കൂറ്റനാട്: തൃത്താല വെളളിയാങ്കല്ല് തടയണ വറ്റി വരണ്ടു. തൃത്താല, പട്ടാമ്പി പ്രദേശങ്ങളുടെ ജലക്ഷാമത്തിന് പരിഹാരമായി കൊണ്ടുവന്ന വെള്ളിയാങ്കല്ല് പദ്ധതിയില്‍ ഇന്ന് ഒരിറ്റ് ജലമില്ലാതെ വറ്റി വരണ്ടിരിക്കുന്ന കാഴ്ചയാണ്.
വേനലിന്റെ കാഠിന്യത്തോടൊപ്പം അധികൃതരുടെ അനാസ്ഥയും ഒത്തുചേര്‍ന്നതാണ് വെള്ളിയാങ്കല്ലിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണമെന്ന് പരാതിയുണ്ട്. കഴിഞ്ഞ വര്‍ഷം മഴ കുറവാണ് ലഭിച്ചിരുന്നെങ്കിലും ഉള്ള ജലം കാര്യക്ഷമമായ രീതിയില്‍ സംരക്ഷിച്ചിരുന്നെങ്കില്‍ ഇത്രയും ദയനീയാവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്നും അഭിപ്രായമുണ്ട്.
മഴ കുറഞ്ഞ് വരുന്ന സമയങ്ങളില്‍ തന്നെ റഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നതിനെതിരെ അന്നു തന്നെ പ്രതിഷേധമുണ്ടായിരുന്നു.ഷട്ടറുകള്‍ തുറന്നു വിടുന്നതിലെ അപാകത വലിയ തോതില്‍ ജലനഷ്ടം ഉണ്ടാക്കി.ഇന്നിപ്പോള്‍ ഭാരതപ്പുഴയുടെ തീരദേശമാകെ വരള്‍ച്ചയിലാണ്.പരുതൂര്‍, പട്ടിത്തറ, തൃത്താല, നാഗലശ്ശേരി, തിരുമിറ്റക്കോട് തുടങ്ങിയ പ്രദേശങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
തീരദേശങ്ങള്ക്കു പുറമെ കുന്നംകുളവും ഗുരുവായൂരും ചാവക്കാടും വലിയൊരളവ് ഭാരതപ്പുഴയെ ആശ്രയിക്കുന്നുണ്ട്. തൃത്താലയിലെ പാവറട്ടി ജലവിതരണ പദ്ധതിയിലൂടെയാണ് നിളാജലം ഇവിടങ്ങളിലേക്ക് ഒഴുകുന്നത്.ഒരു വശത്ത് വെള്ളമില്ലതെ വെള്ളിയാങ്കല്ല് തടയണ വറ്റി വരണ്ട് കിടക്കുകയും ജനങ്ങള്‍ കുടിവെള്ളത്തിനായി കഷ്ടപ്പെടുമ്പോള്‍ ഇതൊന്നും കാര്യമാക്കാതെ ഭരണ പ്രതിപക്ഷങ്ങള്‍ കൊമ്പ് കോര്‍ക്കുന്നു.
പാലം അപകടത്തിലെന്ന എംഎല് എയുടെ നിലപാടിനെതിരെ ഭരണപക്ഷം രംഗത്ത് വന്നതാണ് പുതിയ സംഭവം.ജനശ്രദ്ധ പിടിച്ചുപറ്റാനാണ് എംഎല്‍എ യുടെ ശ്രമമെന്ന് ഭരണ പക്ഷം ആരോപിക്കുന്നു.ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളിയാങ്കല്ല് പദ്ധതി പ്രദേശം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു. ഉദ്യോഗസ്ഥരോടൊപ്പംഎംഎല്എ വി.ടി.ബല്‍റാമും ഉണ്ടായിരുന്നു.പാലത്തിന്റെ തൂണുകള്‍ക്ക് മുന്‍വശത്തായി സ്ഥാപിച്ച കോണ്‍ക്രീറ്റ് കട്ടകളും കരിങ്കല്ലുകളും തകര്‍ന്ന് ഒഴുകിമാറിയിട്ടുണ്ട്.
ഷട്ടറുകള്‍ തുറക്കുമ്പോഴുണ്ടാകുന്ന ശക്തമായ കുത്തൊഴുക്കിനെ പ്രതിരോധിക്കാനായി സ്ഥാപിച്ചവയാണ് തെന്നിമാറിക്കിടക്കുന്നത്. പുഴയിലെ തൂണുകള്‍ക്ക് ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് വലിയ കോണ്‍ക്രീറ്റ് കട്ടകള്‍ സ്ഥാപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: