ഗുരുവായൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന പ്രക്ഷോഭത്തിന്റെ ഭാഗമായി ക്ഷേത്രനടയില്‍ ഭക്തജനങ്ങള്‍ നടത്തിവരുന്ന നാമജപയജ്ഞത്തില്‍ പങ്കെടുത്ത് സംസാരിക്കവേ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്സെടുക്കുമെന്ന് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് ഭീഷണിപ്പെടുത്തി.
നാമജപയജ്ഞം നടന്നു വരുന്ന വേദിയിലെത്തിയാണ് പോലീസിന്റെ ഭീഷണി. രാത്രി ഒമ്പത് മണിക്ക് സ്റ്റേഷനില്‍ ഹാജരാവാന്‍ പോലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഭക്തജനങ്ങള്‍ ഭജന പാടിക്കൊണ്ട് സ്റ്റേഷനിലേയ്‌ക്ക് മാര്‍ച്ച് ചെയ്തു. സ്ഥലത്തില്ലാതിരുന്ന സി.ഐ. ഉടന്‍ സ്ഥലത്തെത്തി ടീച്ചറുമായും നേതാക്കളുമായും സംസാരിച്ചു.
ആശയ വിനിമയത്തിലുണ്ടായ പിഴവു മൂലമാണ് പ്രശ്‌നം വഷളായതെന്ന് സി.ഐ. അറിയിച്ചതിനെ തുടര്‍ന്ന് ഭക്തജനങ്ങള്‍ ശാന്തരായി.
പാര്‍ത്ഥസാരഥി പ്രക്ഷോഭം ഇന്ന് ഗുരുവായൂരില്‍ നടക്കുന്ന ഭക്തജന കണ്‍വെന്‍ഷനു ശേഷം കൂടുതല്‍ ശക്തമാകുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
















