വെള്ളത്തില്‍ കിടക്കുന്ന തോണിയുടെ രണ്ടു തലയും ഉയര്ന്നിട്ടാണല്ലോ. അതിനെ അനുകരിച്ച് ചെയ്യുന്ന ഒന്നാണ് നൗകാസനം. ഉദരത്തിലെ വിര, കൃമി, ഗ്യാസ് ട്രബിള്‍ തുടങ്ങിയവ ശമിക്കുന്നതിന് നൗകാസനം ഫലപ്രദമാണ്. ഇത് പതിവായി അഭ്യസിച്ചാല്‍ ശ്വസനേന്ദ്രിയങ്ങള്‍ക്ക് വികാസം ലഭിക്കുകയും സ്പൈനല്‍ നെര്‍വ്സ് ശക്തമാവുകയും ചെയ്യും.
ചെയ്യേണ്ട വിധം :
1. നേരെ നീണ്ട് നിവര്‍ന്ന് മലര്‍ന്ന് കിടക്കുക, കൈകള്‍ അതാതു വശങ്ങളില് തുടയോടു ചേര്‍ത്ത് കമഴ്ത്തി വിരലുകള്‍ നീട്ടി പതിച്ചു വയ്ക്കുക.
2. ദീര്‍ഘമായി ശ്വാസം എടുത്തതിനു ശേഷം ശരീരം മുഴുവന്‍ – തലയും നെഞ്ചും കാലും കൈയും എല്ലാം – ഒറ്റയടിക്ക് ഒരു ആയത്തില്‍ നിലത്ത് നിന്നും ഒരടിയോളം ഉയര്‍ത്തുക. ശരീരം മുഴുവന്‍ ബലപ്പെടുത്തി നിര്‍ത്തണം. കാലിനു നേരെ തുടകളുടെ മുകളിലായി കൈകള്‍ നീട്ടിപ്പിടിക്കുക. (വിരലുകള്‍ മടക്കിയോ നിവര്‍ത്തിയോ ആകാം) നെറ്റി കൈകള്‍, പാദങ്ങള്‍ ഇവയെല്ലാം ഒരേ ഉയരത്തില്‍ ഒരേ രേഖയില്‍ ആയിരിക്കണം. കാലിന്റെ പെരുവിരലുകളിലേക്കായിരിക്കണം ദൃഷ്ടികള്‍. രണ്ടു മുന്നു സെക്കന്‍ഡ് ഉയര്‍ത്തിയ നിലയില്‍ നിന്നിട്ട് സാവധാനം കാലും തലയും കൈയും ഒപ്പം താഴെ കൊണ്ടു വന്ന് വയ്ക്കുക, ശ്വാസം വിടുക, ശരീരം മുഴുവന്‍ തളര്‍ത്തുക. രണ്ടു മൂന്നു തവണ സാധാരണപോലെ ശ്വോസോച്ഛ്വാസം ചെയ്തതിനു ശേഷം വീണ്ടും ചെയ്യുക.
ശരീരം മുഴുവനും ഒറ്റയടിക്ക് ബലപ്പെടുത്തുകയും തളര്‍ത്തുകയുമാണ് നൗകാസനത്തിന്റെ പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: