സനത്കുമാരന്‍ എന്ന ആത്മബോധിയില്‍നിന്നും ആത്മതത്വം നേടിയ പൃഥു, തനിക്ക് കുമാരന്മാര്‍ ഗുരുവായി വരുമെന്ന് പണ്ട് ശ്രീഹരിതന്നെ അനുഗ്രഹം നല്‍കിയ കാര്യം ഓര്‍മിച്ചു. കുമാരന്മാര്‍ക്ക് എന്താണ് ദക്ഷിണ കൊടുക്കുക എന്നായി പിന്നീടുള്ള ചിന്ത. എന്തുകൊടുത്താലാണ് മതിവരുക? എന്താണ് കൊടുക്കാന്‍ സാധിക്കുക? കൊടുക്കാന്‍ എന്റെ കൈവശം എന്താണുള്ളത്? ഈ ശരീരംപോലും എന്റെതല്ല. ”സാധുഛിഷ്ടം ഹി സര്‍വംമേ ആത്മനാസഹ കിം ഭദേ” ഈ ശരീരംപോലും വേനശരീരത്തില്‍നിന്നും മഹര്‍ഷിമാര്‍ കടഞ്ഞെടുത്തതാണ്. അത് എന്റേതല്ല, മഹര്‍ഷിമാരുടേതാണ്. രാജ്യവും മഹര്‍ഷിമാര്‍ ഏല്‍പ്പിച്ചതാണ്. ഞാന്‍ ഇവിടെ ജനങ്ങളുടെ ദാസനാണ്. എങ്കിലും ഇതെല്ലാം എന്റേതാണെന്ന് ഞാന്‍ മിഥ്യാഭിമാനം കൊള്ളുകയാണ്. അതിനാല്‍ ആ അഭിമാനത്തെത്തന്നെ ഞാന്‍ ദക്ഷിണയായി സമര്‍പ്പിക്കുന്നു.
പൃഥു കുമാരന്മാരെ നമസ്‌കരിച്ചു. തുടര്‍ന്ന് കുമാരന്മാര്‍ ആകാശമാര്‍ഗത്തില്‍ അന്തര്‍ധാനം ചെയ്തു.
പിന്നീട് എല്ലാ കര്‍മങ്ങളും ഭഗവത് സമര്‍പ്പണമായി ചെയ്ത് പൃഥു കുറെക്കാലം കൂടി രാജ്യഭരണം നിര്‍വഹിച്ചു. സൂര്യഭഗവാന്റെ സാന്നിദ്ധ്യത്തിലാണ് ഭൂമിയില്‍ ജീവജാലങ്ങള്‍ പ്രവര്‍ത്തനോന്മുഖരാകുന്നത്. എന്നാല്‍ ഈ പ്രവൃത്തികളിലൊന്നും സൂര്യന് പങ്കില്ല. സൂര്യനില്‍നിന്നുള്ള ഊര്‍ജം കൊണ്ടു ചെയ്യുന്നു. പക്ഷെ കര്‍മ്മത്തിന്റെ യാതൊരു ഉത്തരവാദിത്വവും സൂര്യനില്ല. അതുപോലെയായിരുന്നു പൃഥുവിന്റെ രാജ്യഭരണം.
അച്യുതാത്മകമായി കര്‍മങ്ങളെ അനുഷ്ഠിച്ചതുകൊണ്ട് ദിക്പാലന്മാരെല്ലാം വേണ്ടവിധത്തില്‍ ഭാഗഭാക്കായി. അതിനാല്‍ അതിവര്‍ഷമോ വരള്‍ച്ചയോ അകാലമരണമോ രാക്ഷസപീഡയോ കടലാക്രമണമോ കൊടുങ്കാറ്റോ ദാരിദ്ര്യദുഃഖമോ ഇല്ലാതെ ഈശ്വരാനുഗ്രഹത്തോടെ രാഷ്‌ട്രം പുരോഗമിച്ചു. ഇന്ദ്രന്‍ സമയത്തിനു മഴ പെയ്യിച്ചു. അഗ്നി അധികം തപിച്ചില്ല. യമന്‍ അകാലത്തുവരാത്തതിനാല്‍ ശിശുമരണങ്ങളുണ്ടായില്ല. നിര്യതി കോപിച്ചില്ല. വരുണന്‍ പ്രസാദിച്ചു. വായു ആവശ്യാനുസൃതം മാത്രം വീശി. കുബേരന്റെ പ്രവര്‍ത്തനം ലക്ഷ്മീസാന്നിദ്ധ്യത്തിലായി. ഭണ്ഡാരം എപ്പോഴും നിറഞ്ഞുനിന്നു. ഈശാനദേവന്‍ അനുഗ്രഹിച്ചു.
പൃഥു കര്‍മ്മങ്ങള്‍ ചെയ്തിരുന്നെങ്കിലും ഭഗവതര്‍പിതമാകയാല്‍ കര്‍മ്മഫലത്തെക്കുറിച്ചു ചിന്തിച്ചില്ല. അതുകൊണ്ടുതന്നെ കര്‍മ്മവാസന ബന്ധനമായി വന്നില്ല.
രഞ്ജിപ്പിക്കുന്നതില്‍ ചന്ദ്രനും കര്‍മത്തില്‍ സൂര്യനും തേജസ്സില്‍ അഗ്നിക്കും ക്ഷമയില്‍ ഭൂമിക്കും അഗാധതയില്‍ സമുദ്രത്തിനും സ്ഥൈര്യത്തില്‍ മേരുവിനും സമ്പാദ്യത്തില്‍ കുബേരനും പരിപാലനത്തില്‍ വായുവിനും യുദ്ധത്തില്‍ രുദ്രനും സൗന്ദര്യത്തില്‍ കാമദേവനും ധൈര്യത്തില്‍ സിംഹത്തിനും ജ്ഞാനത്തില്‍ ബൃഹസ്പതിക്കും വാത്സല്യത്തില്‍ മനുവിനും പ്രഭുത്വത്തില്‍ ബ്രഹ്മനും തുല്യനായി പൃഥു പരിലസിച്ചു എന്നാണ് മൈത്രേയ മഹര്‍ഷി വിദുരരോടു പറഞ്ഞത്. സര്‍വഗുണങ്ങളിലും പൃഥുവിന് സമാനന്‍ പൃഥു മാത്രമായിരുന്നു. സത്തുക്കള്‍ക്ക് ശ്രീരാമനെപ്പോലെയായിരുന്നു.
രാമായണത്തില്‍ രാമന്റെ ഭരണകാലത്തെ അവസ്ഥ ഇത്തരുണത്തില്‍ സ്മരണീയം. ”സസ്യപരിപൂര്‍ണയല്ലോ ധരിത്രിയും.” വൈകുണ്ഠലോകഭോഗത്തിനു തുല്യമായ ജീവിതമായിരുന്നു ജനങ്ങള്‍ക്ക്.
പൃഥു ഭൂമിയെ നല്ല രീതിയില്‍ പരിപാലിച്ച് സമൃദ്ധമാക്കിയശേഷം രാജ്യഭാരം പുത്രന്മാരെ ഏല്‍പ്പിച്ച് വാനപ്രസ്ഥത്തിനിറങ്ങി. അവിടെ പഞ്ചേന്ദ്രിയങ്ങളേയും മനസ്സിനെയും അടക്കി തപോമാര്‍ഗത്തിലാണ് വനത്തില്‍ കഴിഞ്ഞത്. അതിനായി നിത്യം പ്രാണായാമത്തെയും അവലംബിച്ചു. സത്വഗുണത്തിനാല്‍ തമോഗുണത്തേയും രജോഗുണത്തേയും ലയിപ്പിച്ചു. ക്രമേണ എല്ലാം ഉപേക്ഷിക്കാന്‍ ശീലിച്ചു. വിശപ്പും ദാഹവും തണുപ്പും ചൂടും ഒന്നും അറിയാതെയായി. വിരക്തിയും ഭക്തിയുമായിക്കഴിഞ്ഞ് ആത്മജ്ഞാനവുമുണ്ടായി. അന്ത്യകാലത്ത് പരബ്രഹ്മത്തിനെത്തന്നെ ധ്യാനിച്ച് ബ്രഹ്മമായിത്തന്നെ മാറി. ”ബ്രഹ്മഭൂതോ ദൃഢം, കാലേ തത്യാജ സ്വം കളേവരം”
മുക്താസനത്തിലിരുന്ന് പ്രാണനയെ ഷഡധാര ചക്രങ്ങളിലൂടെ കടത്തി ആജ്ഞാചക്രത്തില്‍ നിന്നും ഉയര്‍ത്തി ബ്രഹ്മരന്ധ്രത്തിലെത്തിച്ചു. വ്യക്തിശരീരത്തെ സമഷ്ടി ശരീരത്തില്‍ ലയിപ്പിച്ചു.
”ഇന്ദ്രിയേഷു മനസ്താനി തന്മാത്രേഷു യഥോല്‍ഭവം
ഭൂതാദിനാമൂന്യുത്ക്ഷിപ്യ മഹത്യാത്മനി സംദധേ”
മനസ്സിനെ ഇന്ദ്രിയങ്ങളിലും ഇന്ദ്രിയങ്ങളെ പഞ്ചതന്മാത്രകളിലും അവയെ പഞ്ചഭൂതങ്ങളിലൂടെ അഹങ്കാരസഹിതം മഹന്നത്വത്തില്‍ ലയിപ്പിച്ചു. തുടര്‍ന്ന് പിണ്ഡശരീരത്തെ ജ്ഞാനവവൈരാഗ്യ വീര്യത്താല്‍ ഉപേക്ഷിച്ചു.
പൃഥു ശരീരത്തെ ഭാര്യ അര്‍ചിസു തന്നെ ചിതയൊരുക്കി ഉദകക്രിയകളെല്ലാം ചെയ്ത് ദഹിപ്പിച്ചു. തുടര്‍ന്ന് അര്‍ചിസും വൈകുണ്ഠത്തിലേക്കുപോയി.
പൃഥുവിന്റെ ചരിത്രം കേള്‍ക്കുന്നവരും പറയുന്നവരുമെല്ലാം മോക്ഷത്തിനര്‍ഹരായിത്തീരുമെന്ന് മൈത്രേയ മഹര്‍ഷി ഉപസംഹരിക്കുന്നു.
















