കറുകച്ചാല്‍: മേഖലയില്‍ മണ്ണു കടത്തു വ്യാപകമായതോടെ ടിപ്പറുകളുടെ അമിത വേഗതയും കൂടി. വേഗത്തിലോടുന്ന വണ്ടിയില്‍ നിന്ന് കല്ലും മണ്ണും റോഡിലേക്ക് തെറിച്ച് വീഴുന്നുവെന്ന് ആക്ഷേപം. ടിപ്പറുകളില്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മണ്ണു മൂടി കൊണ്ടുപോകണമെന്നുണ്ടെങ്കിലും ഇതൊന്നും പാലിക്കാറില്ല.
വേഗതയില്‍ പോകുന്ന ടിപ്പറുകളില്‍ നിന്നും കല്ലും മണ്ണും റോഡിലേക്ക് വീഴുന്നത് നിത്യസംഭവമാണ്. നിരത്തിലൂടെ പായുന്ന ടിപ്പര്‍ലോറികള്‍ പലതും പാസില്ലാതെയാണ് മണ്ണുകടത്തുന്നത്. ഒരു പാസിന്റെ മറവില്‍ നൂറു കണക്കിനു ലോഡ് മണ്ണാണു കടത്തുന്നത്.
ടൗണില്‍ കൂടിയല്ലാതെ ഗ്രാമീണ റോഡുകളും ടിപ്പറുകള്‍ പായാറുണ്ട്. ഇവിടേയും മരണപ്പാച്ചിലിനു കുറവില്ല. അമിതഭാരമായി പോകുന്ന ടിപ്പറുകള്‍ ഗ്രാമീണ റോഡിന്റെ തകര്‍ച്ചയ്‌ക്കും കാരണമാകുന്നു. കഴിഞ്ഞ വര്‍ഷം ടാര്‍ ചെയ്ത ഗ്രാമീണ റോഡുകള്‍ ഇപ്പോള്‍ തന്നെ തകര്‍ച്ചയിലാണ്. അധികൃതരെ ഭയന്നാണ് ഇടവഴിയിലൂടെ ടിപ്പറുകള്‍ പായുന്നത്. മാടപ്പള്ളി, കറുകച്ചാല്‍ പ്രദേശങ്ങളിലെ കുന്നുകളില്‍ നിന്ന് അനധികൃതമായിട്ടാണ് മണ്ണെടുക്കുന്നതെന്ന് പരാതിയുമുണ്ട്.
കുന്നുകള്‍ നിരപ്പായതോടെ കുടിവെള്ളത്തിനും ക്ഷാമമായി. മാടപ്പള്ളിയിലെ മണ്ണെടുപ്പ് കാലങ്ങളായിട്ടുള്ളതാണ്. ഇവിടെയെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. റവന്യു വകുപ്പും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പും ഇടപെടണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
















