അക്ഷരങ്ങള്‍ കൂട്ടിയെഴുതാന്‍ തുടങ്ങിയനാള്‍ മുതല്‍ അതിനോട് കൂട്ടുകൂടിയും സല്ലപിച്ചും ഭാഷകളുടെ ലോകത്തേക്ക് നിരന്തര യാത്രയിലാണ് ഐശ്വര്യ ടി. അനീഷ്. പതിനഞ്ച് വയസിനിടയില്‍ മാതൃഭാഷയായ മലയാളം ഉള്‍പ്പടെ പ്രാവീണ്യം നേടിയത് എട്ട് ഭാഷകളില്‍. ഐശ്വര്യ ഇന്ന് വെറുമൊരു വിദ്യാര്‍ത്ഥി മാത്രമല്ല. കവയത്രി, നോവലിസ്റ്റ്, അദ്ധ്യാപിക, വിദേശ പ്രസിദ്ധീകരണത്തില്‍ കോളമിസ്റ്റ്, നിരൂപക, ചിത്രകാരി… അങ്ങനെ നീളുന്നു മയൂരസന്ദേശത്തിന്റെ നാട്ടിലെ ഈ ബഹുമുഖപ്രതിഭയുടെ വിശേഷണങ്ങള്‍. ആലപ്പുഴ ഹരിപ്പാട് തൃക്കുന്നപ്പുഴ മംഗലം വാര്‍ഡില്‍ മാവനാല്‍ പുതുവല്‍ വീട്ടില്‍ അനീഷ് രാജിന്റെയും താരാഭായിയുടെയും മകളാണ് ഐശ്വര്യ.
അക്ഷരങ്ങള്‍ കൂട്ടിയെഴുതാന്‍ തുടങ്ങിയ നാള്‍മുതല്‍ ഐശ്വര്യയിലെ പ്രതിഭയെ രക്ഷിതാക്കള്‍ മനസിലാക്കിയിരുന്നു. മൂന്ന് വയസ്സുള്ളപ്പോള്‍ വീട്ടുമുറ്റത്ത് കണ്ട പൂമ്പാറ്റയെക്കുറിച്ചായിരുന്നു ഐശ്വര്യയുടെ ആദ്യ കവിത. അക്ഷരങ്ങള്‍ തികയാതെ എഴുതിയ ആ കവിത ഇപ്പോഴും അമ്മ താരാഭായിയുടെ സ്വകാര്യശേഖരത്തിലുണ്ട്.
മകള്‍ ഭാഷയുടെ ലോകത്തേക്ക് എങ്ങനെയാണ് എത്തിയതെന്ന് ചോദിച്ചാല്‍ അമ്മ പറയുന്നത് ഇങ്ങനെ; എല്‍കെജിയില്‍ പഠിക്കുമ്പോള്‍ ക്ലാസില്‍ എത്താന്‍ അല്പം താമസിച്ചു. അന്നേരം ക്ലാസില്‍ ഉണ്ടായിരുന്ന അധ്യാപിക മകളെ ഇംഗ്ലീഷില്‍ ശകാരിച്ചു. ടീച്ചര്‍ പറഞ്ഞത് അവള്‍ക്കൊന്നും മനസിലായില്ല. ആകെ മൗനത്തിലാണ് ക്ലാസില്‍ ഇരുന്നത്. വൈകിട്ട് മോള് വീട്ടിലെത്തിയപ്പോള്‍ തന്നെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു. ഒടുവില്‍ ഇംഗ്ലീഷ് പഠിപ്പിക്കാമെന്ന് അമ്മ സമാധാനിപ്പിച്ചു. പഠിച്ചേ അടങ്ങൂ എന്ന് ആ ചെറുപ്രായത്തില്‍ അവളും ശപഥമെടുത്തു. ഞാനും അവള്‍ക്കൊപ്പം ചേര്‍ന്നു. ഇതിനായി ടിവി ചാനലുകളില്‍ വന്നിരുന്ന ഇംഗ്ലീഷ് കാര്ട്ടൂണുകള് കാണാന്‍ തുടങ്ങി. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചേഷ്ടകളേക്കാള്‍ ആ കുഞ്ഞിന്റെ മനസ്സില്‍ പതിഞ്ഞത് അവരുടെ സംഭാഷണങ്ങളായിരുന്നു. ക്രമേണ മോള്‍ക്ക് ഇംഗ്ലീഷ് മനസ്സിലായിത്തുടങ്ങി.
ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങര എസ്എന്‍ ട്രസ്റ്റ് സ്കൂളില്‍ ഒന്നാം ക്ലാസില്‍ എത്തിയപ്പോഴേക്കും ഇംഗ്ലീഷ് വായിക്കാനും സംസാരിക്കാനും ഐശ്വര്യക്ക് സാധിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ വിമലയും അധ്യാപിക മായയും ഐശ്വര്യയുടെ കഴിവിനെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. ഇവര്‍ നല്കിയ പുസ്തകങ്ങളാണ് ഭാഷയുടെ ലോകത്തേക്ക് ഐശ്വര്യയെ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് ഐശ്വര്യയ്ക്ക് വായനയും കവിതചൊല്ലലും സപര്യയായി.
അക്ഷരങ്ങളോട് പ്രണയമായി. കഥയും കവിതയും കുത്തിക്കുറിക്കുന്നത് ഹരമായി
അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യ കവിത പ്രസിദ്ധീകരിച്ചു. ുീലാ100.രീാ എന്ന വെബ്സൈറ്റാണ് ഇതിനുവേണ്ടി പ്രയത്നിച്ചത്. പിന്നീട് ഇതേ സൈറ്റില്‍ത്തന്നെ നിരവധി കവിതകളും കഥകളും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. ഹൈസ്കൂളില്‍ എത്തിയതോടെ കഥയ്ക്കും കവിതയ്ക്കുമൊപ്പം ഐശ്വര്യയുടെ തൂലികയില്‍ ലേഖനങ്ങളും പിറന്നു. കുട്ടികളെ കേന്ദ്രബിന്ദുവാക്കി മൂന്ന് നോവല്‍ പൂര്‍ത്തിയാക്കിയെങ്കിലും പ്രസിദ്ധീകരിച്ചില്ല.
‘കുട്ടികളുടെ’ എഴുത്തുകാരി എന്ന് അറിയപ്പെടാന്‍ ഇഷ്ടപ്പെടാത്തതിനാലാണ് പുസ്തകം പ്രസിദ്ധീകരിക്കാത്തതെന്നാണ് ഐശ്വര്യയുടെ മറുപടി. ലോസ്റ്റ് ഇന്‍ വിന്റര്‍, പൂപ്പിബൂ, പെല്ലി സീരീസ് എന്നിവയാണ് എഴുതിയ നോവലുകള്‍. ‘ടില്‍ സണ്‍ ഡൗണ്‍’ എന്ന നോവലിന്റെ അവസാനഘട്ട രചനയിലാണ് ഇപ്പോള്‍. അമേരിക്കയിലെ ടെക്സാസിലെ മലയാളികളുടെ പ്രസിദ്ധീകരണമായ ആഴ്ചവട്ടത്തിന്റെ ഇംഗ്ലീഷ് വിഭാഗത്തില്‍ കോളമിസ്റ്റുകൂടിയാണ് ഐശ്വര്യ.
ഐശ്വര്യയെന്ന കവയത്രിയുടെ 400ല്‍ പരം കവിതകള്‍ ഇതിനകം അച്ചടിമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാസികകളിലുമായി പ്രസിദ്ധീകരിച്ചുു. അവയില്‍ 41 എണ്ണം സമാഹരിച്ച് ‘ദ ക്രസന്റ് സ്മൈല്‍’ കവിതാസമാഹാരവും പുറത്തിറങ്ങി. ഇംഗ്ലീഷ്, ഹിന്ദി, ജര്‍മന്‍, ഫ്രെഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ്, ലാറ്റിന്‍, ഗ്രീക്ക് ഭാഷകള്‍ ഐശ്വര്യയുടെ നാവിന് രുചിക്കൂട്ടാണ്. അറബി പഠിക്കാനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ സ്കൂളില്‍ ‘ഇന്റര്‍നാഷണല്‍ ബക്കാലൂറിയേറ്റ്’ (ഐബി ഡിപ്ലോമ) വിദ്യാര്‍ഥിനിയാണ്. ഉയര്‍ന്ന വിജ്ഞാന നിലവാരമുള്ള വിദ്യാര്‍ഥികള്‍ മാത്രം തെരഞ്ഞെടുക്കുന്ന ഈ കോഴ്സില്‍ ഐശ്വര്യക്ക് സഹപാഠികള്‍ രണ്ടുപേര്‍മാത്രം. ഇവിടെ ഐശ്വര്യയുടെ പഠനം സ്കോളര്‍ഷിപ്പോടെയാണ്.
ഭാഷയിലെ പ്രാവീണ്യം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനും ഐശ്വര്യ സമയം കണ്ടെത്തുന്നു. സിബിഎസ്ഇ സ്കൂളുകളില്‍ ഉള്‍പ്പെടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നുണ്ട്. സ്കൂള്‍ അധ്യാപകര്‍ക്കും ക്ലാസെടുക്കുന്നു. കോളേജ് വിദ്യാര്‍ഥികള്‍, ഐടി പ്രൊഫഷണലുകള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ഐശ്വര്യയുടെ ശിക്ഷ്യഗണത്തിലുണ്ട്. ഭാഷയാണ് കളരിയെങ്കിലും വളര്‍ന്ന് വലുതാകുമ്പോള്‍ എയ്റോനോട്ടിക് എഞ്ചിനീയര്‍ ആകണമെന്നാണ് ഐശ്വര്യയുടെ ആഗ്രഹം. മയൂരദേശം ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ 2016 ലെ പേഴ്സണ്‍ ഓഫ് ദി ഇയര്‍ ഉള്‍പ്പടെ ചെറുതും വലുതുമായി നിരവധി പുരസ്കാരങ്ങളും ഐശ്വര്യയെത്തേടി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: