തിരുവനന്തപുരം: റവന്യൂ ഉദ്യോഗസ്ഥന്റെ ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച ശേഷം സ്ത്രീ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം താലൂക്ക് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ജെ.അഭിലാഷിന്റെമേല്‍ മണ്ണെണ്ണ ഒഴിച്ച വെങ്ങാനൂര്‍ വി.എസ്.ഭവനില്‍ സുജയ്‌ക്കെതിരെ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഫോര്‍ട്ട് പോലീസ് കേസ്സെടുത്തു കേസ്. പരിക്കേറ്റ എച്ച് സെക്ഷനിലെ ക്ലര്‍ക്ക് അഭിലാഷിനെ ജനറല്‍ ആശുപത്രിയിലും സുജയെ കോട്ടയ്‌ക്കകം സര്‍ക്കാരാശുപത്രിയിലും പ്രവേശിപ്പിച്ചു.
പോലീസ് പറയുന്നത്: തന്റെ പേരിലുള്ള പത്തുസെന്റ് സ്ഥലം വില്ലേജ് ഓഫീസര്‍ പോക്കുവരവ് ചെയ്തതില്‍ ആര്‍ഡിഒ മൂന്ന് സെന്റിന്റേത് റദ്ദാക്കിയതിനെതിരെ പരാതിയുമായി സുജ കളക്ടറെ സമീപിച്ചു. കളക്ടര്‍ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് പരാതി താലൂക്ക് ഓഫീസിന് കൈമാറി.
ഇതിന്റെ അടിസ്ഥാനത്തില്‍ എച്ച് സെക്ഷനിലെ ക്ലര്‍ക്ക് അഭിലാഷ് മുന്‍പ്രമാണം ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. പരാതി പരിഹരിക്കാതെ നിരവധി തവണ ഒഴിഞ്ഞ് മാറിയതില്‍ പ്രതിഷേധിച്ച് ഇത് എഴുതി നല്‍കണമെന്ന് സുജ ആവശ്യപ്പെട്ടു. അഭിലാഷ് ഇത് എഴുതി നല്‍കാമെന്നറിയിച്ചു.
ഇതുവാങ്ങാന്‍ ഇന്നലെ വൈകിട്ട് നാലരയോടെ താലൂക്ക് ഓഫീസിലെത്തിയ ഇവര്‍ കൈയ്യിലെ കുപ്പിയില്‍ കരുതിയിരുന്ന മണ്ണെണ്ണ സ്വന്തം ശരീരത്തിലും അഭിലാഷിന്റെ ദേഹത്തേക്കും ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചു. കണ്ടുനിന്നവര്‍ ഓടിയെത്തി തടസ്സം പിടിച്ചതിനാല്‍ അഭിലാഷിന്റെ ദേഹത്തേക്ക് തീപ്പെട്ടി ഉരച്ചിടാന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. പിടിവലിക്കിടെ സുജ ബോധരഹിതയായി കുഴഞ്ഞുവീണു. സര്‍ക്കാരുദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് സുജയ്‌ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
















