ലിസ്ബണ്‍: യുറോപ്യന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ അണ്ടര്‍ -17 ഫുട്‌ബോള്‍ ടീമിന് തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സ്‌പോര്‍ട്ടിംഗ് ലിസ്ബണാണ് തോല്‍പ്പിച്ചത്.
കാര്‍ലോസ് സില്‍വ നാല്‍പ്പതാം മിനിറ്റില്‍ സ്‌പോര്‍ട്ടിംഗിനെ മുന്നിലെത്തിച്ചു.തിരിച്ചടിച്ച ഇന്ത്യ തൊട്ടടുത്ത നിമിഷത്തില്‍ തന്നെ ഗോള്‍ മടക്കി സമനില പിടിച്ചു. അങ്കിത് യാദവാണ് ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ ഉസുമാനി ഗോള്‍ കുറിച്ച് സ്‌പോര്‍ട്ടിംഗിനെ വിജയം നേടിക്കൊടുത്തു.
സ്‌പോര്‍ട്ടിംഗ് തുടക്കം മുതല്‍ വേഗമാര്‍ന്ന നീക്കങ്ങളിലൂടെ നിരന്തരം ആക്രമണം നടത്തി.വിങ്ങുകളിലൂടെയായിരുന്ന നീക്കങ്ങള്‍. ഇന്ത്യന്‍ താരങ്ങള്‍ പൊരുതി നിന്ന് ആക്രമണങ്ങളുടെ മുനയൊടിച്ചു. അഭിജിത്ത് സര്‍ക്കാര്‍ ബോക്‌സിന് അകത്തു നിന്ന് ഷോട്ട് പായിച്ചെങ്കിലും ലിസ്ബണ്‍ പ്രതിരോധ നിര തടഞ്ഞു.തൊട്ടടുത്ത നിമിഷം സ്‌പോര്‍ട്ടിംഗ് ഗോള്‍ നേടി.കോര്‍ണറില്‍ നിന്നാന് ഗോള്‍ പിറന്നത്.ഇന്ത്യന്‍ ഗോളി പ്രഭുസുഖന്‍ സിംഗിന് പന്ത് കൈപ്പിടിയിലൊതുക്കാനായില്ല.ഒരുമിനിറ്റിനുളളില്‍ അങ്കിത് ഗോള്‍ മടക്കി.
ഇടവേളയ്‌ക്കു ശേഷം ഉസുമാനി ആതിഥേയരെ മുന്നിലെത്തിച്ചു.
അവസാന നിമിഷങ്ങളില്‍ ഇന്ത്യയ്‌ക്ക് ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചതാണ്.പക്ഷെ പെനാല്‍റ്റി കിക്ക് അങ്കിത് യാദവ് നഷ്ടപ്പെടുത്തി. ഇന്ത്യയില്‍ ഒക്‌ടോബറില്‍ നടക്കുന്ന ഫിഫ അണ്ടര്‍- 17 ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനോടനുബന്ധിച്ചാണ് ഇന്ത്യന്‍ ടീം യൂറോപ്പില്‍ പര്യടനം നടത്തുന്നത്.
















