സാന്‍സീറോ: എഡിന്‍ സാക്കോയുടെ ഇരട്ട ഗോളില്‍ എസി മിലാനെ തകര്‍ത്ത് റോമ സിരി എയില്‍ കിരീട പ്രതീക്ഷ സജീവമാക്കി. പത്തംഗ മിലാനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഈ വിജയത്തോടെ അവര്‍ പോയിന്റു നിലയില്‍ രണ്ടാം സ്ഥാനത്തെത്തി. 35 മത്സരങ്ങളില്‍ 78 പോയിന്റ്. യുവന്റസാണ് ഒന്നാം സ്ഥാനത്ത്.അവര്‍ക്ക് 35 മത്സരങ്ങളില്‍ 85 പോയിന്റായി.
ആദ്യത്തെ അരമണിക്കൂറിനുളളില്‍ തന്നെ സാക്കോ രണ്ടു ഗോളും നേടി.ഇതോടെ ഈ സീസണില്‍ സാക്കോയ്‌ക്ക് 27 ഗോളായി. എട്ടാം മിനിറ്റിലാണ് ആദ്യ ഗോള്‍. മുഹമ്മദ് സലാഹുമൊത്തുളള നീക്കാമാണ് ഗോളില്‍ കലാശിച്ചത്. ഇരുപതു മിനിറ്റിനുളളില്‍ രണ്ടാം ഗോളും പിറന്നു. ലീയാന്‍ഡ്രോ പരേഡ്‌സിന്റെ കോണര്‍ ഹെഡ് ചെയ്തു വലയ്‌ക്കുളളിലാക്കി. ആദ്യ പകുതിയില്‍ 2-0 ന് റോമ മുന്നിട്ടു നിന്നു.
ഇടവേയ്‌ക്കുശേഷം ഇരു ടീമുകളും തകര്‍ത്തുകളിച്ചു. കളയവസാനിക്കാന്‍ പതിനഞ്ച് മിനിറ്റുളളപ്പോള്‍ മിലാന്‍ ഒരു ഗോള്‍ മടക്കി. മാരിയോ പാസലിക്കാണ് സ്‌കോര്‍ ചെയ്തത്.തിരിച്ചടിച്ച റോമ രണ്ടു മിനിറ്റിനുളളില്‍ ലീഡ് 3-1 ആക്കി. സ്‌റ്റെഫാന്‍ എല്‍ ഷാര്‍വിയാണ് മൂന്നാം ഗോള്‍ കുറിച്ചത്്.
ബോക്‌സിനുളളില്‍ പന്തുമായെത്തിയ സലാഹിനെ വീഴ്‌ത്തിയ മിലാന്‍ താരം ഗബ്രീയേല്‍ പലേറ്റയെ കളിക്കളത്തിന് പുറത്താക്കി റഫറി പെനാല്‍റ്റി വിധിച്ചു.കിക്കെടുത്ത ഡി റോസി അനായാസം ഗോള്‍ നേടി.4-1.ഈ തോല്‍വിയോടെ മിലാന് പോയിന്റു നിലയില്‍ ആറാം സ്ഥാനത്തു തുടരുകയാണ്.
















