പത്തനംതിട്ട: ശബരിമലയിലെ പുതിയ കൊടിമരത്തിനായി തയാറാക്കിയ തേക്കു തടി ഇന്ന് രാവിലെ ഒന്‍പതിന് പമ്പയിലെ എണ്ണത്തോണിയില്‍ നിന്നു മാറ്റും. തുടര്‍ന്ന് എണ്ണ ഊറുന്നതിന് മൂന്ന് ആഴ്‌ച്ച പമ്പയില്‍ സൂക്ഷിക്കും. 22ന് കൊടിമരം സന്നിധാനത്തേക്ക് കൊണ്ടുപോകും.
വ്രതംനോറ്റ രണ്ടായിരം പേര്‍ പല സംഘങ്ങളായി ചുമലിലേറ്റിയാണ് സന്നിധാനത്തെത്തിക്കുക.
നീലിമല, അപ്പാച്ചിമേട് പാത വഴിയാണ് സഞ്ചാരം. സ്വാമി അയ്യപ്പന്‍ റോഡില്‍ കയറ്റം കുറവെങ്കിലും വളവുകള്‍ തിരിയാനുള്ള പ്രയാസം കണക്കിലെടുത്താണിത്. മാന്നാറിലെ പണിപ്പുരയില്‍ നിന്ന് ചെമ്പുതകിടുകള്‍ ഇന്നലെ രാവിലെ പമ്പയില്‍ എത്തിച്ചു. കൊടിമരത്തില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹങ്ങളും ഒപ്പം കൊണ്ടുവന്നു. സ്വര്‍ണം പാളികളാക്കുന്ന ജോലികള്‍ പമ്പയില്‍ പുരോഗമിക്കുന്നു.
പരുമല അനന്തനാചാരി പണികള്‍ക്ക് നേതൃത്വം നല്‍കുന്നു. സ്വര്‍ണപ്പാളികള്‍ പിന്നീട് ചെമ്പു പറകളില്‍ പൊതിയും. ഹൈക്കോടതി നിരീക്ഷകന്‍ എ.എസ്.പി. കുറുപ്പിന്റെ മേല്‍നോട്ടത്തിലാണ് എല്ലാ പ്രവൃത്തികളും. സ്വര്‍ണപ്പണി മെയ് അവസാനത്തോടെ പൂര്‍ത്തിയാകും. ജൂണ്‍ 25നാണ് പുതിയ കൊടിമരം പ്രതിഷ്ഠിക്കുന്നത്.
















