ആസ്തമ രോഗികള്‍ക്ക് വളരേയേറേ ഗുണം ചെയ്യുന്ന ആസനമാണ് ശുണ്ഡാലാസനം. ഇത് പതിവായി അഭ്യസിക്കുന്നതിലൂടെ ശ്വാസകോശങ്ങളുടെ സങ്കോചവികാസം വര്‍ദ്ധിക്കുന്നു. ആസ്തമയുള്ളവര്‍ കാലത്തും വൈകിട്ടും പതിനഞ്ച് തവണ വീതം ഈ ആസനം അഭ്യസിച്ചുകൊണ്ടിരുന്നാല്‍ വളരെ ആശ്വാസം ലഭിക്കുന്നതാണ്.
ചെയ്യേണ്ട വിധം
1. നിവര്‍ന്ന് നില്ക്കുക. പാദങ്ങള്‍ രണ്ട് മുതല്‍ രണ്ടര അടിവരെ അകറ്റി വയ്ക്കുക.
2. കൈകള്‍ അതാതു വശങ്ങളില് നീണ്ടു തുടയോട് ചേര്‍ത്ത് പിടിക്കുക. നേരെ നോക്കുക.
3. സാവധാനം ശ്വാസം എടുക്കുന്നതോടൊപ്പം, കൈകള്‍ അതാതു വശങ്ങളില് കൂടി (മുമ്പില്‍ കൂടിയല്ല) മുട്ടുവളയാതെ നേരെ തലയ്ക്കു മുകളിലേക്കെടുത്ത് നീട്ടി തൊഴുത് പിടിച്ചു നില്ക്കുക. കൈകള്‍ ചെവികളോട് ചേര്‍ന്നിരിക്കണം.
4. ശ്വാസം അകത്തേക്കെടുക്കുന്ന വേഗതയും കൈകള്‍ മുകളിലേക്കെടുക്കുന്ന വേഗതയും തുല്യമായിരിക്കണം.
5. രണ്ടുമൂന്നു സെക്കന്‍ഡ് ആ നില്പില് നിന്നിട്ട്, സാവധാനം ശ്വാസം വിട്ടുകൊണ്ട്, അതേപടി, ഉടലും തലയും കൈകളും കുനിഞ്ഞു വന്ന്, ചേര്‍ത്ത് പിടിച്ചിരിക്കുന്ന കൈകള്‍, കാലുകളുടെ മധ്യത്തില്‍ക്കൂടി പുറകോട്ട് നീട്ടി, കഴിയുന്നത്ര പൊക്കിപ്പിടിക്കുക. ശ്വാസം വിട്ട് തീരുന്നതോടൊപ്പമാണ് ഇത്രയും നടക്കേണ്ടത്.
6. രണ്ടു മൂന്നു സെക്കന്‍ഡ്, ശ്വാസം വെളിയില്‍ നിര്‍ത്തിയശേഷം സാവധാനം ശ്വാസം എടുത്തുകൊണ്ട്, ഉടലും തലയും കൈയും ഒപ്പം ഉയര്‍ത്തി കൈകള്‍ ആദ്യത്തെപ്പോലെ മുകളിലേയ്ക്ക് നീട്ടിപ്പിടിച്ചു നില്ക്കുക.
7. രണ്ടു മൂന്നു സെക്കന്‍ഡ് കഴിഞ്ഞ് പതുക്കെ ശ്വാസം വിട്ടുകൊണ്ട് കൈകള്‍ അതാതു വശങ്ങളില് കൂടി താഴേക്കെടുത്ത് തുടകളില്‍ ചേര്‍ത്തു വയ്ക്കുക. ശാരീരിക ചലങ്ങള്‍ ഓരോന്നും സാവധാനം വേണം.
ഇപ്പോള്‍ ഒരുതവണ ശുണ്ഡാലാസനമായി. ഇത് അഞ്ചു തവണ അഭ്യസിക്കുക (ആന തുമ്പിക്കൈ ആട്ടുന്നതിനെ അനുകരിച്ചുകൊണ്ടുള്ള ഒരു അഭ്യാസമാണിത്).
ഈ അഭ്യാസത്തില്‍ ദീര്‍ഘമായി രണ്ടു ശ്വാസവും രണ്ട് ഉച്ഛ്വാസവും നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: