ജീവിതം ഒരു യുദ്ധക്കളമാണ്. ആയുധമെടുത്ത് പോരാടാന്‍ അറിയാത്തവരും അതിന് മടിച്ചുനില്‍ക്കുന്നവരും അതിന്റെ സാങ്കേതിക സ്വഭാവം ഗ്രഹിക്കാത്തവരും ഇവിടെ പരാജയപ്പെടും. ഇന്ത്യ ശക്തിയാര്‍ജ്ജിക്കണമെങ്കില്‍ ജീവിതപുരോഗതി കൈവരിക്കണമെങ്കില്‍ നാം നമ്മുടെ സാംസ്കാരിക മഹിമയും ആദ്ധ്യാത്മിക പൈതൃകവും എന്തെന്നറിയുകയും അത് ജീവിതത്തില്‍ പകര്‍ത്താന്‍ സന്നദ്ധരാവുകയും വേണം. ഒരു സ്വതന്ത്രരാഷ്ട്രമെന്ന നിലയില്‍ സ്വാതന്ത്ര്യസമരത്തിന്റെ രണ്ടാംഘട്ടം ഇവിടെ വച്ചാണ് ആരംഭിക്കുന്നത്. സാംസ്കാരികമായ ഉത്തേജനവും ആത്മീയമായ പ്രബുദ്ധതയും ദേശീയപാരമ്പര്യത്തെക്കുറിച്ചുള്ള അറിവും കൈവരിച്ച ഒരു ജനതക്ക് മാത്രമേ ശ്രേയസ്കരമായ ജീവിതം നയിക്കാന്‍ സാധിക്കുകയുള്ളു. കര്‍ത്തവ്യനിര്‍വ്വഹണവും അതിന്നായുള്ള ത്യാഗശീലവും ജ്ഞാനകര്‍മഭക്തിയോഗങ്ങളുടെ സമന്വയവുമാണ് ഭഗവത്ഗീതയുടെ മുഖ്യസന്ദേശം.
ഓരോ ജീവിയും വിശാലമായ ഈ വിശ്വത്തിന്റെ ഘടകമാണ്. പ്രപഞ്ചം ഒരു പ്രത്യേക താളക്രമത്തിലാണ് സഞ്ചരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. വ്യക്തിധര്‍മത്തെ പ്രപഞ്ചധര്‍മവുമായി സംയോജിപ്പിക്കുവാന്‍ പരിശീലിക്കുന്ന ഒരാള്‍ക്ക് മാത്രമേ ഉത്തമസാമൂഹ്യജീവിതം നയിക്കുവാന്‍ സാധിക്കുകയുള്ളൂ. വിഷാദവിവശനായ അര്‍ജ്ജുനനെ ശക്തിയിലേക്കും വിജയത്തിലേക്കും നയിച്ച ശ്രീകൃഷ്ണനെപ്പോലെ ഭാരതത്തിലെ ജനകോടികളെയും അതുവഴി മുഴുവന്‍ മനുഷ്യവംശത്തെയും സമ്പൂര്‍ണവും ശ്രേയസ്കരവുമായ ജീവിതമാര്‍ഗത്തിലൂടെ നയിക്കണം. അതാഗ്രഹിക്കുകയും അതാണ് തന്റെ ധര്‍മമെന്ന് കരുതുകയും ചെയ്തതിന്റെ ഫലമായാണ് സ്വാമിജി ഗീതയെയും ഉപനിഷത്തുക്കളെയും മറ്റ് ആദ്ധ്യാത്മിക പ്രകരണഗ്രന്ഥങ്ങളെയും പഠനവിഷയമാക്കിക്കൊണ്ട് പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.
ഗീതാജ്ഞാനയജ്ഞങ്ങളിലൂടെ സ്വാമിജി സാമൂഹ്യസേവനവും രാഷ്ട്രത്തിന്റെ പുനരുദ്ധാരണകര്‍മവും നിര്‍വഹിക്കുകയായിരുന്നു. ജനകോടികളുടെ ഉദ്ധാരണത്തിലൂടെയുള്ള ഈശ്വരപ്രാപ്തിയുടെ മാര്‍ഗം അതാണെന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു. ഡോ.രാജേന്ദ്രപ്രസാദ് സ്വാമിയുടെ ഗീതാപ്രഭാഷണത്തെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: സ്വാമിജിയുടെ ഗീതാപ്രഭാഷണത്തിലൂടെ നമ്മുടെ മനസ്സ് കൂടുതല്‍ വിശാലമാവും. അപ്പോള്‍ നമുക്ക് ഈ പഴയ വിജ്ഞാനഭണ്ഡാരത്തില്‍ നിന്ന് പലതും നേടാന്‍ കഴിയും. അതിലൂടെ ഇന്ത്യയുടെ വിധിയെ മാറ്റിമറിക്കാന്‍പോലും സാധിക്കും.
സ്വാമിജി ഗീതാജ്ഞാനയജ്ഞങ്ങളിലൂടെ എല്ലാ മനുഷ്യര്‍ക്കും വിവേകവും വിജ്ഞാനവും പ്രദാനം ചെയ്തു. പ്രസന്നഭാവത്തോടും ആത്മവിശ്വാസത്തോടും ധീരതയോടുംകൂടി ജീവിതപ്രശ്നങ്ങളെ സമീപിക്കുവാനുള്ള പരിശീലനം നല്കി. വേദാന്തവിദ്യയുടെ സന്ദേശം ഇന്ത്യക്കകത്തും പുറത്തും പ്രചരിപ്പിച്ചു. തത്ത്വചിന്തയെ സാധാരണക്കാരന്റെ നിത്യജീവിതവുമായി കൂട്ടിയിണക്കി. ലൗകികജീവിതം കേവലം ഭൗതികസുഖത്തിന് വേണ്ടിയുള്ളതല്ലെന്നും അത് ആത്മീയാനുഭൂതിക്ക് വേണ്ടിയുള്ളതാണെന്നും, ഇവ രണ്ടും പരസ്പര പൂരകങ്ങളാണെന്നും സ്വാമിജി ഉദ്ബോധിപ്പിച്ചു. ധര്‍മശാസ്ത്രമെന്നും ദാര്‍ശനിക ഗ്രന്ഥമെന്നും മോക്ഷകാവ്യമെന്നും ആചാര്യന്മാര് വിശേഷിപ്പിച്ച ഗീതയെ ജനലക്ഷങ്ങളുടെ നിത്യജീവിതത്തിലേക്കിറക്കിക്കൊണ്ടുവന്ന് അവരുടെ കര്‍മവീര്യത്തെ ഉണര്‍ത്താന്‍ അദ്ദഹത്തിന് സാധിച്ചു. മോക്ഷത്തിനുള്ള ഒരുപായമോ ഉപകരണമോ എന്നതുപോലെ തന്നെ സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളില്‍ സഹായിക്കാനും ഗീതക്കെങ്ങനെ കഴിയും എന്നദ്ദേഹം വിശദീകരിച്ചു. ഒരു സാധാരണ മനുഷ്യനില്‍ നിന്ന് കര്‍മയോഗിയിലേക്കോ ജ്ഞാനയോഗിയിലേക്കോ സ്ഥിതിപ്രജ്ഞനിലേക്കോ വളരെ ദൂരമില്ലെന്ന് തന്റെ ശ്രോതാക്കളെ ബോദ്ധ്യപ്പെടുത്തുവാന്‍ സ്വാമിജിക്ക് കഴിഞ്ഞിരുന്നു.അങ്ങനെ അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറിലേറെ ഗീതാജ്ഞാനയജ്ഞങ്ങള്‍ നടത്തിയിരുന്നു.
സ്വാമി ചിന്മയാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: