ഉദുമ: സര്‍ക്കാറിന്റെ കുടിവെള്ളവിതരണം പോലും കാര്യക്ഷമമായി നടക്കാത്ത ഈ കാലത്ത് സ്വന്തം അധ്വാനത്തിലൂടെ ഒരു പഞ്ചായത്തിന്റെ ദാഹമകറ്റുന്ന യുവാവ് നാടിന് മാതൃകയാകുന്നു. ചെമ്മനാട് പഞ്ചായത്തിലെ ചളിയങ്കോട് പാലത്തിന് സമീപം താമസിക്കുന്ന ടി.എം. അനില്‍കുമാര്‍ എന്ന മുപ്പത്തഞ്ചുകാരനായ യുവാവാണ് സൗജന്യ കുടിവെള്ള വിതരണം നടത്തുന്നത്.
ചെമ്മനാട് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായ ചെമ്മനാട്, പാലിച്ചിയടുക്കം, പരവനടുക്കം, നെച്ചിപ്പടുപ്പ്, അരമങ്ങാനം, ദേളി, മേല്‍പറമ്പ്, ചളിയങ്കോട് എന്നിവിടങ്ങളിലാണ് അനില്‍കുമാര്‍ ആഴ്ചയില്‍ രണ്ടുദിവസങ്ങളിലായി കുടിവെള്ള വിതരണം നടത്തുന്നു. വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ലോറിയിലാണ് കുടിവെള്ള വിതരണം. ഇതിനായി ഡ്രൈവറെയും സഹായിയെയും നിയോഗിച്ചിട്ടുണ്ട്.
മുമ്പ് ഗള്‍ഫിലായിരുന്ന അനില്‍കുമാര്‍ ഇപ്പോള്‍ നാട്ടില്‍ തന്നെ താമസിച്ച് പൊതുമരാമത്ത് ജോലികള്‍ ഏറ്റെടുത്ത് നടത്തിവരികയാണ്. ഇതിനിടയിലാണ് പൊതുസേവനമെന്ന നിലയില്‍ കുടിവെള്ളക്ഷാമം നേരിടുന്നവര്‍ക്ക് വെള്ളമെത്തിക്കാനും അനില്‍കുമാര്‍ സമയം കണ്ടെത്തുന്നത്.
വീട്ടുകാരുടെ സഹകരണവും ഇതിനായി അനില്‍കുമാറിന് ലഭിക്കുന്നുണ്ട്. സ്വന്തം വീട്ടുപറമ്പിലെ കിണറില്‍ നിന്നും ബന്ധുവീടുകളിലെയും മറ്റും കിണറുകളിലെയും വെള്ളം ശേഖരിച്ചാണ് അനില്‍കുമാര്‍ വ്യാപകമായി വിതരണത്തിനെത്തിക്കുന്നത്. ഒരു സംഘടനയുടെയും സഹായമില്ലാതെയാണ് അനില്‍കുമാര്‍ കുടിവെള്ളം ആവശ്യക്കാര്‍ക്കെത്തിക്കുന്നത്.
ജലക്ഷാമം മൂലം വലയുന്ന പഞ്ചായത്തിലെ ജനങ്ങള്‍ക്ക് അനില്‍കുമാറിന്റെ കുടിവെള്ളവിതരണം ഏറെ ആശ്വാസം പകരുകയാണ്. പഞ്ചായത്തിലെ പല കുടിവെള്ള ടാപ്പുകളും നോക്കുകുത്തിയാണ്. ജലക്ഷാമം പരിഹരിക്കാന്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: