കൊച്ചി മഴ എന്നൊരു ബ്രാന്റുണ്ടോ മഴയ്ക്ക്.ഉണ്ടെന്നു പറയുന്ന ചിലരുണ്ട്.പക്ഷേ അതു പരിഹസിച്ചാണെന്നുമാത്രം.മഴ ഇല്ലാത്ത കൊച്ചി എന്നാണ് അതിന്റെ നേരര്‍ഥം.ആകാശം കാണാത്ത കൊച്ചിക്കെങ്ങനെ മഴമേഘമുണ്ടാവും എന്നൊക്കെയാണ് ചോദ്യം.അംബര ചുംബിക്കു കീഴെയല്ലേ കൊച്ചിയില്‍ മഴ മേഘം എന്നു പറയുന്നതിലുമുണ്ട് ശരികള്‍.
പെട്ടെന്നു മഴ പെയ്തപ്പോള്‍ മഴയോ എന്നു അതിശയംകൂറി എല്ലാവരും.
ഒരു മഴയ്ക്കായി കൊച്ചിക്കാര് കാത്തിരുന്നു വേഴാമ്പലുകളായിട്ട് നാളെത്രയായി.ഇടയ്ക്കൊന്നു ചാറി മഴ മോഹിപ്പിക്കും.കാര്‍മേഘങ്ങള്‍ ഉരുണ്ടു കൂടി കൊതിപ്പിച്ച് കാറ്റിനൊപ്പം കടന്നു കളയും.കേരളത്തിന്റെ പല ഭാഗങ്ങളിലും തട്ടിയും മുട്ടിയും കൊഴുത്തും മഴ പെയ്തെന്നു കേള്‍ക്കുമ്പോള്‍ അസൂയയും കുശുമ്പും മാത്രമല്ല നിരാശയുമുണ്ടാകും.അതിനിടയില്‍ പഴയ കൊള്ളപ്പിടിച്ച മഴയെക്കുറിച്ച് പ്രായമായവര്‍ വര്‍ണ്ണിക്കുമ്പോള്‍ പറയാനുമില്ല,എവിടെയോ കാരണമില്ലാത്തൊരു കുറ്റബോധം.പുതു ചെറുപ്പം മരങ്ങളും കാടും പടലവും വെട്ടിക്കൂട്ടി മഴയെപ്പോലും കെട്ടുകെട്ടിച്ചെന്ന പയ്യാരമുണ്ടാ മുതിര്‍ന്നവരുടെ വാക്കുകളില്‍.
ശ്വാസവും തീറ്റയും കുടിയുംപോലെ സ്വാഭാവികമായിരുന്നു കൊച്ചിയിലും മഴ.അതൊരു കാവ്യാനുഭവം പോലെ കാഴ്ചയും നനവും മാത്രമായിരുന്നില്ല.ഉറക്കവും ഉണര്‍വുമായിരുന്നു.മഴത്തോരണങ്ങളും മഴക്കൊള്ളയും അന്നും ഉണ്ടായിരുന്നു.തോടും കുളവും പുഴയും കായലും വിണ്ടു കീറിയൊഴുകിയ മഴപ്പുഴയും എത്രയുണ്ടായിരുന്നു.അതില്‍ കളിച്ചും കുളിച്ചും വീണുമൊക്കെ വളര്‍ന്നതാണ് ഇന്നത്തെ പ്രായമായവരുടെ ചെറുപ്പം.മഴക്കാറുകണ്ട് പീലി വിടര്‍ത്തിയ ആഹ്ളാദങ്ങള്‍.ജൂണ്‍ ഒന്നിനു പുത്തന്‍ മഴ നനഞ്ഞാണ് സ്ക്കൂളിലെത്തുക.
ആകാശവാതില്‍ മുഴുക്കെ തുറന്ന് കൊച്ചിക്കായലില്‍ മഴ പെയ്യുന്നതു കാഴ്ച തന്നെയായിരുന്നു.കണക്കിനു കിട്ടുന്ന മഴയേയുംകൂട്ടിയായിരുന്നു അന്നത്തെ കൊച്ചിപ്രൗഢി.
കൊച്ചിക്കു പലതും ഇല്ലാതായതിന്റെ കാരണവും പലതാണ്.വികസനത്തിന്റെ പേരിലും സുഖ സൗകര്യങ്ങളുടെ കമ്പത്തിലും തിരിച്ചു വരാതെ പോയ നന്മകള്ക്കപ്പുറം കൊച്ചി കാത്തിരിക്കുന്നത് എന്തെല്ലാം ദുരിതങ്ങളാണ്.വഴിമാറിപ്പോയ മഴ മേഘങ്ങള്‍പോലെ എന്തെല്ലാം വിട്ടുപോയി.സൗകര്യങ്ങളുടെ കോണ്‍ക്രീറ്റു കാടുകള്‍ നല്കിയ അസൗകര്യങ്ങള്‍ കൊച്ചി അനുഭവിച്ചുകൊണ്ടിരിക്കുന്നു.
കുളിക്കാന്‍ വെള്ളമില്ല,കുടിക്കാനും.മഴ കാണാനും കൊള്ളാനും കൂട്ടമായി വണ്ടിപിടിച്ച് പോകുന്നവരാണ് ഇന്നത്തെ കുട്ടികള്‍.നാലഞ്ചു വര്‍ഷം മുന്‍പ് കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴ പെയ്തപ്പോള്‍ പറമ്പിലും റോഡിലുമൊക്കെ വഞ്ചിയിറക്കി നിഷ്ക്കളങ്കമായി അര്‍മാദിച്ചു ഈ കുട്ടികള്‍.
ഒരു മഴ പെയ്താല്‍ പുഴയാകുന്നതാണ് കൊച്ചി.അങ്ങനെ അനേകം പുഴകള്‍.അല്ലെങ്കില്‍ പുഴയുടെ കൊച്ചിയോ.പുറത്ത് മഴച്ചിലങ്കയുടെ താളം മുറുകുന്നുണ്ട്.ഉഷ്ണം വേടുകടിച്ച കൊച്ചിയുടെ ശരീരത്തിലേക്കു മാത്രമല്ല ഹൃദയത്തിലേക്കും പെയ്യുകയാണ് മഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: