കുറ്റിയാടി: ഗവ:താലുക്ക് ആശുപത്രിയിലെ മലിന ജലം ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പതിനഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച് പണി പൂര്‍ത്തികരിച്ച മലിന ജലസംസ്‌കരണ പ്ലാന്റ് നോക്കുകുത്തിയാവുന്നു. ആശുപത്രി വാര്‍ഡുകളിലെയും,മറ്റും മലിന ജലം പ്ലാന്റില്‍ എത്തിച്ച് വിവിധ അറകളിലൂടെ കടത്തിവിട്ട് സംസ്‌കരിച്ച് പുറത്ത് വിടുക എന്ന ലക്ഷ്യത്തോടെയാണ് പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
2010ല്‍ അന്നത്തെ തദ്ദേശവകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്ത പ്ലാന്റ് ഉദ്ഘാടനത്തിനുശേഷം ഏതാനും മാസങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. നിര്‍മ്മാണത്തിലെ അശാസ്ത്രിയതയും,സാങ്കേതിക തകരാറുകളും കാരണം പ്ലാന്റ് പ്രവര്‍ത്തനം നിലച്ചതോടെ മലിന ജലം ടാങ്കുകളില്‍ നിറഞ്ഞ്കവിയുന്ന സ്ഥിതിയാണ്.
പ്ലാന്റിലും ആശുപത്രിക്ക്ചുറ്റും കെട്ടിട്ടിടക്കുന്ന മലിന ജലത്തില്‍ കൊതുകുകള്‍ പെരുകുകയാണ്.ഇതിനു പുറമെ ആശുപത്രിയിലെ ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കാനും പദ്ധതിയില്ലാത്തതിനാല്‍ ആശുപത്രി വളപ്പില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നതും പതിവാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തുമ്പോളുണ്ടാകുന്ന പുക പരിസരവാസികള്‍ക്ക് ദുരിതമാവുന്നതായും പരാതിയുണ്ട്.
















