Categories: Astrology

കര്‍മ്മവിപാക പ്രായശ്ചിത്തങ്ങള്‍

Published by

ജ്യോതിഷത്തില്‍ ഓരോ രോഗത്തിനുമുള്ള പ്രതിവിധികളും പരിഹാരങ്ങളുമുണ്ട്. കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന സൂര്യനെ ശനി നോക്കിയാല്‍ വാതരോഗിയാവും. കഴിഞ്ഞ ജന്മങ്ങളില്‍ അന്യരുടെ ധനം അപഹരിച്ചതുകൊണ്ടും പിശുക്കനായതുകൊണ്ടും വേണ്ടാത്ത പ്രവൃത്തികള്‍ ചെയ്കയാലും വാതരോഗിയായി ജനിക്കുന്നു. ശനീശ്വരനെ ഭജിക്കുകയും ജപഹോമദാനാദികള്‍ ചെയ്കയാണ് ഇതിന് പരിഹാരമായി ജ്യോതിഷം നിഷ്ക്കര്‍ഷിക്കുന്നത്. ശനിയുടെ മധ്യത്തില്‍ കേതു വന്നാലും ചൊവ്വ ശനിയെ നോക്കിയാലും വാതരോഗിയായി തീരും. ദേവസ്വം ബ്രഹ്മസ്വം സ്വത്ത് അപഹരിച്ചാലും വാതരോഗം പിടിപെടും. പ്രതിമാദാനം, കുട്ടിയോടു കൂടിയ കൃഷ്ണ മഹിഷിദാനം തുടങ്ങിയവയും വാതരോഗ ശാന്തിക്ക് ഉത്തമമാണ്.

ശനി പ്രീതിക്കായി വിധിപ്രകാരം ജപഹോമദാനാദികള്‍ ചെയ്താല്‍ മൂത്രകൃച്ഛറ രോഗത്തിന് ശമനമുണ്ടാകും. ഏഴില്‍ നില്‍ക്കുന്ന ശനിയെ രാഹു നോക്കുമ്പോഴാ‍ണ് മൂത്രകൃച്ഛറം രോഗം പിടിപെടുന്നത്. ഗുരുനാഥനോട് മത്സരിക്കുകയും പകല്‍ സമയം മൈഥുനം ചെയ്യുകയും കള്ളു കുടിക്കുകയും ഈ രോഗത്തിന് കാരണമത്രെ.

അഷ്ടമത്തില്‍ രാഹുവും സൂര്യനും നില്‍ക്കുകയോ അഷ്ടമത്തില്‍ രാഹുവും സൂര്യനും ചൊവ്വയും കൂടി നില്‍ക്കുകയോ ശുക്രനും ശനിയും ഒരു രാശിയില്‍ നില്‍ക്കുകയോ ചൊവ്വാക്ഷേത്രത്തില്‍ ശുക്രന്‍ നില്‍ക്കുകയോ ചിങ്ങത്തിലെ ശുക്രനെ സൂര്യന്‍ നോക്കി നില്‍ക്കുകയോ ചെയ്താലും കുഷ്ഠ രോഗം വരാം. സൂര്യപ്രീതിക്കായുള്ള ജപഹോമാദികള്‍ ചെയ്യുകയാണ് ഈ രോഗത്തിന് പരിഹാരം.

സൂര്യ പ്രീതിക്കായുള്ള ജപഹോമദാനാദികള്‍ ചെയ്യുന്നത് ഭഗന്ദരത്തിന് പരിഹാരമാണ്. കര്‍ക്കിടകത്തില്‍ സൂര്യന്‍ നില്‍ക്കുകയും ശനിയെ കര്‍ക്കിടകസ്ഥനായ ചൊവ്വ നോക്കുകയും ചെയ്താല്‍ ഭഗന്ദര രോഗിയായി തീരും. ശിവ സങ്കല്പ സൂത്രം ജപം അഷ്ടോത്തര സഹസ്രജപം എന്നിവ നടത്തി സ്വര്‍ണ്ണദാനം ചെയ്യുന്നത് ഗ്രഹണി രോഗത്തിന് പരിഹാരമായി ജ്യോതിഷം പറയുന്നു. ആറാം ഭാവത്തില്‍ ചന്ദ്രന്‍ രോഗാധിപനായി വന്നാലാണ് ഗ്രഹണിരോഗമുണ്ടാകുന്നത്.

മൂന്നുമാസം പയോവ്രതം അനുഷ്ടിച്ചാല്‍ ഉദരരോഗത്തിന് ശമനമുണ്ടാകും. നൂറ് ബ്രാഹ്മണര്‍ക്ക് ഭോജനം നല്‍കലും ശിവന് സഹസ്രകലശാഭിഷേകം നടത്തുന്നതും ഈ രോഗത്തിന് ഫലപ്രദമത്രെ. ചിങ്ങത്തില്‍ ക്ഷീണ ചന്ദ്രന്‍ നില്‍ക്കുകയും ആ ചന്ദ്രന്റെ ദശ തുടങ്ങുകയും ചെയ്താലാണ് ഉദര രോഗിയായി തീരുക. ത്രിമൂര്‍ത്തികളില്‍ ഉത്തമഭാവേന ഭേദത്വം കല്‍പ്പിച്ച് ഭജിക്കുന്നവരും ഉദരരോഗികളായി തീരാറുണ്ട്.

സഹസ്രനാമജപവും ഗായത്രീ ജപവും ബ്രാഹ്മണ ഭോജനവും പ്രമേഹ രോഗത്തിന് പരിഹാരങ്ങളാണ്. വ്യാഴ ക്ഷേത്രത്തില്‍ നില്‍ക്കുന്ന ബുധനെ സൂര്യന്‍ നോക്കുമ്പോഴാണ് പ്രമേഹരോഗം ഉണ്ടാവുക. ബുധപ്രീതിക്ക് വേണ്ടിയുള്ള ജപഹോമദാനാദികള്‍ ചെയ്യുന്നതും ഈ രോഗത്തിന് ഫലപ്രദമത്രെ.

സൂര്യപ്രീതിക്ക് വേണ്ടി ജപഹോമാദാനാദികള്‍ വിധിപ്രകാരം ചെയ്യുകയും പുരുഷസൂക്തവും ആദിത്യ ഹൃദയമന്ത്രവും ജപിക്കുകയും ചെയ്താല്‍ അര്‍ശോരോഗത്തിന് ശമനമാകും. കര്‍ക്കിടകത്തില്‍ നില്‍ക്കുന്ന സൂര്യനെ ശനി നോക്കുമ്പോഴാണ് അര്‍ശോരോഗം ഉണ്ടാവുക.

പെരിങ്ങോട്ട് ശങ്കരനാരായണന്‍ –

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts