ന്യൂദല്‍ഹി: കലാജീവിതത്തിന്റെ തുടക്കം മാത്രമായി ഈ അവസരത്തെ കാണുകയാണെന്ന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭിലക്ഷ്മി. മഹാനടന്മാര്ക്കൊപ്പം അവാര്‍ഡ് വേദിയിലെത്തിയതും രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ സാധിച്ചതും മഹാഭാഗ്യമായി കരുതുന്നതായും സുരഭി ജന്മഭൂമിയോട് പ്രതികരിച്ചു.
ഹിന്ദിയിലേയും മറ്റു ഭാഷകളിലേയും വലിയ കലാകാരന്മാര്ക്കൊപ്പം പുരസ്ക്കാര വേദിയില്‍ ചെലവഴിച്ച നിമിഷങ്ങള്‍ അവിസ്മരണീയമാണെന്ന് സുരഭി പറഞ്ഞു. മിന്നാമിനുങ്ങ് സിനിമയുടെ സംവിധായകന് അനില്‍ തോമസിനും മറ്റുള്ളവര്‍ക്കും ഏറെ നന്ദി. എല്ലാവരും അവരവരുടെ ഭാഗം നന്നായി ചെയ്തതിന്റെ ആകെത്തുകയാണ് തനിക്ക് ലഭിച്ച അവാര്‍ഡെന്ന് ബോധ്യമുണ്ട്. കലാജീവിതത്തിന്റെ ഭാഗമായ എല്ലാവര്ക്കും നന്ദി.
നല്ല നല്ല വേഷങ്ങളും കൂടുതല്‍ മികച്ച കലാജീവിതത്തിനുമുള്ള തുടക്കമായാണ് ഈ അവാര്‍ഡിനെ കാണുന്നത്. എല്ലാവരുടേയും പ്രാര്‍ത്ഥനയും സ്നേഹവുമാണാവശ്യം. 64-ാമത് ദേശീയ അവാര്‍ഡ് വേദിയില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം സുരഭി പറഞ്ഞു.
അവാര്‍ഡ് അവസാനം കിട്ടിയിരിക്കുന്നു. മിന്നാമിനുങ്ങ് ദ ഫയര്‍ഫ്ളൈ എന്ന സിനിമ എനിക്കും മിന്നാമിനുങ്ങിനും നേടിത്തന്ന അവാര്‍ഡാണിത്. സര്‍വ്വോത്തമ അഭിനേത്രി എന്നെഴുതിയ വെള്ളി മെഡലാണ് ലഭിച്ചതെന്ന് അവാര്‍ഡ് കയ്യിലെടുത്ത് കാണിച്ചുകൊണ്ട് സുരഭി വിശദീകരിച്ചു.
ജൂലൈ 21ന് മിന്നാമിനുങ്ങ് റിലീസാവും. ഈ മാസം റിലീസിംഗ് ഉണ്ടാവുമെന്ന് കരുതിയതാണ്. എന്നാല്‍ ചില കാരണങ്ങളാല്‍ ജൂലൈയിലേക്ക് നീട്ടി. അവാര്‍ഡ് സര്‍ട്ടിഫിക്കറ്റ് കലാജീവിതത്തിലേക്കുള്ള എന്റെ യാത്രയുടെ തുടക്കമാണ്. www.surabhilakshmi.com എന്ന വെബ്സൈറ്റ് മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തതിലും വലിയ സന്തോഷമുണ്ട്. തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു കൊണ്ട് സുരഭി പറഞ്ഞു നിര്‍ത്തി.
വിജ്ഞാന് ഭവനില്‍ നടന്ന ദേശീയ ചലച്ചിത്ര പുരസ്ക്കാര വേദിയിലും നിറഞ്ഞു നിന്നത് മലയാള സിനിമയുടെ സാന്നിധ്യമായിരുന്നു. മലയാള സിനിമയില്‍ നിന്നുള്ള പത്തു പ്രതിഭകളാണ് രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്. പ്രത്യേക പരാമര്‍ശം നേടിയ മോഹന്‍ലാലും ബാലതാരം ആദിഷ് പ്രവീണും സദസ്സിലെ വലിയ സാന്നിധ്യങ്ങളായി. തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്‍, മികച്ച മലയാള ചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ സംവിധായകന് ദിലീഷ് പോത്തന്, നിര്‍മ്മാതാവ് ആഷിക് അബു, സംഘട്ടന സംവിധായകന് പീറ്റര്‍ ഹെയിന്, ശബ്ദലേഖകന്‍ ജയദേവന്, ഹ്രസ്വചിത്ര വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശം നേടിയ സൗമ്യ സദാനന്ദന്, ശബ്ദലേഖകന്‍ അജിത് അബ്രഹാം ജോര്‍ജ്ജ് എന്നീ മലയാളികളും അവാര്‍ഡുകള്‍ സ്വീകരിച്ചു.
മികച്ച നടന് അക്ഷയ്കുമാര്‍, മികച്ച സിനിമ കാസവിന്റെ സംവിധായകന് സുമിത്രാ ഭാവെ, ഗാനരചയിതാവ് വൈരമുത്തു, പ്രത്യേക പരാമര്‍ശം നേടിയ നടി സോനം കപൂര്‍ എന്നിവരും അവാര്‍ഡുകള്‍ സ്വീകരിച്ചു. മുതിര്‍ന്ന തെന്നിന്ത്യന്‍ സംവിധായകന് കെ. വിശ്വനാഥിന് ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡും വേദിയില്‍ സമ്മാനിച്ചു. കേന്ദ്രവാര്‍ത്താവിതരണ മന്ത്രി വെങ്കയ്യ നായിഡു, സഹമന്ത്രി രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ്, ജൂറി ചെയര്മാന് പ്രിയദര്ശന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: