിര്‍ത്തുക, ഇതൊക്കെയാണ് ബദ്രിനാഥനില് ഏല്പിക്കപ്പെട്ട ചുമതലകള്‍. അതവന് ഭംഗിയായി നിര്‍വ്വഹിക്കുകയും ചെയ്തു. ഇത്രയും ഭാഗങ്ങള്‍ ഹൃദ്യമാണ്. മനുഷ്യമനസ്സില്‍ നിന്നും അകന്നുപോകുന്ന ഭക്തിയുടെ നാമ്പുകള്‍ക്കു പുനഃപ്രവേശനം നല്‍കുക എന്ന ഉദ്ദേശ്യം ഇത്രയും കൊണ്ടൊക്കെ സാധിതപ്രായമാകുന്നു. എന്നാല്‍ പിന്നീടങ്ങോട്ടാണ് ചിത്രം വേറൊരു ദിശയില്‍ ചരിക്കുന്നത്. അവിടെ ഭക്തിയും മറികടന്ന് ചിത്രം പ്രേമത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നു. ഒരു പ്രേമരംഗം ആസ്വദിക്കുവാന്‍ ഇന്നത്തെ ചിത്രങ്ങളോടൊപ്പം എന്തൊക്കെ മസാലകള്‍ കൂട്ടിച്ചേര്‍ക്കണമോ അതൊക്കെയും ബദ്രിനാഥ് എന്ന ഭക്തിരസപ്രദമാകേണ്ടിയിരുന്ന ചിത്രത്തില്‍ തലങ്ങും വിലങ്ങും ചേര്‍ത്തിട്ടുണ്ട്. അര്‍ദ്ധനഗ്നകളായ യുവതികളുടെ താളച്ചുവടുള്ള നൃത്തം, ആഴമേറിയ പൊക്കിള്‍ചുഴി എന്നുവേണ്ട സിനിമകാണുവാന്‍ പോകുമ്പോള്‍ മറ്റൊരുദ്ദേശ്യം മനസ്സില്‍ പേറി പോകുന്നവര്‍ക്ക് ആസ്വാദിക്കാന്‍ ഏറെ വക ചിത്രം ഒരുക്കുന്നു. അപ്പോഴും ചിത്രത്തിന്റെ ഉദ്ദേശ്യം വ്യക്തമാകുന്നില്ല. രംഗങ്ങള്‍ക്ക് കൊഴുപ്പേറുംതോറും ഏതെങ്കിലും പേരു പറഞ്ഞു പണം വാരുന്ന ഒരു മസാലച്ചിത്രം ഒരുക്കുകമാത്രമായിരുന്നു നിര്‍മ്മാതാക്കളുടെയും സംവിധായകന്റെയും ലക്ഷ്യം എന്നു വ്യക്തമാകുന്നു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു.
ബദ്രിനാഥിലൂടെ മഞ്ഞുമൂടിയ മലനിരകള്‍, കെട്ടിടസമുച്ചയങ്ങള്‍, ഗാനരംഗങ്ങളിലെ വിദേശ ലൊക്കേഷനുകള്‍, എല്ലാം ഭംഗിയായി പകര്‍ത്തുവാന്‍ രവിവര്ണ്ണന്റെ ഛായാഗ്രഹണത്തിന് സാധിച്ചിട്ടുണ്ട്. ഗാനങ്ങള്‍ ചിത്രം എത്തുവാനുദ്ദേശിച്ച നിലവാരത്തോട് തീരെ യോജിക്കാത്തവയാണ്.
സതീഷ് മുതുകുളമാണ് മലയാളത്തില്‍ സംഭാഷണം രചിച്ചിരിക്കുന്നത്. വലുതായിട്ടൊന്നും ചെയ്യുവാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം ഇല്ലല്ലോ. പ്രശസ്ത തെലുങ്കു നടന് അല്ലുഅര്‍ജ്ജുന്‍ ആണ് നായകന്. നായിക തമന്നയും. വെറുമൊരു നേരംകൊല്ലിപ്പടം. അത്രമാത്രം പറഞ്ഞാല്‍ മതി ഈ ഡബ്ബിംഗ് ചിത്രത്തെക്കുറിച്ച്.
-മോഹന്‍ദാസ് കളരിക്കല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: