ചില വ്യക്തികളുടെ ജീവിതരേഖ ഒരു കഥയായി എഴുതിയാല്‍ അത് സത്യമെന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നും. അതിശയവല്ക്കരണമെന്നും അസംഭവ്യമെന്നും അസത്യമെന്നും പഴിചാര്ത്തും. എല്ലാക്കാലത്തും എല്ലായിടത്തും ഇങ്ങനെ ചില ജീവിതസാക്ഷ്യങ്ങള്‍ കണ്ടെത്താനാകുമെന്നതുകൊണ്ടാവാം truth is stranger than fiction എന്ന ചൊല്ലുപോലുമുണ്ടായത്!
കേരളത്തിലെ ഒരു ചെറിയ ക്ഷേത്രഗ്രാമത്തിന്റെ ഉത്തരനടയിലുള്ള വളരെ പാവപ്പെട്ട നായര്‍ കുടുംബത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിയ്ക്ക് ആഗ്രഹത്തിനൊത്ത് പഠിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ കാലത്തിന്റെ കരുണയാല്‍ അവള് നൃത്തം പഠിച്ചു. അതായി ജീവിതത്തില്‍ മൂലധനം. അതിന് മകുടം ചാര്‍ത്തുവാന്‍ പ്രായം പതിച്ചു നല്കിയ മേനിയഴകും. പതിനഞ്ചാമത്തെ വയസ്സില്‍ അവളെ മംഗലാപുരത്തുകാരനായ ഗണപതിഭട്ട് വിവാഹം ചെയ്തു. മദിരാശിയിലെ പ്രസിദ്ധമായ ന്യൂട്ടോണ്‍ സ്റ്റുഡിയോയിലെ മെയ്ക്കപ്പ് കലാകാരനായിരുന്നു ഭട്ട്. മദിരാശിയിലെത്തിയ മലയാളി മങ്കയുടെ സൗന്ദര്യവും നൃത്ത പാടവവും അവള്‍ക്ക് ക്യാമറയുടെ മുന്നിലേക്കു വഴിതെളിച്ചു. അവള് അഭിനേത്രിയായി സിനിമയില്‍ തിളങ്ങി. ഉപകഥാപാത്രങ്ങളില് നിന്ന് നായികാപദവിയിലെത്തി. വന്‍ നായകന്മാരുടെ നായികയായി മാറിയ ജൈത്രയാത്രയ്ക്കിടയില്‍ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ജനപ്രിയനായ താരചക്രവര്‍ത്തിയുടെ മനംകവര്‍ന്ന് അദ്ദേഹത്തെ വരിച്ചു. വി.എന്‍. ജാനകി എന്ന ഈ വൈക്കം സ്വദേശിനി അതോടെ തമിഴ് രാഷ്ട്രീയത്തിന്റെയും സിനിമയുടെയും ചരിത്രത്തിലെ നിര്‍ണായക സാന്നിദ്ധ്യമായി. എംജിആറിന്റെ പത്നിയായി വാണ ജാനകി അദ്ദേഹം മുഖ്യമന്ത്രിയായപ്പോള്‍ ആ പദവിയ്ക്കിണങ്ങുന്ന സഖിയായി. അദ്ദേഹത്തിന്റെ മരണശേഷം ഒരു ഹ്രസ്വകാലം തമിഴ്നാട് മുഖ്യമന്ത്രി പദം വഹിക്കുവാനുള്ള യോഗവും അവര്‍ക്കുണ്ടായി.
ജാനകി (വി.എന്‍. ജാനകി) അഭിനയിച്ച മലയാള ചിത്രമാണ് പ്രസന്ന. 1950 ല്‍ നിര്‍മിക്കപ്പെട്ട ഈ ചിത്രത്തിലൂടെയാണ് തിരുവിതാംകൂര്‍ സഹോദരിമാരെന്ന പേരില്‍ പ്രസിദ്ധരായിരുന്ന ലളിത-പത്മിനി-രാഗിണിമാര്‍ അഭിനേത്രികളായി സിനിമയിലെത്തുന്നത്. ലളിതയായിരുന്നു ‘പ്രസന്ന’യില്‍ നായിക, പ്രസന്ന.
കോയമ്പത്തൂരിലെ പക്ഷി രാജാ സ്റ്റുഡിയോയുടെ ഉടമസ്ഥനായ എസ്.എം. ശ്രീരാമലു നായിഡുവാണ് ‘പ്രസന്ന’ നിര്‍മിച്ചത്. ശ്രീരാമലുവിന്റെ ജീവിതകഥയും നാടകീയതകള്‍ നിറഞ്ഞതായിരുന്നു. കോയമ്പത്തൂരിലെ ഒരു ചെറിയ റൊട്ടിക്കടയില്‍ ദിവസക്കൂലിയ്ക്കു ജോലി ചെയ്തിരുന്ന ശ്രീരാമലു ആ അനുഭവപരിചയവുമായി സ്വന്തമായി ഒരു കടയാരംഭിച്ചു. പിന്നീട് ഒരു ഹോട്ടലിനുടമയായി. ഒന്നിനുപുറകെ ഒന്നൊന്നായി തൊട്ടതെല്ലാം പൊന്നായി കോടീശ്വരനായി. നിര്‍മാതാവും സംവിധായകനും സ്റ്റുഡിയോ ഉടമയുമായി. ‘ജഗതല പ്രതാപന്’ എന്ന ചിത്രം വന്‍ വിജയമായതോടെ ആ നിരയില്‍ മുന്പനുമായി. ലോക സിനിമയില്‍ മനുഷ്യര്‍ക്കു പകരം മൃഗങ്ങളെ മുഖ്യകഥാപാത്രങ്ങളാക്കി പല ചിത്രങ്ങളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ ജനുസ്സില്‍ ഇന്ത്യയില്‍ ആസാദ് എന്ന പേരില്‍ ആദ്യമായൊരു ചിത്രം നിര്‍മിച്ചത് ശ്രീരാമലുവായിരുന്നു. ഹിന്ദിയില്‍ നിര്‍മിച്ച ‘ആസാദി’ല്‍ ഒരാള്ക്കുരങ്ങായിരുന്നു നായകന്. മുപ്പതോളം ചിത്രങ്ങള്‍ ശ്രീരാമലു നിര്‍മിച്ചു. അവയില്‍ ഏറെയും സ്വയം സംവിധാനം ചെയ്യുകയുണ്ടായി. ‘പ്രസന്ന’യ്ക്കു പുറമെ ‘കാഞ്ചന’ എന്നൊരു ചിത്രം കൂടി ശ്രീരാമലു മലയാളത്തില്‍ സംവിധാനം ചെയ്തു നിര്‍മിച്ചു.
താരതമ്യതലത്തില്‍ കന്നഡത്തേക്കാളും മലയാളത്തേക്കാളും വലിയ ചലച്ചിത്ര വ്യവസായധാരയായിരുന്നു തമിഴും തെലുങ്കും. അതുകൊണ്ട് തമിഴിലോ തെലുങ്കിലോ ഒരു ചിത്രമെടുക്കുമ്പോള്‍ അതിലെ പ്രധാന താരങ്ങളെയും ക്യാമറയ്ക്കു പിന്നിലെ ഏതാണ്ടെല്ലാവരെയും ഉപയോഗിച്ചുകൊണ്ട് മേമ്പൊടിയ്ക്കുവേണ്ടി ചില താരങ്ങളെ അതതു ഭാഷകളില്‍നിന്നു കൂടിച്ചേര്‍ത്ത് കന്നഡത്തിലോ മലയാളത്തിലോ ഉപോല്പന്നംപോലെ ഒരു ചിത്രം തത്സമയം അക്കൂട്ടത്തില്‍ എടുക്കുക അന്ന് പതിവായിരുന്നു. തിരക്കഥ വേറെ വേണ്ട. സംഭാഷണവും ഗാനങ്ങളും മാത്രം വെവ്വേറെ മതി. നിര്‍മാണത്തിന്റെ പൊതു ചെലവുകള്‍ ഏറെയും ഒരു ചിത്രത്തിന്റേതില് ഒതുങ്ങും. വളരെ ചെറിയ മുതല്‍മുടക്കേ ഉപോല്‍പ്പന്നമായ ചിത്രത്തിനു വേണ്ടിവരൂ. ആ ചെറിയ മുടക്കുമതുല്പോലും തിരികെ കിട്ടിയില്ല ശ്രീരാമലുവിന്റെ രണ്ടു മലയാള ചിത്രങ്ങള്‍ക്കും എന്നതാണിവിടെ യാഥാര്‍ത്ഥ്യം!
കോയമ്പത്തൂരില്‍ നായിഡു വംശാവലിയില്‍പ്പെട്ട ഒരുപാടു പേരുണ്ടായിരുന്നു. അവരിലൊരാളായിരുന്നിരിക്കണം ശ്രീരാമലു. ബെംഗളൂരുവില്‍ ഇദ്ദേഹം ഒരു ഡബ്ബിങ് സ്റ്റുഡിയോ നടത്തിയിരുന്നു. മധു സംവിധാനം ചെയ്ത ‘അക്കല്ദാമ’, ‘കാമം,ക്രോധം, മോഹം’ എന്നീ ചിത്രങ്ങള്‍ ഷൂട്ട് ചെയ്തത് മൈസൂരിലെ പ്രീമിയര്‍ സ്റ്റുഡിയോയിലായിരുന്നു എങ്കിലും ഡബ്ബിങ് നടത്തിയത് ശ്രീരാമലുവിന്റെ സ്റ്റുഡിയോയിലായിരുന്നുവെന്ന് ആ ചിത്രങ്ങളിലെ സഹസംവിധായകനായിരുന്ന മോഹന്‍ പറയാറുണ്ട്. അന്ന് സ്റ്റുഡിയോ സന്ദര്ശനത്തിനെത്തുമായിരുന്ന ശ്രീരാമലുവിനെ കണ്ട ഓര്‍മ്മയും മോഹന്‍ പങ്കുവച്ചിട്ടുണ്ട്.
”എപ്പോഴും സഫാരി സൂട്ട് ധരിക്കുന്ന പൊക്കം കുറഞ്ഞ കുള്ളനായ ഒരാള്‍”
മലയാളത്തില്‍ ചിത്രം നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ ശ്രീരാമലുവിനു തോന്നി മലയാളത്തില്‍ അറിയപ്പെടുന്ന ഒരെഴുത്തുകാരനെക്കൊണ്ടുവേണം രചന എന്ന്. ആരുവേണം എന്ന അന്വേഷണം വന്നെത്തിയത് മുന്‍ഷി പരമുപിള്ളയിലാണ്. അന്നദ്ദേഹം ഏറെ പ്രസിദ്ധനാണ്. നടനായിരുന്നു. കോണ്‍ഗ്രസിന്റെ നേതാവായിരുന്നു; നാടകകൃത്തായിരുന്നു; പത്രാധിപരായിരുന്നു.
ആ കാലഘട്ടത്തിലെ ഏറ്റവും ജനപ്രീതി നേടിയ ‘സുപ്രഭ’ എന്ന നാടകം മുന്‍ഷിയുടേതായിരുന്നു. സി.കെ. രാജവും അഗസ്റ്റിന് ജോസഫും മുഖ്യവേഷങ്ങളില്‍ അഭിനയിച്ചിരുന്ന ഓച്ചിറ പരബ്രഹ്മോദയ നടന സഭയുടെ ഈ നാടകം മൂന്നുവര്‍ഷത്തോളം തുടര്‍ച്ചയായി അവതരിപ്പിച്ചിരുന്നു; അതും ദിവസം രണ്ടും മൂന്നും അവതരണങ്ങള്‍ വരെ. നാടകവേദിയില്‍ പുരോഗമനതരംഗവും തൊഴിലാളി വര്ഗ്ഗാഭിമുഖ്യവും തിരിനീട്ടുവാന് തുടങ്ങിയിരുന്ന ആ നാളുകളില്‍ പക്ഷെ അദ്ദേഹം ഇടംതിരിഞ്ഞുനിന്ന് തന്റെ നിലപാട് തുറന്ന് പ്രഖ്യാപിച്ചു.
”എന്റെ നാടകം അണ്ടിയാഫീസിലെയും കയര്‍ ഫാക്ടറിയിലെയും കഥ വിളമ്പാനുള്ളതല്ല!”
ജീവിതത്തേക്കാളേറെ കാല്പനികതയോടായി മുന്‍ഷിയുടെ തൂലികയ്ക്കു ഭ്രമം. കാല്പനികതയ്ക്കുവേണ്ടി കാല്പനികത തേടിയപ്പോള്‍ പോകെപ്പോകെ അവ തട്ടിക്കൂട്ടു രചനകളായി മാറി. കാമ്പിശ്ശേരി കരുണാകരനും പി.സി.ആദിച്ചനുമടക്കമുള്ള ശിഷ്യന്മാര് ശ്രമിച്ചിട്ടും മുന്‍ഷിയുടെ കടുംപിടുത്തത്തിന് അയവുണ്ടായില്ല. അതദ്ദേഹത്തിന്റെ നാടകപ്പെരുമയ്ക്കു ഭീഷണിയാകുവാന്‍ തുടങ്ങുന്ന കാലത്താണ് കോയമ്പത്തൂരില്‍നിന്നും ശ്രീരാമലു കാറില്‍ കായംകുളത്തുവന്നു. തന്റെ സിനിമയുടെ രചനയ്ക്കുവേണ്ടി മുന്‍ഷിയെ കോയമ്പത്തൂര്‍ക്ക് ആനയിച്ചു. അതായിരുന്നു മുന്‍ഷിയുടെ ചലച്ചിത്ര പ്രവേശം.
‘പ്രസന്ന’യ്ക്കു പുറമെ ശ്രീരാമലു നിര്‍മിച്ച ‘കാഞ്ചന’യുടെ രചനയും ഇദ്ദേഹത്തിന്റെതായിരുന്നു. ‘വനമാല’ ‘സന്ദേഹി’, ‘കാലം മാറുന്നു’ എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം തൂലിക കയ്യാളി. ടി.എസ്. മുത്തയ്യയ്ക്കുവേണ്ടി ‘ഈസിമണി’ എന്നൊരു ചിത്രം എഴുതിയെങ്കിലും അത് നിര്‍മിക്കപ്പെടാതെ പോയി.
ധനികപുത്രിയും ഭൃത്യപുത്രനും തമ്മിലുള്ള പ്രണയമായിരുന്നു ‘പ്രസന്ന’യിലെ പ്രമേയം. വീട്ടുവേലക്കാരന്റെ പുത്രനായ അയ്യപ്പന് പഠിക്കുവാന്‍ മിടുക്കനായിരുന്നു. ധനിക പ്രമുഖനായ പങ്കന്തമ്പിയുടെ മകള്‍ പ്രസന്ന അയ്യപ്പന്റെ സഹപാഠിനിയായി. ഇരുവരും തമ്മില്‍ പ്രണയമായി. രാധ, മദനിക എന്നീ രണ്ടു സുന്ദരിമാരുടെ സഹോദരനായ രാധാകൃഷ്ണമേനോന് തമ്പിയുടെ ഉറ്റസുഹൃത്താണ്. രാധാകൃഷ്ണമേനോന് പ്രസന്നയേയും തമ്പി മദനികയേയും വിവാഹം ചെയ്യാമെന്ന് അവര്‍ തമ്മില്‍ ധാരണയായി. വിവാഹ നിശ്ചയത്തലേന്ന് രാത്രി അയ്യപ്പന് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. അതറിയുന്ന പ്രസന്ന അയാളുടെ പ്രണയദാര്‍ഢ്യം തിരിച്ചറിയുന്നു. അവര്‍ വിവാഹിതരാകുന്നു. ശുഭം.
ഇങ്ങനെയൊരു കഥ ചലച്ചിത്ര പ്രേക്ഷകര്‍ നിരാകരിച്ചതില്‍ അദ്ഭുതപ്പെടേണ്ടതില്ലല്ലോ. തമിഴില്‍ വിഖ്യാതനടനായിരുന്ന ബാലയ്യയായിരുന്നു ‘പ്രസന്ന’യിലെ നായകന്. ലളിത, പത്മിനി, രാഗിണി, വി.എന്‍. ജാനകി, കാഞ്ചന, രാധാമണി, അമ്മിണി എന്നിവര്‍ക്കു പുറമെ കണ്ടിയൂര്‍ പരമേശ്വരന് കുട്ടി, പാപ്പുക്കുട്ടി ഭാഗവതര്‍ എന്നിവരും ചിത്രത്തിലണിനിരന്നു. മുന്‍ഷിയുടെ നാടകപരിവൃത്തത്തിന്റെ ആനുകൂല്യത്താല്‍ കൂടിയാവണം ‘പ്രസന്ന’ കൊട്ടാരക്കര ശ്രീധരന് നായരുടെയും പി.എ. തോമസിന്റെയും ചലച്ചിത്രാഭിനയത്തിനു തുടക്കംകുറിക്കുവാന്‍ ഇടം നല്‍കിയത്. അഭയദേവിന്റെ ഗാനങ്ങള്‍ക്കു ഹിന്ദിഗാനങ്ങളുടെ ഈണങ്ങള്‍ക്കൊത്ത സംഗീതം പകര്‍ന്നത് മണിയായിരുന്നു. എം.എല്‍. വസന്തകുമാരി, ജയലക്ഷ്മി, രാധ, രാജം, പാപ്പുക്കുട്ടി ഭാഗവതര്‍ എന്നിവരായിരുന്നു പിന്നണിയില്‍.
കായംകുളത്തുനിന്നും പ്രസിദ്ധപ്പെടുത്തിയിരുന്ന ‘പ്രസന്ന കേരളം’ എന്ന വാരികയുടെ അധിപനായിരുന്ന നാളുകളില്‍ മുന്‍ഷി പരമുപിള്ളയ്ക്ക് വേലുപ്പിള്ള എന്ന പേരില്‍ ഒരു വാല്യക്കാരനുണ്ടായിരുന്നു. ഈ വേലുപ്പിള്ളയുടെ മകനാണ് പിന്നീട് തമിഴ്പുലിയായി നിറഞ്ഞാടിയ (വേലുപ്പിള്ള) പ്രഭാകരന്.
ആ കാലഘട്ടത്തില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന ഏതാണ്ട് എല്ലാ ഹാസ്യ മാസികകളുടെയും വിഭവസമീകരണത്തിനു പിന്നില്‍ മുന്‍ഷിയുടെ തൂലികയുടെ ലീലാചാതുരിയാണുണ്ടായിരുന്നത്. രണ്ടോ മൂന്നോ ദിവസത്തേക്ക് ഹോട്ടലില്‍ ഒരു മുറിയും അനുബന്ധ സംവിധാനങ്ങളും ഒരുക്കി ചുമതലയേല്‍പ്പിച്ചാല്‍ മാസികയുടെ ആദ്യതാള്‍ തൊട്ടവസാനംവരെയുള്ള സമസ്ത വിഭവങ്ങളും (ലേഖനം, ഫീച്ചര്‍, കഥ, കവിത…എല്ലാം) എഴുതി തയ്യാറാക്കി കൈമാറുമായിരുന്നുപോലും മുന്‍ഷി.
കയ്പേറിയ നിരവധി അനുഭവങ്ങള്‍ തുടര്‍ച്ചയായി ജീവിതത്തില്‍ ഇടര്‍ച്ചകള്‍ തീര്‍ത്തപ്പോഴും അതില്‍ ഭഗ്നാഗനായി തളരാതെ പ്രസരിപ്പോടെ ഭാവിയെ നേരിടുന്ന ഒരു പ്രകൃതക്കാരനായിരുന്നു മുന്‍ഷി. കായംകുളം സ്കൂളില്‍ അധ്യാപകനായിരിക്കുമ്പോഴാണ് വിദ്യാര്‍ത്ഥിനിയായ രത്നമയീദേവിയെ അദ്ദേഹം വിവാഹം ചെയ്തത്. പഠിക്കാന്‍ മിടുക്കിയായിരുന്ന രത്നമയിയെ അദ്ദേഹം പഠിപ്പിച്ചു എംഎക്കാരിയാക്കി. അതിനിടയില്‍ അവര്‍ക്ക് രണ്ടു മക്കളുമുണ്ടായി. ഉത്തരേന്ത്യക്കാരനായ ദീക്ഷിത് രത്നാമയിയില് ആകൃഷ്ടനാകുന്നത് അപ്പോഴാണ്. രത്നാമയിക്കും അയാളോടൊരാഭിമുഖ്യം തോന്നി. രണ്ടാമതൊന്നാലോചിക്കാതെ മക്കളെയും ഭര്ത്താവിനെയുമുപേക്ഷിച്ച് രത്നമയി ദേവി ദീക്ഷിതിനോടൊപ്പം ഒളിച്ചോടി ഗാന്ധിജിയുടെ വാര്‍ദ്ധയിലെ ആശ്രമത്തിലെത്തി മുന്‍ഷി പക്ഷെ, പതറിയില്ല. അത് ജീവിത നാടകത്തിലെ ഒരു രംഗം.
അത്രതന്നെ രത്നമയി പിന്നീടുവന്ന് മക്കളെയും തന്നോടൊപ്പം കൂട്ടി. മുന്‍ഷി ഒറ്റയ്ക്കായി.
അത് നാടകത്തിനിടെ മറ്റൊരു രംഗം. കാണിയെപ്പോലെ അദ്ദേഹം നാടകം കണ്ടുനിന്നു.
മക്കളില്‍ മൂത്തവന് പിന്നീട് ഏറെ പ്രസിദ്ധനായി; ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി: ജെ.എന്‍. ദീക്ഷിത്. 1965 വരെ കോണ്‍ഗ്രസുകാരനായിരുന്ന മുന്‍ഷി, പ്രോലിറ്റേറിയന്‍ സാഹിത്യത്തെ പുച്ഛിച്ചിരുന്ന മുന്‍ഷി 1965 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി
അത് നാടക തുടര്‍ച്ചയിലെ മറ്റൊരു രംഗം.
പുനലൂരില്‍നിന്നും രണ്ടാമതൊരു വിവാഹം കഴിച്ചു. അവിടെ ഒരു കര്‍ഷകനായി ശിഷ്ടജീവിതം നയിക്കുമ്പോള്‍ ഭരതവാക്യംപോലെ അദ്ദേഹം പറയുമായിരുന്നുവത്രെ.
”ഇനി ആരും ഭാര്യമാരെ പഠിപ്പിക്കരുതേ…”
അതെ,Truth is stranger than Fiction.
പ്രതികരിക്കാൻ ഇവിടെ എഴുതുക: