ജനപ്രിയനിലെ ‘ദൂരെക്കിഴക്കേമാനം’ എന്ന ഗാനം ജനശ്രദ്ധയാകര്ഷിച്ചുകഴിഞ്ഞു. പത്ത് വയസ്സുകാരി കൃതികയെ ചലച്ചിത്ര പിന്നണി ഗായികയാക്കി മാറ്റിയ ഈ ഗാനം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ജനപ്രിയനിലെ ടൈറ്റില്‍ ഗാനമാണ്.
നന്നേ ചെറുപ്പത്തില്‍ സംഗീതം അഭ്യസിക്കാന്‍ ആരംഭിച്ച കൃതിക, കേരളത്തിലുടനീളം നടന്ന അറുപതോളം മത്സരങ്ങളില്‍ ലളിതഗാനം, ശാസ്ത്രീയ സംഗീതം, പദ്യോച്ചാരണം, നാടോടി നൃത്തം, പ്രച്ഛന്നവേഷം എന്നിവയ്ക്ക് സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. നാലാം വയസ്സില്‍ കണ്ണൂരില്‍വെച്ച് നടന്ന ഭവാന്‍സ് അഖിലകേരള കലോത്സവത്തില്‍ ഭവാന്‍സ് ജ്യോതിയായി കൃതിക തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. സ്റ്റാലിയന്‍സ്, ലോകമലയാളി സംഗമം, ജില്ലാശിശുക്ഷേമ സമിതി, എറണാകുളം കരയോഗം, ബ്രാഹ്മണസഭ, ടൂറിസവാരാഘോഷം തുടങ്ങിയ കലോത്സവങ്ങളിലെ വിജയിയുമാണ്.
തൃപ്പുണിത്തുറ ഗിരിജാ വര്‍മ്മ, ശ്രീലതടീച്ചര്‍ എന്നിവരുടെ കീഴില്‍ ശാസ്ത്രീയസംഗീതവും എളമക്കര പി.ആര്.പ്രകാശിന്റെ ശിക്ഷണത്തില്‍ ലളിതഗാനവും അഭ്യസിക്കുന്ന ഈ കലാകാരി ബംഗളൂരു ഇസ്കോണ്‍, ബംഗളൂരു ബാലാജിക്ഷേത്രം, പറവൂര്‍ മൂകാംബിക, കണ്ണന്‍കുളങ്ങര, ആലുവ ശിവക്ഷേത്രം, ചെറായി വരാഹമൂര്‍ത്തി, കൂത്താട്ടുകുളം തുടങ്ങി പതിനഞ്ചോളം ക്ഷേത്രങ്ങളില്‍ രണ്ടര മണിക്കൂര്‍ നീളുന്ന കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. പതിനായിരത്തോളം ഗായകരെ പിന്നിലാക്കി മഞ്ച് സ്റ്റാര്‍സിംഗര്‍ റിയാലിറ്റി ഷോയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയെങ്കിലും പത്ത് വയസ്സ് മാത്രമേയുള്ളൂവെന്ന കാരണത്താല്‍ പിന്തള്ളപ്പെടുകയാണുണ്ടായത്.
ന്യൂദല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഗം കലാഗ്രൂപ്പിന്റെ കൊച്ചിന് ചാപ്റ്ററില്‍ എല്ലാ ആഴ്ചയും കൃതിക ചലച്ചിത്ര ഗാനാലാപനം പരിശീലിക്കാനായി എത്തുന്നുണ്ട്. എളമക്കര ഭവാന്‍സ് സ്കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ കൃതിക ഏലൂര്‍ ഫാക്ടിലെ ജീവനക്കാരനായ പി.സുബ്രഹ്മണ്യന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥ ആര്. പ്രേമയുടെയും ഏക മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: