നാലകത്ത് സിനി ക്രിയേഷന്‍സിന്റെ ബാനറില്‍ സമദ് നാലകത്ത് നിര്‍മിച്ച് കുമാര്‍ ബഷീര്‍ സംവിധാനം നിര്‍വഹിക്കുന്ന ‘കൊട്ടാരത്തില്‍ കുട്ടിഭൂതം’ പ്രദര്‍ശനത്തിനെത്തി. മുകേഷ്, ജഗദീഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ കുമാര്‍ നന്ദ ബഷീര്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കൊട്ടാരത്തില്‍ കുട്ടിഭൂതം.
അശോക്, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, കലാഭവന്‍ ഹനീഫ്, ടോണി, ഫാസില്‍ കരമന, ജയന്, പൂജപ്പുര രവി, ഷീല, അള്‍ത്താര, ഗീതാ വിജയന്, നിമിഷ, മായ മൗഷ്മി, ബാലതാരങ്ങളായ നവനീത്, അക്ഷയ്, അനുരാഗ്, പുഞ്ചിരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അമര്‍, അക്ബര്‍, ആന്റണി ഇവര്‍ സുഹൃത്തുക്കളും തനി മോഷ്ടാക്കളുമാണ്. എന്നാല്‍, ഇവര്‍ ഏറ്റെടുക്കുന്ന ദൗത്യങ്ങള്‍ പലപ്പോഴും പരാജയങ്ങളാണ്. തത്ഫലമായി അവര്‍ പിടിക്കപ്പെടുകയും ചെയ്യുന്നു. ജീവിതത്തില്‍ ഇതുവരെ ഒന്നും നേടാന്‍ സാധിക്കാത്ത ഇവര്‍ ‘മാന്യമായ’ രീതിയില്‍ ഒരു കളവ് നടത്താന്‍ തീരുമാനിക്കുമ്പോഴാണ് അതിനുള്ള നല്ലൊരവസരം കൈവരുന്നത്. ഒരു സായിപ്പാണ് ഓഫറുമായി ഇവരെ സമീപിച്ചത്. എഴുനൂറ് വര്‍ഷം പഴക്കമുള്ള ഒരു പഞ്ചലോഹ വിഗ്രഹം സായിപ്പിന് എടുത്തുകൊടുക്കുക. ഈ കളവ് വിജയിച്ചാല്‍ പിന്നെ മോഷണപ്പണിയ്ക്ക് പോകേണ്ടിവരില്ലെന്ന് മനസ്സിലാക്കിയ മൂന്നുപേരും നല്ലൊരു അഡ്വാന്‍സും കൈപ്പറ്റി. ഒരൊറ്റ മനസ്സോടെ അന്വേഷണം തുടങ്ങിയ ഇവര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ മൂന്നുകുട്ടികളെ പരിചയപ്പെടുന്നു. ഈ കുട്ടികള്‍ കാട്ടിലെത്തിയത് കുട്ടിഭൂതത്തെ തേടിയാണ്. കള്ളന്മാരും കുട്ടികളും സുഹൃത്തുക്കളായതോടെ പരസ്പരം സഹായിച്ച് മുന്നേറുമ്പോള്‍ മണ്ടന്മാരില് മണ്ടനായ പോലീസ് ഓഫീസര്‍ അരവിന്ദ് പ്രത്യക്ഷപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് കൊട്ടാരത്തില്‍ കുട്ടിഭൂതം എന്ന ചിത്രത്തില്‍ ദൃശ്യവത്ക്കരിക്കുന്നത്.
മുകേഷാണ് പോലീസോഫീസറായ അരവിന്ദായി പ്രത്യക്ഷപ്പെടുന്നത്. അശോക്, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഹനീഫ് എന്നിവരാണ് കള്ളന്മാരായി അഭിനയിക്കുന്നത്. ഛായാഗ്രഹണം ശിവകുമാര്‍. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഈണം പകരുന്നത് ഷാജ് ശ്രീധര്‍, സമദ് പ്രിയദര്‍ശിനി എന്നിവരാണ്. പ്രൊഡക്ഷന്‍ കണ്ട്രോളര് ഹരി വെഞ്ഞാറമൂട്. എ.എസ്. ദിനേശാണ് ചിത്രത്തിന്റെ പിആര്‍ഒ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: