കോഴഞ്ചേരി:ആറന്മുള വിജയാനന്ദവിദ്യാപീഠത്തില് നടന്നുവന്നിരുന്ന ദേശീയ ചക്കമഹോത്സവം സമാപിച്ചു. ചക്കയെ ഒരു കാര്‍ഷിക വിഭവമായി കാണാനും കാര്‍ഷിക വിളയെന്ന നിലയിലുള്ള പ്രോത്സാഹനം പഌവിന് ലഭിക്കാനുമുള്ള സാധ്യതകളിലേക്ക് വിരല്‍ചൂണ്ടുന്ന ഒന്നായി ചക്ക മഹോത്സവം മാറി. ചക്ക വിഭങ്ങളുടെ വൈവിദ്ധ്യം ഒരു വശത്ത് വര്‍ദ്ധിക്കുമ്പോള്‍ മറുവശത്ത് ചക്കയുടെ ആരോഗ്യപരമായ പ്രത്യേകതകള്‍ സംബന്ധിച്ച ഗവേഷണങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ത്തന്നെ വര്‍ദ്ധിച്ച് വരുന്നത് ആശാവഹമാണ്. എന്നാല്‍ ഇപ്പോഴും ആവശ്യത്തിന് ചക്ക ലഭിക്കുന്നില്ലെന്നുള്ളതും ലഭ്യമായവ ആവശ്യക്കാരിലേക്ക് സംസ്കരിച്ചെത്തിക്കാന് കഴിയുന്നില്ലെന്നുമുള്ളത് പ്രശ്നങ്ങളായി നിലനില്ക്കുന്നു. ഇത്തരം പ്രശ്നപരിഹാരത്തിന് പഌവിന്റെ കൃഷിക്കും ചക്കയുടെ പ്രോത്സാഹനത്തനുമായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കണമെന്നാണ് കേരള ഗവര്‍ണര്‍ പി സദാശിവം ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദ്ദേശിച്ചത്.
ചക്കയുടെ ആഗോള പ്രചാരകനും മംഗലാപുരം സ്വദേശിയുമായ ശ്രിപാദ്രേ ചക്കയെ ഭക്ഷ്യവിഭവം മാത്രമായല്ല അത് പ്രകൃതി സംരക്ഷണത്തിന്റെയും ജലസംരക്ഷണത്തിന്റെയും മാര്‍ഗ്ഗമായാണ് ചൂണ്ടിക്കാട്ടുന്നത്.
ഒന്‍പത് ദിവസമായി നടന്ന ചക്ക മഹോത്സവത്തില്‍ കേരള ഗവര്‍ണര്‍ പി സദാശിവം, കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രിയും ഹരിയാനയിലെ ഫരീദാബാദില്‍ നിന്നുള്ള എംപിയുമായ കൃഷന്‍പാല്‍ ഗുജാര്‍, കേന്ദ്ര കൃഷി സഹമന്ത്രി സുദര്ശന് ഭഗത്, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് തുടങ്ങിയവരും പരിസ്ഥിതി, ജൈവകൃഷി, ഭക്ഷ്യസംസകരണം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരായ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുത്തു.
സമാപന ദിവസമായ ഇന്നലെ രാവിലെ നടന്ന പ്രശ്നോത്തിരി മത്സരത്തിന് വാഴൂര്‍ എന്‍എസ്എസ് കോളജിലെ പ്രഫ. ഡോ എന്‍ ഉണ്ണികൃഷ്ണന് നേതൃത്വം നല്കി. വൈകിട്ട് നടന്ന സമാപന സമ്മേളനം ജലസ്വരാജ് സംസ്ഥാന കോര്‍ഡിനേറ്ററും ബിജെപി നേതാവുമായ എ എന്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ചലചിത്ര നടന് കൃഷ്ണപ്രസാദ് മുഖ്യ അതിഥിയായിരുന്നു. കെഎസ്എഫ്ഇ ചെയര്മാന് പീലിപ്പോസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. മേളയില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള അവാര്‍ഡ്ദാനം സപ്ളൈകോ ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍ നിര്‍വ്വഹിച്ചു. ചക്ക മഹോത്സവത്തിന്റെ ചെയര്മാന് അജയകുമാര്‍ വല്യുഴത്തില്‍ അധ്യക്ഷത വഹിച്ചു. ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് ഐഷ പുരുഷോത്തമന്, കെ പി സോമന്, പ്രസാദ് ആനന്ദഭവന്, എന്‍ കെ നന്ദകുമാര്‍, കെ പ്രദീപ് കുമാര്‍, രവീന്ദ്രന് നായര്‍, ചന്ദ്രശേഖരന് നായര്‍, ഉത്തമന് കുറുന്താര്‍, പ്രഫ ഉണ്ണികൃഷ്ണന്, സഞ്ജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: