തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ബ്രേക്ക് വാട്ടര്‍ നിര്‍മാണത്തിനാവശ്യമായ താത്കാലിക റോഡിന്റെ നിര്‍മാണവും ബ്രേക്ക് വാട്ടറിന്റെ കരയില്‍ നിന്ന് 565 മീറ്റര്‍ നീളമുള്ള ഭാഗത്തിന്റെ കോര്‍ നിര്‍മാണവും 40 ശതമാനം ഡ്രഡ്ജിംഗ് ആന്റ് റിക്ലമേഷന്‍ ജോലികളും പൂര്‍ത്തിയായെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. പദ്ധതി പ്രദേശത്തിന്റെ ചുറ്റുമതില്‍ നിര്‍മാണം 800 മീറ്റര്‍ പൂര്‍ത്തീകരിച്ചു.
തൊഴില്‍ നഷ്ടപ്പെടുന്ന 211 റിസോര്‍ട്ട് തൊഴിലാളികള്‍ക്കും രണ്ടാംഘട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 143 മത്സ്യത്തൊഴിലാളികള്‍ക്കും ഉള്ള നഷ്ടപരിഹാരം വിതരണം ചെയ്തുവരുന്നുവെന്നും പദ്ധതി നടത്തിപ്പിനായി 200 കോടി രൂപ അദാനി വിഴിഞ്ഞം പ്രോജക്ട് കമ്പനിക്ക് നല്‍കി. ബാഹ്യാടിസ്ഥാന സൗകര്യവികസനത്തിനായി ദേശീയപാത 66 ആയി തുറമുഖത്തിനെ ബന്ധിപ്പിക്കുന്ന നാലുവരിപ്പാതയ്‌ക്കാവശ്യമായ ഭൂമി ഏറ്റെടുത്ത് കൈമാറി. തിരുവനന്തപുരം-നാഗര്‍കോവില്‍ റെയില്‍പ്പാതയെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന 12 കിലോമീറ്റര്‍ നീളമുള്ള റെയില്‍പ്പാതയുടെ നിര്‍മാണത്തിന് ധാരണാപത്രം ഒപ്പുവച്ച് തുടര്‍നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
















