തെങ്ങിന് തോപ്പില്‍ ഇടവിളകളെ ഉള്‍ക്കൊള്ളിക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. തോട്ടം കളകയറി കൃഷിപ്പണികള്‍ തടസ്സത്തിലാകുന്നത് നിയന്ത്രിക്കുന്നത് തുടങ്ങി തെങ്ങില്‍നിന്നുള്ള ആദായം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള അനേകം ഗുണങ്ങളാണ് ഇടവിള കൃഷിയിലൂടെ സാധ്യമാകുന്നത്.
നിര്‍ദ്ദിഷ്ടമായ 7.5ഃ7.5 മീറ്റര്‍ എന്ന ഇടയകലം കൃത്യമായി പാലിച്ചിട്ടുള്ളതും 25 വര്ഷത്തിനുമേല് പ്രായമെത്തിയതുമായ തെങ്ങിന്തോപ്പുകളില് ഒട്ടനവധി ഇടവിളകളെ ഉള്‍ക്കൊള്ളിക്കാനാകും. ഇത്തരത്തിലുള്ള തെങ്ങിന് തോപ്പുകളില്‍ വിജകരമായി കൃഷി ചെയ്യാനാകുന്ന ഒരു വെള്ളരി വര്‍ഗ വിളയാണ് കുമ്പളം. കാര്യമായ പരിചരണം ആവശ്യപ്പെടാത്ത ഒരു വിളയാണിത്. ഒരു ഇടവിളയായി വളര്ത്തിയെടുക്കാമെങ്കില് കുമ്പളകൃഷിയിലൂടെ തെങ്ങിന്തോപ്പുകളില്നിന്നുള്ള ആദായം ഗണ്യമായി വര്‍ധിപ്പിക്കാം. പച്ചക്കറിയ്ക്കായുള്ള ആവശ്യങ്ങള്‍ക്ക് പുറമേ മൂല്യവര്‍ധനം നടത്തി പേഡപോലെ ചില രുചിയേറിയ വിഭവങ്ങള്‍ ഒരുക്കാനും കുമ്പളം ഉപയോഗപ്പെടുത്താം. ഇതിന്റെ തളിരിലകള്‍ തോരനുണ്ടാക്കാന്‍ നല്ലതാണ്.
കുമ്പള നീരിന് ഔഷധപ്രാധാന്യമുണ്ട്. ഒരു കിലോഗ്രാം കുമ്പളത്തിന് മാര്‍ക്കറ്റില്‍ ഇരുപത് രൂപയ്ക്ക് മേല്‍ വിലയുണ്ട്. ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ തെങ്ങിന് വരികള്‍ക്കിടയിലായി 60 സെന്റീമീറ്റര്‍ വ്യാസത്തിലും ഏതാണ്ട് 45 സെന്റീമീറ്റര്‍ താഴ്ചയിലും കുഴികളെടുത്ത് അവയില്‍ വേണം കുമ്പളം നടേണ്ടത്. കുമ്പളത്തടങ്ങള്‍ തമ്മില്‍ 2 മീറ്ററെങ്കിലും അകലം പാലിക്കണം. ഉണക്കിപ്പൊടിച്ച 2.5 കിലോഗ്രാം ചാണകം മേല്‍മണ്ണുമായി നന്നായി യോജിപ്പിച്ച് തടം നിറയ്ക്കണം. അടിവിളയായി തടമൊന്നില്‍ 15 ഗ്രാം യൂറിയ, 25 ഗ്രാം രാജ്ഫോസ്, 8.5 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കാം. തുടര്‍ന്ന് വള്ളി വീശുമ്പോഴും കായ് പിടിച്ചു തുടങ്ങുമ്പോഴും 7.5ഗ്രാം യൂറിയ വീതം നല്‍കണം. ജൈവവളങ്ങള്‍ മാത്രം ഉപയോഗിക്കുന്നുവെങ്കില്‍ തടമൊന്നിന് 2.5 കിലോഗ്രാം ചാണകം ചേര്‍ത്തുകൊടുക്കുന്നത് കൂടാതെ 40ഗ്രാം കപ്പലണ്ടി പിണ്ണാക്ക്, 15 ഗ്രാം ചാരം എന്നിവ കൂടി നല്‍കണം.
ഒരു തടത്തില്‍ 4 മുതല്‍ 5 വിത്തുകളാണ് പാകുക. കിളിര്‍ത്തു വരുമ്പോള്‍ ആരോഗ്യമില്ലാത്തവയെ മാറ്റി തടമൊന്നില്‍ രണ്ടോ മൂന്നോ ചെടികളെ മാത്രം നിലനിര്‍ത്തുക. ആദ്യ ഘട്ടത്തില്‍ 3-4 ദിവസത്തിലൊരിക്കല്‍ നന വേണം. പൂക്കുമ്പോഴും കായ്ക്കുമ്പോഴും ഒന്നിടവിട്ട ദിവസങ്ങളില്‍ നനയ്ക്കണം.
നീരൂറ്റി കുടിക്കുന്ന എഫിഡുകളുടെ ആക്രമണം കണ്ടാല്‍ എക്കാലക്സ് 3 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കണം. പഴ ഈച്ചകളെ അകറ്റാനായി 0.2 ശതമാനം വീര്യത്തില്‍ കാര്‍ബാറില്‍/സെവിന്‍ എന്ന കീടനാശിനി ഉപയോഗിക്കാം. (ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 ഗ്രാം കാര്‍ബാറില്‍). പോളിത്തീന്‍/തുണി/പേപ്പര്‍ ബാഗുകളില്‍ കായ പൊതിഞ്ഞു വയ്ക്കുന്നതും പഴഈച്ചകളില്‍നിന്നു രക്ഷ നേടാനുപകരിക്കും. തടത്തില്‍ വിത്തുപാകുന്നതിനു മുന്‍പായി കാര്‍ബാറില്‍ പൊടി വിതറുന്നത് പഴയീച്ചയുടെ സമാധിദശയെ നശിപ്പിക്കും.
രോഗങ്ങളില്‍ പ്രധാനമാണ് പൗഡറി മില്‍ഡ്യൂ അഥവാ ചൂര്‍ണ്ണപൂപ്പ്. 0.05 ശതമാനം വീര്യത്തില്‍ നൈട്രോ ഫീനോള്‍ തളിക്കുകയാണ് ഇതിന് പ്രതിവിധി. മറ്റൊരു പ്രധാന രോഗമാണ് മൊസേക്ക് അഥവാ നരപ്പ്. രോഗം പരത്തുന്നതിന് കാരണക്കാരായ പ്രാണികളെ 0.05 ശതമാനം വീര്യത്തില്‍ റോഗര്‍/ഡൈമെത്തോയേറ്റ് എന്ന കീടനാശിനി തളിച്ച് നിയന്ത്രിക്കാം.
കെഎയു ലോക്കല്‍, ഇന്ദു എന്നിവ കേരള കാര്‍ഷിക സര്‍വകലാശാലയില്‍നിന്ന് പുറത്തിറക്കിയ മെച്ചമേറിയ കുമ്പളയിനങ്ങളാണ്.
ഡോ.സുധ ബി ഇ.ബി.ജില്ഷാബായ് –
പ്രതികരിക്കാൻ ഇവിടെ എഴുതുക: