ഐതിഹ്യം സമ്മതിച്ചാല്‍ തന്നെ ച്യുതിയില്‍ സഹിക്കവയ്യാതെ പാറിക്കൊണ്ടിരുന്ന തീപ്പൊരി മേശ്ശാന്തി കണിശമായ ഉച്ചാരണശുദ്ധിയോടുകൂടി വേണം മന്ത്രമുച്ചരിക്കാന്‍ എന്നു നിഷ്‌കര്‍ഷിക്കുന്ന മുന്നറിയിപ്പായിരുന്നില്ലേ? അത് അദ്ദേഹത്തെ നേര്‍വഴിക്കു നയിക്കാനായിരുന്നില്ലേ? പലപ്പോഴും അത് വല്ലാത്ത വിഷമമുണ്ടാക്കിയെങ്കില്‍ പലപ്പോഴും നമ്മുടെ അര്‍ച്ചകന്മാര്‍ പിഴയ്‌ക്കാതെ വേദമന്ത്രം ചൊല്ലാത്തതുകൊണ്ടല്ലെ? ഈ പ്രശ്‌നത്തിന് ശരിയായ പരിഹാരമെന്തായിരുന്നു? ഉത്തരം വളരെ സ്പഷ്ടം. തെറ്റുതിരുത്തി ചൊല്ലല്‍, ശരിയായ ക്രിയകള്‍ ചെയ്യല്‍. എന്നാല്‍ അവിടെ പരിഹാരം തികച്ചും തലതിരിഞ്ഞതായിപ്പോയി. ആരാധകനെ അവഗണിച്ച അര്‍ച്ചകന്‍ ആരാധ്യനെയും നിലയ്‌ക്കുനിര്‍ത്തി. ഭയാശങ്കകളുടെ കണികപോലുമില്ലാതെ തെറ്റ് എക്കാലവും ആവര്‍ത്തിക്കാന്‍ ചരടുമുറിച്ച് ലൈസന്‍സ് എടുത്തു. രാക്ഷസേശ്വരനായ രാവണനുപോലും ചെയ്യാന്‍ കഴിയാതിരുന്ന ഒരു മഹല്‍കൃത്യം. കോദണ്ഡത്തിന്റെ ഞാണ്‍ മുറിക്കുക-സ്വാമിയാരും മേശ്ശാന്തിയും കൂടി സമര്‍ത്ഥമായി ചെയ്തുതീര്‍ത്തു! ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍! ഭക്തജനങ്ങളില്‍ ധര്‍മബോധം വളര്‍ത്താന്‍!
ഉണരുന്ന സമാജത്തിന്റെ ഉണരേണ്ട ക്ഷേത്രത്തിന് ഈ ഐതിഹ്യം ഒരു കളങ്കമാണ്. ഒന്നുകില്‍ വീണ്ടും ധര്‍മധനുസ്സു കുലച്ചുകൊടുക്കണം. അതിനുശേഷം അക്ഷരപ്പിശകോ സ്വരപ്പിശകോ ഇല്ലാതെ മന്ത്രങ്ങള്‍ ചൊല്ലിത്തുടങ്ങുകയും വേണം. അതായിരിക്കണം ആ അമ്പലത്തിന്റെ യഥാര്‍ത്ഥ നവീകരണം. എടുത്തുകളഞ്ഞ ചൈതന്യം വീണ്ടുകൊടുക്കുക, അതായിരിക്കണം അവിടത്തെ തികച്ചും ധാര്‍മികമായ കര്‍ത്തവ്യം. താഴേയ്‌ക്ക് വലിച്ചെറിയപ്പെട്ട വില്ല് വീണ്ടും കൈയിലെടുക്കാനാണ് ശ്രീകൃഷ്ണന്‍ ഉപദേശിച്ചത്. അതുതന്നെയാണ് നമുക്കും മാര്‍ഗനിര്‍ദ്ദേശം, നമ്മുടെയും മാര്‍ഗം.
മറ്റൊരു ഐതിഹ്യം:- നമ്മുടെ കേരളത്തില്‍ തന്നെ ഒരു ദേവീ ക്ഷേത്രമുണ്ട്. അവിടത്തെ ദേവി ഭയങ്കരിയാണ്. പ്രത്യേക വരംകിട്ടിയ രക്തബീജാസുരനെ കൊന്നിട്ടാണ് ദേവി അവിടെ വന്നിരിക്കുന്നത്. രക്തബീജന്റെ ഓരോ തുള്ളി ചോരയില്‍നിന്നും മറ്റൊരു രക്തബീജന്‍ പിറന്നുപൊങ്ങുമായിരുന്നു. അതുകൊണ്ട് ദേവി തന്റെ നാവ് രണാങ്കണത്തോളം വലുതാക്കി നീട്ടി ഒരൊറ്റതുള്ളി ചോര താഴെ വീഴ്‌ത്താതെ അവനെ കൊന്നുകളഞ്ഞു.
ക്ഷേത്രത്തിലെ ശ്രീകോവിലിനു പതിവിന് വിരുദ്ധമായി രണ്ടു സോപാനങ്ങളുണ്ട്-കിഴക്കും പടിഞ്ഞാറും. എന്നാല്‍ കിഴക്കേനട എല്ലായ്‌പ്പോഴും അടച്ചിടും. അതിന് ചെറിയൊരു ദ്വാരം മാത്രമുണ്ട്. പടിഞ്ഞാറേത് എല്ലായ്‌പ്പോഴും തുറന്നിടും. കാരണമുണ്ട്. രക്തബീജവധം കഴിഞ്ഞ് അത്യന്ത രൗദ്രഭാവത്തോടെ ദേവി കിഴക്കോട്ടുനീക്കി ഇരിപ്പായി. അതുകാരണം കിഴക്കേ നടയിലുള്ള പാടങ്ങളെല്ലാം തരിശായി. പിന്നീടവിടെ വില്വമംഗലം സ്വാമിയാര്‍ വന്നു. ഭജനമിരുന്നു. രണ്ടുവിളിപ്പാടകലെ ശിവപ്രതിഷ്ഠ നടത്തി. അതോടെ രൗദ്രഭാവം ശാന്തമായി. വിഷുവിന് മാത്രമേ കിഴക്കേനട തുറക്കൂ. പടിഞ്ഞാറാകട്ടെ വിള സമൃദ്ധമാണ്. എന്തുകൊണ്ടെന്നാല്‍ അവിടത്തെ മുഖം തുടക്കം മുതല്‍ ശാന്തമാണ്. വളരെ ചുരുക്കത്തില്‍ ഇതാണ് ഐതിഹ്യം.
കണ്ണിലും കാതിലും നിന്നു മറഞ്ഞുപോയ ചില ചരിത്രവസ്തുതകള്‍ തന്നെ ഈ ക്ഷേത്രസ്വഭാവത്തിനു പിന്നിലുണ്ടാകാം. കുടിപ്പകകളുടെ കാലത്തു രണ്ടു പ്രബല തറവാടുകളോ കരക്കാരോ തമ്മിലുള്ള ആദ്യത്തെ കൂട്ടായ പ്രവൃത്തിയുടെയും പിന്നീടത്തെ കലഹത്തിന്റെയും കഥയായിരിക്കാം ഈ പ്രത്യേക സ്ഥിതിവിശേഷത്തിനു കാരണം. വിശാലമായ പാടങ്ങള്‍ ഗ്രാമങ്ങളെ വേര്‍തിരിച്ചിരുന്ന കാലഘട്ടത്തില്‍ രണ്ടു ഗ്രാമക്കാരും ചേര്‍ന്ന് അവരുടെ പാടങ്ങളുടെ മധ്യഭാഗത്ത് രണ്ടുകൂട്ടരെയും അനുഗ്രഹിച്ചു വിരാജിക്കുന്ന ഒരപൂര്‍വക്ഷേത്രം നിര്‍മിച്ചതായിരിക്കും. അതുകൊണ്ടവിടെ രണ്ടു സോപാനങ്ങളുണ്ടായി. പിന്നീട് നിര്‍ഭാഗ്യവശാല്‍ കുടിപ്പക, സ്ഥാനമോഹം, സാമ്പത്തിക ദുര്‍മോഹം, മിഥ്യാഭിമാനം മുതലായ ദൂഷ്യങ്ങള്‍ നിമിത്തമോ എന്തോ പരസ്പര കലഹം നടന്നിരിക്കാം.
കിഴക്കേ തറവാട്ടുകാരോ കരക്കാരോ പരാജയപ്പെട്ടിരിക്കാം. അവരുടെ പാടങ്ങള്‍ പടിഞ്ഞാറുകാര്‍ തരിശാക്കിക്കളഞ്ഞിരിക്കാം. അവരുടെ ഭാഗത്തെ നട പകയോടെ അടച്ചിട്ടിട്ടുമുണ്ടായിരിക്കാം. അങ്ങനെ ആ ക്ഷേത്രം ആദ്യകാല സൗഹൃദസഹകരണങ്ങളെയും പില്‍ക്കാല വൈരമത്സരങ്ങളുടെയും മൂകമെങ്കിലും വാചാലമായ സാക്ഷിയായി നില്‍ക്കുന്ന ഒന്നായിരിക്കാം. എന്നാല്‍ ആ കഥകള്‍ തലമുറകള്‍ക്കുശേഷം വിസ്മൃതിയില്‍ വിലയം പ്രാപിച്ചപ്പോള്‍ ഐതിഹ്യം മറ്റൊരുതരത്തില്‍ തലപൊക്കിയതായിരിക്കാം. ആ ഐതിഹ്യത്തിലാകട്ടെ എത്രയെത്ര അനൗചിത്യങ്ങള്‍ പതുങ്ങിയിരിക്കുന്നുതാനും!
















